ഡൗൺ സിൻഡ്രോം, അച്‌ഛനും അമ്മയ്ക്കും വേണ്ട; ആൽബയ്ക്ക് എല്ലാം ഈ വളർത്തച്ഛൻ
ഡൗൺ സിന്‍ഡ്രോം എന്ന അവസ്ഥയുമായാണ് ഇറ്റലിയിലെ ഒരു ഇടത്തരം കുടുംബത്തിൽ 2017 ൽ ആൽബ ജനിക്കുന്നത്. ഇത്തരം അവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണ ആവശ്യമാണല്ലോ.. എന്നാൽ ആൽബയുടെ അവസ്ഥ അറിഞ്ഞ മാതാപിതാക്കൾ അവളെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അവളെ പരിചരിക്കുന്നതിന് പകരം ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിശീലനം നൽകുന്ന ഒരിടത്ത് അവളെ ഏൽപ്പിക്കുകയായിരുന്നു അവർ. അങ്ങനെ മാതാപിതാക്കൾ ജീവിച്ചിരിക്കെ ആരുമില്ലാത്തവളായി ആ കുഞ്ഞ്.
നിരവധിപ്പേർ കുഞ്ഞിനെ ദത്തെടുക്കാനായി എത്തിയെങ്കിലും ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥ അറിയുമ്പോൾ അവർ അതിന് തയ്യാറാവാതെ വന്നു. അങ്ങനെ ഇരുപതോളം ദമ്പതികളാണ് അവളെ കൈയൊഴിഞ്ഞത്. അങ്ങനെയിരിക്കയാണ് ലൂക്ക ട്രാപനിസ് എന്ന സാമൂഹിക പ്രവർത്തകൻ ഈ കുഞ്ഞിനെ കുറിച്ച് അറിയാൻ ഇടയായാത്. ആ കുഞ്ഞുമാലാഖയെ കണ്ടമാത്രയിൽ തന്നെ ലൂക്ക അവളെ ദത്തെടുക്കാൻ തീരുമാനിച്ചു.
സ്വവർഗാനുരാഗിയായ ലൂക്കയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഒരുപാട് നിയമ തടസ്സങ്ങളുണ്ടായിരുന്നു. അവയെല്ലാം തരണം ചെയ്ത് കുഞ്ഞ് ആൽബയെ ലൂക്ക സ്വന്തമാക്കി. വെറു ദിവസങ്ങൾ മാത്രമായിരുന്നു അപ്പോൾ ആൽബയുടെ പ്രായം. കുഞ്ഞുമൊത്തുള്ള ജീവിതം തന്നെ ജീവതത്തെക്കുറിച്ച് ഏറെ കാര്യങ്ങൾ പഠിപ്പിച്ചുവെന്ന് ലൂക്ക. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞെന്നതിലുപരി അവളുടെ കഴിവുകൾ തിരിച്ചറിയാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറയുന്നു. ഡൗണ്‍ സിന്‍ഡ്രോം ഒരു രോഗമല്ലെന്നും അതൊരവസ്ഥ മാത്രമാണെന്നും അവരോട് അത്തരമൊരു സമീപനം അരുതെന്നും ലൂക്ക പറയുന്നു.
മകളുമൊത്തുള്ള സുന്ദര നിമിഷങ്ങളുടെ വിശേഷങ്ങളും വിഡിേയാകളുമൊക്കെ ലൂക്ക സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ആൽബയുടെ ആ മുഖം കണ്ടാൽ തന്നെയറിയാം ആ അച്ഛനൊപ്പം അവൾ എത്ര സന്തോഷവതിയാണെന്ന്. ലൂക്കയുടെ മനസിന്റെ നന്മയെ പ്രശംസിച്ച് നിരവധി ആളുകളാണ് എത്തുന്നത്. ഒരു നല്ല അച്ഛൻ എന്നതിന് ഏറ്റവും നല്ല മാതൃകയാണ് ലൂക്ക എന്നാണ് അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്.