സച്ചിൻ പറയുന്നതുപോലെ അവധിക്കാലം ആഘോഷിച്ചാലോ?
അവധിക്കാലം നിങ്ങളുടേതാണ്. ഏതുവിധത്തിലും അത് ആഘോഷിക്കൂ, പക്ഷേ, മുറിക്കകത്ത് അടച്ചിരുന്നുള്ള അവധിക്കാലം നമുക്കുവേണ്ട... പറയുന്നതു സാക്ഷാൽ
സച്ചിൻ തെൻഡുൽക്കർ. അവധിക്കാലം എങ്ങനെ വിനിയോഗിക്കണമെന്ന് കൂട്ടുകാർക്കുവേണ്ടി എഴുതുന്നൂ, ക്രിക്കറ്റ് ഇതിഹാസം
സച്ചിൻ തെൻഡുൽക്കർ...
ലോകത്തുള്ള എല്ലാ കുട്ടികളെയുംപോലെ തന്നെ ആയിരുന്നു ഞാനും. അവധിക്കാലം അടിപൊളിക്കാലം. കൊല്ലപ്പരീക്ഷയുടെ അവസാനദിവസം പരീക്ഷാഹാളിൽനിന്നു പുറത്തേക്ക് ഓടുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്. വീട്ടിലെത്തിയാലുടൻ എന്റെ മുറിയുടെ മൂലയിലേക്ക് പെൻസിൽബോക്സും ക്ലിപ് ബോർഡും വലിച്ചെറിയും. അടുത്ത 2 മാസത്തേക്ക് സ്കൂൾ ബാഗ്, പുസ്തകങ്ങൾ എന്നിവയ്ക്കൊപ്പം അവയ്ക്കു വിശ്രമം. പിന്നെ തൊടുകപോലുമില്ല. യൂണിഫോം മാറാതെ ക്രിക്കറ്റ് ബാറ്റുമെടുത്ത് ഒരോട്ടമാണ്. എന്റെ വേനലവധികൾ കളികളാൽ നിറഞ്ഞതായിരുന്നു. വായിൽ വെള്ളമൂറുന്ന മാമ്പഴരുചികളും വടാപാവും നാരങ്ങാവെള്ളവുമെല്ലാം അതിനൊപ്പം ഉണ്ടായിരുന്നു.
കൂട്ടുകാരേ, ഇപ്പോഴിതാ നമ്മളെല്ലാം വേനലവധിയിലാണ്. ഈ സമയം നിങ്ങളുടേതാണ്. നിങ്ങളുടേതു മാത്രം. അതു നിങ്ങൾ വേണ്ടവിധം ഉപയോഗിക്കുന്നു എന്നുറപ്പാക്കണം. അവനവനെ കണ്ടെത്താനുള്ള ദിവസങ്ങളാവണം ഇത്. നിങ്ങളുടെ ചുറ്റുപാട് എങ്ങനെയുള്ളതാണെന്നു കണ്ടെത്താനും ഈ ദിവസങ്ങൾ ഉപയോഗിക്കണം. സ്വന്തം വ്യക്തിത്വം വികസിപ്പിക്കുന്നതിനൊപ്പം അതിൽ രസംകണ്ടെത്താനും കഴിയുന്നതു നല്ലതല്ലേ? ഈ അവധിക്കാലത്തു നിങ്ങൾ സ്വായത്തമാക്കുന്ന ചിലതു ഭാവിയിൽ നിങ്ങളുടെ തൊഴിലായി മാറുകയില്ലെന്ന് ആർക്കറിയാം... ഞാൻ അവധിക്കാലത്തു കളിച്ചിരുന്ന ക്രിക്കറ്റ് എന്റെ തൊഴിലായി മാറിയതുപോലെ. ഇന്ത്യയ്ക്കായി ലോകകപ്പ് നേടിയതുപോലെ. എന്റെ ക്രിക്കറ്റിന്റെ തുടക്കം ഒരു വേനലവധിക്കാലത്ത് ആയിരുന്നു!!!
അവധിക്കാലം എങ്ങനെയെല്ലാം വിനിയോഗിക്കാം എന്നു നോക്കാം. അതിനു പ്രത്യേകിച്ചു മാന്ത്രിക ഫോർമുലയൊന്നുമില്ല. ലളിതമായി ചെയ്യാം. നിങ്ങൾക്ക് ഈ അവധിക്കാലത്തു ചെയ്യാവുന്ന കാര്യങ്ങൾ 3 ആക്കി തിരിക്കുക: കല, യാത്ര, സ്പോർട്സ്.
∙കലയിലാണു കമ്പമെങ്കിൽ സംഗീതം, നൃത്തം, അഭിനയം, ചിത്രരചന എന്നിങ്ങനെ പലതും കണ്ടെത്താം. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ പുതിയൊരാളെ കണ്ടെത്താൻ അതു സഹായിക്കും. തീർന്നില്ല, ശരിക്കും റിലാക്സ് ചെയ്യാനും സ്കൂൾ തുറന്നുശേഷവും അതു തുടരാനും ഉപകരിക്കും. ഞാൻ സംഗീതം പഠിച്ചിട്ടില്ല. പക്ഷേ, ടെൻഷൻ അടിപ്പിക്കുന്ന മൽസരങ്ങളുടെ തയാറെടുപ്പു വേളകളിൽ റിലാക്സ് ചെയ്യാൻ സംഗീതം സഹായിച്ചിട്ടുണ്ട്. അതു കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ ടെൻഷൻ കുറയും. കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അതു നിങ്ങളുടെ തലച്ചോറിന്റെ വലതുവശത്തെ കൂടുതൽ സജീവമാക്കും, രൂപപ്പെടുത്തും. കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറാൻ ഇടയാക്കും.
∙യാത്രകൾ: ലോകത്തെക്കുറിച്ച് എത്രയെത്ര പഠിക്കാനുണ്ടെന്നു യാത്രകൾ നമ്മെ ബോധ്യപ്പെടുത്തും. പുതിയ സംസ്കാരങ്ങൾ, പുതിയ ആളുകൾ, പിന്നെ തീർച്ചയായും വൈവിധ്യമേറിയ ഭക്ഷണം എന്നിവയെല്ലാം പരിചയപ്പെടാനുള്ള അവസരമാണു യാത്രകൾ. യാത്ര തീർത്തും വ്യത്യസ്തമായൊരു നഗരത്തിലേക്ക് ആവണമെന്നില്ല. സ്വന്തം നഗരത്തിലെ തന്നെ ചില പ്രത്യേക ഇടങ്ങളിലേക്കു പോയാലും മതി. പരിചയപ്പെടുന്ന കാഴ്ചകൾ നന്നായി ഓർമയിൽ പിടിച്ചുവയ്ക്കണം. സ്കൂൾ തുറന്നശേഷം കൂട്ടുകാരുമായി പങ്കുവയ്ക്കാമല്ലോ. രസകരമായ കഥകൾ അവരുമായി കൈമാറാമല്ലോ.
∙സ്പോർട്സ്: എന്റെ ഇഷ്ട വിഷയം. മുൻപു പറഞ്ഞ 2 കാര്യങ്ങളും നമുക്ക് പല പുതിയ അനുഭവങ്ങളും തരുമെങ്കിലും സ്പോർട്സ് വ്യത്യസ്തമാണ്. അതു നിങ്ങളെ ശാരീരികമായും മാനസികമായും വൈകാരികമായും ചലനാത്മകമാക്കും, നിറയ്ക്കും. പഠിക്കാൻ ഒട്ടേറെയുണ്ട്. മൽസരത്തിന്റെ ലോകമാണത്. നേതൃത്വഗുണം വളർത്തും. ടീം നിർമിതി, രൂപപ്പെടുത്തൽ തുടങ്ങിയ പാഠങ്ങൾ ലഭിക്കും. വിജയത്തിനായുള്ള ദാഹം, അധ്വാനം എന്നിവ ശീലിപ്പിക്കും. ഏതു കായിക ഇനമാവട്ടെ, അതിനുവേണ്ടി സമയം ചെലവിടുക. ആസ്വദിക്കുക. ആസ്വദിക്കുമ്പോൾ അതിൽ നിങ്ങൾ മുഴുകാൻ തുടങ്ങും, തുടർച്ചയായി. സ്കൂൾ തുറന്നാലും അതു തുടരാനാവും. ഞങ്ങളുടെ കോളനിയിൽ കൂട്ടുകാരുമൊത്ത് വേനലവധിക്കാലത്തു ക്രിക്കറ്റ് കളിച്ചതിലൂടെ കളിയോടുള്ള വിശപ്പ് ഞാൻ വർധിപ്പിക്കുകയായിരുന്നു, അതിലൂടെ കൈവരിച്ചതാവട്ടെ വിലപിടിച്ച ആത്മവിശ്വാസമാണ്. നിങ്ങൾ കായികതാരം ആവുമായിരിക്കാം, ആയില്ലെന്നുംവരാം. പക്ഷേ കായികവേദിയിൽനിന്നു ലഭിക്കുന്ന വ്യക്തിഗുണങ്ങൾ ജീവിതത്തിലെ മറ്റെല്ലാ മേഖലകളിലും സഹായകമാകും.
അതുകൊണ്ട്, കൂട്ടുകാരേ... ഈ അവധിക്കാലത്ത് നിങ്ങളിലുള്ള മികച്ച വ്യക്തിയെ പുറത്തെടുക്കാൻ ശ്രമിക്കൂ. ജീവിതത്തിൽ സജീവമാകൂ, ആരോഗ്യമുള്ളവരാകാൻ ശ്രമിക്കൂ. അവധിക്കാലത്തിന്റെ യഥാർഥ രസം കണ്ടെത്താൻ ശ്രമിക്കൂ....