കുഴല്‍ക്കിണറില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ റോബോട്ട്; ഇവർ മിടുമിടുക്കർ
തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയുടെ മരണം ഒരു ഞെട്ടലോടെയേ ഒാർക്കാനാകൂ. കുഴൽക്കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷപ്പടുത്താൻ ഫലപ്രദമായ മാർഗങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഈ അവസരത്തിലാണ് കുന്നംകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ രണ്ട് കുട്ടികൾ വികസിപ്പിച്ചെടുത്ത
റോബട്ടിന്റെ പ്രസക്തി. കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിയ്ക്കാൻ റോബട്ട് വികസിപ്പിച്ചിരിക്കുകയാണ് വിദ്യാർഥികൾ.
തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയുടെ മരണം ഓർമയിൽ നിൽക്കുന്നതു കൊണ്ടാകണം, ഈ റോബട്ടിനു മുന്നിൽ കാഴ്ചക്കാരുടെ കൂട്ടമായിരുന്നു. ഇതു വികസിപ്പിച്ചത് എറണാകുളം സൗത്ത് വാഴക്കുളം ജിഎച്ച്എസ് സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികളായ ശിവദേവ് മനു, സൂര്യ ജോസ് എന്നിവരാണ്.
ഹൈസ്ക്കൂൾ വർക്കിങ് മോഡൽ വിഭാഗത്തിലെ ഒന്നാം സ്ഥാനം ഇതുവഴി അവർ കരസ്ഥമാക്കി. റിമോട്ടിലാണു റോബട് നിർദേശങ്ങൾ നൽകുക. ക്യാമറ, ഓക്സിജൻ സിലിണ്ടർ, കുട്ടിയെ ഉയർത്താനുള്ള യന്ത്രക്കൈകൾ, കുട്ടിക്ക് സന്ദേശം കൈമാറാനായി മൈക്കും സ്പീക്കറും എന്നിവയാണ് സംവിധാനത്തിലടങ്ങിയ ഉപകരണങ്ങൾ. കിണറ്റിലേക്കിറങ്ങുന്ന റോബട്ടിനെ മുകളിലിരുന്ന് മോണിറ്ററിലൂടെ നിരീക്ഷിച്ചു റിമോട്ട് വഴി നിയന്ത്രിക്കാം. കൈകൾക്ക് 360 ഡിഗ്രി തിരിയാനുള്ള ശേഷിയുണ്ട്. ഇവ വീണു കിടക്കുന്ന കുട്ടിയെ സുരക്ഷിതമായി ചുറ്റിപ്പിടിക്കും. തുടർന്ന് മോട്ടറുമായി ഘടിപ്പിച്ചിട്ടുള്ള വിഞ്ച് കേബിളുകൾ ഉപയോഗിച്ച് റോബട്ടിനെ പുറത്തേക്കു വലിച്ചെടുക്കും. റോബട് പുറത്തെത്തുമ്പോൾ കൈയിൽ സുരക്ഷിതനായി കുട്ടിയുമുണ്ടാകും.
കഴിയുന്നത്ര ചെലവു കുറച്ചു നിർമിക്കാനാണു വിദ്യാർഥികൾ ലക്ഷ്യമിട്ടത്. പിസിബി ബോർഡ്, ക്യാമറ തുടങ്ങിയ ഭാഗങ്ങളിൽ പലതും വാങ്ങിയത് ആക്രിക്കടയിൽ നിന്നാണ്. റോബട്ടിനായി ആകെ 5000 രൂപ ചെലവായി. വികസിപ്പിച്ചെടുക്കാൻ 1 മാസം സമയവും.
Summary : School students develop robot to help kids trapped borewell