ലിനി...നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ; വേദനയോടെ സജീഷ്. Seven Year Old CEO. Ryan. Recycling Company, Manorama Online

വയസ്സ് എട്ട്, സ്വന്തമായി കമ്പനി; റയാനെ കണ്ടു പഠിക്കണം!

ശ്രീപ്രസാദ്

കലിഫോർണിയയിലെ സാൻജുവാൻ കാപിസ്ട്രാനോയുടെ തെരുവിലൂടെ ആ കുഞ്ഞു സൈക്കിളിന്റെ ണിംണിം ശബ്ദം കേൾക്കുമ്പോൾ ആളുകൾ മനസിൽ പറയും. അതാ റയാൻ ഹിക്മാൻ എന്ന കൊച്ചുമിടുക്കൻ വരുന്നു, വേഗം പ്ലാസ്റ്റിക് ബോട്ടിലുകൾ ഒരു കവറിലാക്കി വയ്ക്കാം. അതു ശേഖരിക്കാനാണ് അവൻ വരുന്നത്. അതെ, വെറും ഏഴു വയസുള്ള റയാന് പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റുകളിൽ എത്തിക്കുന്നതാണ് ഹരം.

മൂന്നാം വയസിൽ തുടങ്ങിയതാണ് അവൻ ഈ ജോലി. ചെറിയ വരുമാനമുള്ള പ്ലാസ്റ്റിക് റീസൈക്ലിങ് സ്ഥാപനമായി വളർന്നിരിക്കുന്നു ഇന്ന് അത്. ബിസിനസ് തുടങ്ങാൻ പ്രായം ഒരു പ്രശ്‌നമല്ലെന്ന് അടിവരയിടുന്നു റയാന്റെ ജീവിതം. ഒരു പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് സന്ദർശിച്ചതോടെയാണ് റയാന്റെ കുഞ്ഞു ജീവിതം മാറിമറിയുന്നത്. അയൽവക്കത്തെ വീടുകളിൽ നിന്നു തന്റെ സൈക്കിളിൽ നടന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചായിരുന്നു തുടക്കം. സ്‌കൂളിൽ ചെന്നാലും വിശ്രമമില്ല. സ്‌കൂൾ വൃത്തിയാക്കുന്ന ജോലിക്കാർക്കൊപ്പം പ്ലാസ്റ്റിക് വേർതിരിക്കാൻ റയാനും കൂടുന്നത് പതിവായി. കൂടാതെ കൂട്ടുകാരെയും അതിനായി പ്രേരിപ്പിച്ചു.

ഓരോ ആഴ്ചയും ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ റയാന്റെ അച്ഛൻ തന്നെയാണ് ഒന്നിച്ച് പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിൽ എത്തിക്കുന്നത്. ഇപ്പോൾ ഏഴു വയസുണ്ട് റയാന്. ഇതുവരെ രണ്ടു ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ അവൻ ശേഖരിച്ചിട്ടുണ്ട്. അതിൽനിന്നു കിട്ടിയ 11000 ഡോളർ തന്റെ കോളജ് വിദ്യാഭ്യാസത്തിനായി കൂട്ടിവച്ചിരിക്കുകയാണ് റയാൻ. റയാൻസ് റീസൈക്ലിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ് ഈ കുട്ടിബിസിനസുകാരൻ.

റയാൻസ് എന്ന ബ്രാൻഡിൽ ടീഷർട്ട് ഇറക്കി അതു വിറ്റുകിട്ടുന്ന തുക മൽസ്യങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് നൽകുകയും ചെയ്യുന്നു അവൻ. ചെറുപ്രായത്തിലേ ഇത്രയും നേട്ടങ്ങൾ കൊയ്ത റയാന്റെ ഇപ്പോഴത്തെ ഏറ്റവും വലിയാ അഗ്രഹം എന്താണെന്നോ... മാലിന്യം ശേഖരിക്കുന്ന ഒരു വലിയ ട്രക്ക് സ്വന്തമായി വാങ്ങുക.