ക്രിസ്മസ് സമ്മാനമായി കിട്ടിയ എയർപോഡ് വിഴുങ്ങി ഏഴുവയസുകാരൻ !
ചെറിയ കളിപ്പാട്ടങ്ങളും അതിനുള്ളിലെ ബാറ്ററികളുമൊക്കെ കുട്ടികൾക്ക് അപകടകരമാണെന്ന് നമുക്കറിയാം. ഇത്തരം ചെറിയ വസ്തുക്കൾ വിഴുങ്ങിയും മൂക്കിനുള്ളിലും ചെവിയ്ക്കുള്ളിലുമൊക്കെ കയറ്റിയും ധാരാളം കുട്ടികൾ അപകടത്തിലായിട്ടുണ്ട്. ചെറിയ വസ്തുക്കൾ കുട്ടികൾക്കു കളിക്കാനായി നൽകുമ്പോൾ വളരേയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇപ്പോഴിതാ കളിച്ചു കൊണ്ടിരിക്കെ ഏഴുവയസുകാരൻ എയർപോഡ് വിഴുങ്ങിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജോർജിയ സ്വദേശിയാ കിയാരയുടെ മകനാണ് ക്രിസ്മസ് സമ്മാനമായി കിട്ടിയ എയർപോഡ് വിഴുങ്ങിയത്. കുട്ടിയുടെ എക്സ് റെ ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കിലാണ് കിയാര ഇക്കാര്യം പങ്കുവച്ചത്. കുട്ടികൾക്ക് ഇത്തരം സാധനങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കണമെന്നും അവര്‍ പറയുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 29 ന് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കിയാരയ്ക്ക് എമർജൻസി ഫോൺ വന്നത്. ഒരു മിന്നൽ ഉള്ളിലൂടെ പാഞ്ഞെന്നും ഓടി ആശുപത്രിയിലെത്തിയപ്പോഴാണ് മകൻ എയർപോഡ് വിഴുങ്ങിയത് അറിഞ്ഞതെന്നും അവർ കുറിച്ചു. അടിയന്തര നടപടിയിലൂടെ ഡോക്ടർമാർ എയർപോഡ് പുറത്തെടുത്തപ്പോഴാണ് സമാധാനമായതെന്നും അവർ കുറിപ്പിൽ പറയുന്നു.