പെൺമക്കൾ ക്രിക്കറ്റ് കളിക്കേണ്ടെന്ന് അഫ്രീദി; അമ്പരന്ന് ആരാധകർ
കായികതാരങ്ങളുടെ മക്കൾ അവരെ അനുഗമിച്ച് അതേ രംഗത്തെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ മക്കളെ പൊതുവിടത്തിൽ ഒരു കായികമൽസരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു പറയുകയാണ് പാക് ക്രിക്കറ്റർ ഷാഹിദ് അഫ്രീദി.
തന്റെ നാലുപെൺമക്കളെയും ക്രിക്കറ്റ് പോലെയുള്ള കായികമൽസരങ്ങൾക്ക് ഒരിക്കലും വിടില്ലെന്ന് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാൻ ക്രിക്കറ്റിലെ ഓൾറൗണ്ടറായ അഫ്രീദിയുടെ വാക്കുകൾ കുറച്ചൊന്നുമല്ല നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത്.
ഏപ്രിൽ 30ന് പുറത്തിറക്കിയ ആത്മകഥയിലാണ് അഫ്രീദി കായികപ്രേമികളെയും തന്റെ ആരാധകരെയും ഞെട്ടിച്ച പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. പഠിക്കാൻ മിടുക്കികളായ നാലു പെൺകുട്ടികളെയും ഒരു കാരണവശാലും പുറത്തുള്ള കളികൾക്കു വിടില്ലെന്നും അവർക്കു താൽപര്യമുണ്ടെങ്കിൽ വീടിനകത്തുള്ള കളികൾ കളിക്കാമെന്നും അഫ്രീദി എഴുതിയിരിക്കുന്നു.
‘അക്സ പത്താംക്ലാസിലും അൻഷ ഒൻപതാം ക്ലാസിലുമാണ്. അവർ പഠനത്തിൽ മിടുക്കരാണ്. അജ്വയും അസ്മരയും ചെറിയ കുട്ടികളാണ്. അവരുടെ താൽപര്യങ്ങൾ എന്താണെന്ന് അറിയാറായിട്ടില്ല. എന്തുതന്നെയായാലും മക്കൾ പൊതുവിടത്തിൽ ഒരു കായികമൽസരത്തിൽ പങ്കെടുക്കില്ല’ എന്ന് അഫ്രീദി എഴുതിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇതിനെതിരെ വിമർശനം ഉയർന്നതോടെ വീണ്ടും തന്റെ നിലപാട് താരം വ്യക്തമാക്കി. മതപരവും സാമൂഹികപരവുമായ ഘടകങ്ങൾ മനസ്സിൽ ഉള്ളതുകൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. തന്നെ യാഥാസ്ഥിതികനായ പിതാവെന്നു ഫെമിനിസ്റ്റുകൾ വിളിക്കുമായിരിക്കും. അത് പ്രശ്നമില്ലെന്നും തന്റെ തീരുമാനത്തോട് ഭാര്യയ്ക്കും യോജിപ്പാണെന്നും അഫ്രീദി പറയുന്നു.