ഓട്ടിസം ബാധിച്ച കുട്ടിയും വളർത്തുനായ്ക്കളുമായുള്ള ബന്ധം വ്യക്തമാക്കി 'ഇനു'
ലക്ഷ്മി നാരായണൻ
വളർത്തുനായ്ക്കളും മനുഷ്യരും തമ്മിലുള്ള ഊഷ്‌മളമായ ബന്ധം തെളിയിക്കുന്ന നിരവധി സിനിമകളും ഷോർട്ട്ഫിലിമുകളും നാം ഇതിനോടകം കണ്ടിട്ടുണ്ട്. ഈ ശ്രേണിയിലെ വ്യത്യസ്തമായ അനുഭവമാകുകയാണ് മാസ്റ്റർ നിരഞ്ജൻ അഭിനയിച്ച 'ഇനു' എന്ന ഹ്രസ്വചിത്രം. ഓട്ടിസം ബാധിച്ച, ഹൈപ്പർ ആക്റ്റിവായ ഒരു കുട്ടി നേരിടുന്ന പ്രശ്നങ്ങളും, മകനെ ഒന്ന് അടുത്തിരിക്കുന്നു സ്നേഹിക്കാൻ കഴിയാനാവാതെ അമ്മ അനുഭവിക്കുന്ന വിഷമതകളും കൂട്ടിന് ഒരു വളർത്തു നായ എത്തുന്നതോടെ ഓട്ടിസം ബാധിച്ച കുട്ടിക്ക് വരുന്ന നല്ല മാറ്റങ്ങളുമാണ് 'ഇനു' എന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തം.
അമീർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രം ടൊർണാഡോ എന്ന സർവീസ് ഡോഗിന്റേയും ഓട്ടിസം ബാധിച്ച കായ് എന്ന കുട്ടിയുടെയും ജീവിതത്തിലുണ്ടാക്കിയ പോസിറ്റിവായ മാറ്റങ്ങളുടെ ദൃശ്യാവിഷ്ക്കരമാണ്. നമ്മുടെ നാട്ടിൽ വളർത്തുനായ എന്നാൽ വീട് കാവലിനും കള്ളനെ പിടിക്കാനും മാത്രമുള്ള ഒന്നാണെന്ന ചിന്തയാണ് പലർക്കും. ഈ ചിന്ത അടിസ്ഥാന രഹിതമാണെന്നും ഒരു വളർത്തുനായക്ക് ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയുമെന്നും 'ഇനു' എന്ന ഈ ചിത്രത്തിലൂടെ അമീർ വ്യക്തമാക്കുന്നു.
അമ്മയോട് തീരെ അടുക്കാതെ, ചിരിക്കാനോ കളിക്കാനോ നിൽക്കാതെ എന്തിനോടും ദേഷ്യം കാണിക്കുന്ന, എല്ലാ വസ്തുക്കളും നശിപ്പിക്കുന്ന സ്വഭാവമുള്ള കുട്ടി, തനിക്ക് കൂട്ടായി ഒരു നായ എത്തുന്നതോടെ ആകെ മാറുന്നു. അവനിൽ ചിരിയും കളിയും തിരിച്ചെത്തുകയും ഹൈപ്പർ ആക്റ്റിവ് സ്വഭാവം മാറുകയും ചെയ്യുന്നു.
പ്രശസ്തയായ അനിമൽ വെൽഫെയർ ആക്റ്റിവിസ്റ്റും സേവ് എ ലൈഫ് എന്ന സംഘടനയുടെ സ്ഥാപകയുമായ സാലി വർമയുടേയും ഭർത്താവ് കണ്ണൻ നാരായണന്റേയും മകനാണ് 10 വയസ്സുകാരനായ നിരഞ്ജൻ. സ്പു എന്ന് വിളിക്കുന്ന നിരഞ്ജന്റെ യഥാർത്ഥ ജീവിതവും വളർത്തുനായ്ക്കളുമായി ഇടകലർന്നുള്ളതാണ്. ചെറുപ്പം മുതൽക്ക് നായ്ക്കളോടും മറ്റ് ജീവികളോടും ഏറെ അനുകമ്പയുള്ള നിരഞ്ജൻ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നു.
ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മയായി അഭിനയിച്ചത് നിരഞ്ജന്റെ 'അമ്മ സാലി വർമ്മ തന്നെയാണ്. സർവീസ് ഡോഗ്സ് എന്ന രീതി നമ്മുടെ നാട്ടിൽ അധികം പ്രസക്തിയാർജിച്ചിട്ടില്ല. എന്നാൽ വിദേശ രാജ്യങ്ങളിലും ബാംഗ്ലൂർ പോലുള്ള ഇന്ത്യൻ നഗരങ്ങളിലും ഈ ആശയം വേരുറച്ചു കഴിഞ്ഞു. അന്ധർക്കും ഓട്ടിസം ബാധിച്ചവർക്കും സഹായത്തിനായി പ്രത്യേക പരിശീലനം ലഭിച്ച വളർത്തു മൃഗങ്ങളെ ഉപയോഗിച്ച് വരുന്നു.
തൃശ്ശൂരിൽ അച്ഛനമ്മമാർക്കൊപ്പം താമസമാക്കിയ നിരഞ്ജൻ, സൽസബീൽ സെൻട്രൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മോഹൻലാലിനൊപ്പം നിരഞ്ജൻ അഭിനയിച്ച പരസ്യ ചിത്രം ഇപ്പോൾ യുട്യൂബിൽ ഹിറ്റാണ്. അമ്മു എന്ന വളർത്തുനായയാണ് നിരഞ്ജനൊപ്പം ഇനുവിൽ അഭിനയിക്കുന്നത്.