ലാപ്ടോപ്പ് വേണ്ട; കുട്ടികൾക്ക് ഉടുപ്പുകൾ വാങ്ങി നൽകി സിമിയും സഫയും, Flood relief camp, Simi, Safa, Social Media, Viral Post, Manorama Online

ലാപ്ടോപ്പ് വേണ്ട; കുട്ടികൾക്ക് ഉടുപ്പുകൾ വാങ്ങി നൽകി സിമിയും സഫയും

സിമിയും സഫയും കഴിഞ്ഞ നാലു വർഷമായി സ്വരുക്കൂട്ടി വച്ചിരുന്നതായിരുന്നു ആ 24,800 രൂപ. ഒന്നുകിൽ ഇലക്ട്രിക് സ്കൂട്ടർ, അല്ലെങ്കിൽ ലാപ്ടോപ് ഇവ വാങ്ങാനായിരുന്നു ആ പണം അവർ കരുതി വച്ചത്. ബന്ധുക്കൾ പെരുന്നാൾ സമ്മാനമായി നൽകിയതായിരുന്നു ആ പണം. കഴിഞ്ഞ ദിവസം ‘വാപ്പി’യുടെ കൂടെ പ്രളയ ദുരിതാശ്വാസ ക്യാംപുകളിൽ ചെന്നപ്പോൾ പക്ഷേ, അവരുടെ മനസ്സു മാറി. അൻവർ സാദത്ത് എംഎൽഎയുടെ മക്കളാണ് കടുങ്ങല്ലൂർ രാജശ്രീ സ്കൂൾ 10, 5 ക്ലാസുകളിൽ പഠിക്കുന്ന സിമി ഫാത്തിമയും സഫ ഫാത്തിമയും.

സ്വന്തം ആവശ്യത്തിനു മാറ്റിവച്ച തുക വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്നവർക്കു കൊടുക്കാൻ ആഗ്രഹം. കലക്ടർ എസ്. സുഹാസിനെ ബന്ധപ്പെട്ടപ്പോൾ പണമായി വാങ്ങാൻ ബുദ്ധിമുട്ടുണ്ടെന്നും സാധനങ്ങളായി തന്നാൽ സ്വീകരിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് ഉമ്മ സബീനയ്ക്കൊപ്പം പോയി വസ്ത്രങ്ങൾ വാങ്ങി. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് മുങ്ങിയതിനെ തുടർന്ന് എം.എൽ.എയും കുടുംബവും മൂന്ന് ദിവസത്തേക്ക് യു.സി കോളേജിലെ ക്യാമ്പിലായിരുന്നു. പ്രളയം ബാധിച്ചവരുടെയും ക്യാമ്പിൽ കഴിയുന്നവരുടെയും ദുരിതങ്ങളെല്ലാം ഇരുവരും നേരിട്ട് മനസിലാക്കിയിട്ടുണ്ട്

കുട്ടികളുടെ ത്യാഗ സന്നദ്ധത മനസ്സിലാക്കിയ കടയുടമ 37,000 രൂപയുടെ വസ്ത്രങ്ങൾ നൽകി. ബാക്കി ഡിസ്കൗണ്ട്. രണ്ടുപേർക്കും ഓരോ വർണക്കുടയും അദ്ദേഹം സമ്മാനിച്ചു. വസ്ത്രങ്ങൾക്കൊപ്പം ആ കുടകളും കുട്ടികൾ കലക്ടറെ ഏൽപിച്ചു.