മരണമൊളിപ്പിച്ച 'സ്കൾ ബ്രേക്കർ  ചാലഞ്ച്'; കെണിയിൽ വീഴുന്ന കുട്ടികൾ, ഭയപ്പെടുത്തുന്ന വിഡിയോ! , Skull breaker challenge, tripping jump challenge, most dangerous in Tik Tok, Social media, Kidsclub, Manorama Online

മരണമൊളിപ്പിച്ച 'സ്കൾ ബ്രേക്കർ ചാലഞ്ച്'; കെണിയിൽ വീഴുന്ന കുട്ടികൾ, ഭയപ്പെടുത്തുന്ന വിഡിയോ!

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു അതിഭീകരമായ ഒരു ചാലഞ്ചാണ് 'സ്കൾ ബ്രേക്കർ ചാലഞ്ച്'. സോഷ്യൽ മീഡിയ ആപ്പ് ആയ ടിക് ടോക്കിൽ പ്രചരിക്കുന്ന അത്യന്തം അപകടകരമായെ ഈ ചാലഞ്ചിനെതിരെ നിരവധി ആളുകളാണ് എത്തിയിരിക്കുന്ന്. ടീനേജ് പ്രായക്കാരേയും കുട്ടികളേയും ആകർഷിക്കുന്ന ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണിപ്പോൾ. മുൻപ് വൈറലായിരുന്ന മോമോയേയും കികി ചലഞ്ചിനേയും കടത്തി വെട്ടും ഈ ചാലഞ്ച്.

ചലഞ്ചിൽ ആദ്യം മൂന്ന് പേർ നിരന്നു നിൽക്കും, പിന്നെ ഇരുവശത്തും നിൽക്കുന്നവർ മുകളിലേയ്ക്ക് ചാടും നടുക്കു നിൽക്കുന്നയാൾ അപ്പോൾ വെറുതെ നിൽക്കും. പിന്നെ നിൽക്കുന്നയാൾ ചാടുമ്പോൾ മറ്റ് രണ്ടുപേർ അയാളുടെ കാലിൽ ശക്തിയായി തട്ടുന്നു. അതോടെ അയാൾ തലയടിച്ച് താഴെ വീഴുകയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ അത്യന്തം അപകടകരമായ ഇതിൽ മരണം പോലും സംഭവിക്കാം. തല തറയിലിടിച്ച് നിരവധി ഗുരുതരമായ അപടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിക് ടോക്കിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ താഴെ വീണ ആൾ ബോധരഹിതനാകുന്നതും മറ്റുള്ളവർ അയാളെ കാലിൽ പിടിച്ച് വലിച്ചുകൊണ്ടു പോകുന്നതും കാണാം.

'ട്രിപ്പിൾ ജംമ്പ് ചാലഞ്ച്' എന്നും അറിയപ്പെടുന്ന ഇതു മൂലം അമേരിക്കയിലും യൂറോപ്പിലും നിരവധിപ്പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ശക്തമായ ഈ വീഴ്ചയിൽ ബോധം മറയുന്നതിനൊപ്പം ശരീരത്തിലെ എല്ലാ എല്ലുകളും ഒടിയാനും കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു.

യുവാക്കളുടേയും സ്കൂൾ കുട്ടികളുടേയും ഇടയിൽ ഈ ചാലഞ്ച് വ്യാപകമാകാൻ തുടങ്ങിയതോടെ നിരവധി മാതാപിതാക്കൾ ഇതിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇടുകയുണ്ടായി. ഇത് അനുകരിക്കരുതെന്നും സ്കൂളുകളിലും മറ്റും കുട്ടികൾക്കിടയിൽ ഇതിനെതിരെ ബോധവത്ക്കരണം വേണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.



Summary : Skull breaker challenge most dangerous video in tik tok