കൃത്യമായി കേസെടുത്താൽ എല്ലാവരും പെടും; കുട്ടികളെ തല്ലി വളർത്തുന്ന സംസ്കാരം മാറണം, Appani Sarath, Daughter, Manorama Online

കൃത്യമായി കേസെടുത്താൽ എല്ലാവരും പെടും; കുട്ടികളെ തല്ലി വളർത്തുന്ന സംസ്കാരം മാറണം ‍

കുഞ്ഞുങ്ങൾക്കെതിരെ നടക്കുന്ന ക്രൂരതകൾ വാർത്തയാകുമ്പോൾ ഹൃദയം നുറുങ്ങുന്നവരാണ് നമ്മളിലേറെപ്പേരും. എന്നാൽ കുട്ടികളെ തല്ലാത്തവരും വഴക്കു പറയാത്തവരും ഉണ്ടോ? തന്റെ കുട്ടിയെ വഴക്കു പറയാനും തല്ലാനുമൊക്കെയുള്ള അവകാശം തങ്ങൾക്കുണ്ടെന്നു വാദിക്കുന്ന മാതാപിതാക്കളാണധികവും. പിന്നെ നാട്ടുനടപ്പെന്നോണം കുഞ്ഞുങ്ങളെ അടിച്ചു വളർത്തുന്നവരാണ് മിക്കവരും. തല്ലുകൊടുത്തില്ലെങ്കില്‍ കുട്ടി വഷളാകും എന്ന ന്യായവും പറയും ഇത്തരക്കാർ. അടി മാത്രമല്ല കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നവരും ഉണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു സമീപകാലത്തു നടന്ന സംഭവങ്ങൾ. എന്നാൽ ഇത് കേരളത്തിലെ ചൈൽഡ് അബ്യൂസ് സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നാണ് മനോരോഗ വിദഗ്ദനായ ഡോ. സി.ജെ. ജോൺ പറയുന്നത്

ഡോ. സി.ജെ. ജോൺ എഴുതിയ കുറിപ്പ് വായിക്കാം;

വളർത്തലിന്റെ ഭാഗമായി കേരളീയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യൂസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്. നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട്. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും, മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്. നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

ഞങ്ങളുടെ കുട്ടിയെ വഴക്കു പറയാനും, തല്ലാനുമൊക്കെ അവകാശമുണ്ടെന്ന ന്യായീകരണം എല്ലാ മാതാപിതാക്കളും പറയും. കുട്ടികളെയും അങ്ങനെ വിശ്വസിപ്പിക്കും. സോദ്ദേശപരമായ ചൈൽഡ് അബ്യൂസ് എന്നൊരു വേർതിരിവില്ല. മാതാപിതാക്കൾ ചെയ്യുന്നതെന്നും മറ്റുള്ളവർ ചെയ്യുന്നതെന്നുമുള്ള തരംതിരിവില്ല. എല്ലാ ചൈൽഡ് അബ്യൂസും കുറ്റകരമാണ്. കുട്ടികളുടെ മേൽ വീഴുന്ന തല്ലും അവരുടെ മേൽ ചൊരിയുന്ന നിന്ദാ വാക്കുകളുമൊക്കെ മുതിർന്നവർക്ക് അവരോടു തോന്നുന്ന കോപത്തിന്റെ ആവിഷ്ക്കാരം മാത്രമാണ്. അങ്ങനെ ചെയ്താൽ അവരുടെ പെരുമാറ്റത്തിൽ തിരുത്തൽ വരാനുള്ള സാധ്യതകൾ കുറവാണ്.

സ്വഭാവ രൂപീകരണത്തിൽ പ്രശ്നങ്ങൾ വരികയും ചെയ്യാം. മൂന്ന് വയസ്സുള്ള കുട്ടിയെ മുത്തശ്ശി ക്രൂരമായി ഉപദ്രവിച്ച വാർത്ത കേട്ടപ്പോൾ തോന്നിയ വിചാരങ്ങളാണ് പോസ്റ്റിൽ. ഈ മുത്തശ്ശി അത് ചെയ്തത് സ്നേഹം ഇല്ലാത്തത് കൊണ്ടാകണമെന്നില്ല. വളർത്തലിലും സ്നേഹ പ്രകടനത്തിലും ഒരു നാട്ടു നടപ്പെന്നോണം വീടുകളിൽ നടപ്പിലാക്കുന്ന ചൈൽഡ് അബ്യൂസ് സംസ്കാരത്തിന്റെ പ്രകടനമാകാം. കൃത്യമായി കേസെടുത്താൽ ഒരു മാതിരിപെട്ട എല്ലാവരും പെടും. ഈ സംസ്കാരം മാറണം. കുട്ടികളോട് സൗഹാർദവും ആദരവും നിലനിർത്തുന്ന മനഃശാസ്ത്രപരമായ തിരുത്തൽ വഴികൾ ശീലമാക്കണം. എന്നാലേ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന വലിയ ക്രൂരതകളും ഇല്ലാതാകൂ.