'വീട്ടിലെ കാര്യങ്ങൾ മനസിലാക്കുന്ന പിള്ളേര് ഭാഗ്യമാണ്'; കണ്ണുനിറച്ച അനുഭവം പങ്കുവച്ച് അമ്മ
മക്കളുടെ പരീക്ഷയുടെ മാർക്ക് കിട്ടിത്തുടങ്ങുമ്പോഴെ മാതാപിതാക്കൾക്ക് ആധിയാണ്. അതുകഴിഞ്ഞുള്ള പ്രോഗ്രസ് കാർഡ് ഒപ്പിടലിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. മാർക്കുള്ള കുട്ടികൾക്കാണെങ്കിൽ അര മാർക്കും ഒരു മാർക്കുമൊക്കെ കുറഞ്ഞു പോയതിന്റെ ടെൻഷൻ. സ്കൂളിൽ ചെന്നാൽ അധ്യാപകരുടെ വക വഴക്കും ഉപദേശവും മാതാപിതാക്കൾക്കും കിട്ടും.
ഒരു മാർക്ക് കുറഞ്ഞാൽ പോലും മാതാപിതാക്കൾക്കു ടെൻഷനാണ്. അധ്യാപകരാവട്ടെ കൂടുതൽ മാർക്ക് നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനുള്ള കഠിന പരിശ്രമത്തിലും. ഈ പഠനത്തിരക്കിനിടയിൽ കുട്ടികളുടെ സ്വഭാവവും പെരുമാറ്റശീലങ്ങളും പലപ്പോഴും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മാർക്ക് ഷീറ്റിലെ കൂട്ടികിഴിക്കലുകൾക്ക് അപ്പുറം തന്റെ വിദ്യാർഥിയുടെ സ്വഭാവത്തിന് കൂടുതൽ മാർക്ക് നൽകിയ അധ്യാപികയുടെ വാക്കുകൾ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ എത്തിയ അമ്മയുടെയും കണ്ണുകൾ നിറച്ചു.
ഓണപ്പരീക്ഷയുടെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ പോയതാണ് രണ്ടാം ക്ലാസുകാരി എയ്ഞ്ചലയുടെ അമ്മ. ഫൊട്ടോഗ്രാഫർ ജിമ്മി കമ്പല്ലൂരിന്റേയും മാധ്യമപ്രവർത്തക അൽഫോൺസയുടേയും മകളാണ് എയ്ഞ്ചല. പരീക്ഷയുടെ സമയത്ത് നല്ല പനിയായിരുന്നു എയ്ഞ്ചലയ്ക്ക്. അതുകൊണ്ടു അവൾക്ക് അല്പം മാർക്കും കുറവാണ്. വഴക്കു പ്രതീക്ഷിച്ച് ചെന്ന എയ്ഞ്ചലയും അമ്മയും പക്ഷേ അധ്യാപികയുെട വാക്കുകൾ കേട്ടു മനസ്സു നിറഞ്ഞാണ് തിരികെ പോന്നത്. എയ്ഞ്ചലയുടെ അമ്മ അൽഫോൺസ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ഈ കുറിപ്പ് നമ്മുടേയും കണ്ണുനിറയിക്കും.
അൽഫോൺസയുടെ കുറിപ്പിന്റെ പൂർണരൂപം
ഓണപരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ തന്നെ ഒരാൾ പുറകെ നടക്കാൻ തുടങ്ങി അമ്മ വന്നാൽ മതി... മാർക്ക് ഒക്കെ കുറവാ അപ്പ വന്നാൽ ശരിയാകില്ല!
എല്ലാം അടുത്ത പരിക്ഷക്ക് ശരിയാക്കാം ന്ന്
അങ്ങനെ ഇന്ന് ഉച്ചക്ക് സ്കൂളിൽ ചെന്നു. 50 ൽ 49.5 കിട്ടിയ കുട്ടികളുടെ അമ്മമാർ അര മാർക്ക് തപ്പിനടക്കുന്നു...
ടീച്ചറിനെ കണ്ടു ... "മാർക്ക് ഒക്കെ കുറവാ, പനിയൊക്കെ ആയിരുന്നല്ലോ... അവിടിരിക്കൂ സംസാരിക്കാനുണ്ട്" ന്ന്... എല്ലാ രേഖകളുമായി ആ കുട്ടി പല്ലെല്ലാം കാണിച്ചു വരുന്നുണ്ട്... ബാടി ബാടി നിന്നെ കുറിച്ച് ടീച്ചർ പറയുന്നത് എന്താന്ന് നമുക്ക് കേൾക്കാം...അടുത്ത പരീക്ഷക്ക് എല്ലാം ശരിയാക്കാമെന്ന്!
തിരക്കൊന്നു കഴിഞ്ഞു ടീച്ചർ- എയ്ഞ്ചല നല്ലൊരു കുട്ടിയാണ്... അന്ന് ക്ലാസിൽ വച്ച് നല്ല പനിയുള്ള ദിവസം, ഞാൻ പറഞ്ഞു വീട്ടിലേക്കു വിളിച്ചു പറയാമെന്ന് അപ്പോൾ കൊച്ചു പറയുവാ അപ്പയും അമ്മയും ജോലിക്കു പോയിരിക്കുവാണ്, അവരെ വിളിക്കണ്ട. ഞാൻ ഇവിടെ ഇരുന്നോളാമെന്ന്... വീട്ടിലെ കാര്യങ്ങൾ മനസിലാക്കുന്ന പിള്ളേര് നിങ്ങളുടെ ഭാഗ്യമാണ്...പഠിത്തമൊക്കെ ശരിയായിക്കൊള്ളും ന്ന്... (ശോ...കണ്ണീർ പുഴ ഒഴുകും മുൻപ് അവിടുന്ന് ഓടി രക്ഷപ്പെട്ടു...)