പോകല്ലേ അച്ഛാ.. കാലുപിടിച്ച് കരഞ്ഞ് മകന്‍; വികാരനിര്‍ഭരം വിഡിയോ
മാതാപിതാക്കൾ ജോലിയ്ക്കു പോകാനായി ഇറങ്ങുമ്പോൾ ചില കുഞ്ഞുങ്ങൾ കരച്ചിലും ബഹളവുമായി പുറകെയെത്തും. മിക്കവാറും അമ്മ പോകുമ്പോഴാകും കുഞ്ഞുങ്ങൾ കൂടുതൽ പ്രശ്നമുണ്ടാക്കുക. ഇവിടെയിതാ അച്ഛൻ ജോലിയ്ക്കു പോകാനായി ഇറങ്ങുമ്പോൾ കരഞ്ഞുകൂവി അച്ഛനെ തടയുന്ന ഒരു പൊന്നുമോന്റെ വിഡിയോ തരംഗമാകുകയാണ്. പലതവണ മകനെ ആശ്വസിപ്പിച്ചിട്ട് പോകാനായി നോക്കുന്നുണ്ടെങ്കിലും കാലിൽ കെട്ടിപ്പിടിച്ച് ഉറക്കെ കരയുകയാണ് ആ കുരുന്ന്.
ജോലിക്കായി പോകുന്ന പൊലീസ് ഓഫീസറിനോട് കരഞ്ഞുകൊണ്ട് പോകല്ലേ എന്ന് അപേക്ഷിക്കുന്ന മകൻ. വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അരുൺ ബോത്റ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഈ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'പൊലീസ് ഉദ്യോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥ ഇതാണ്. ദീർഘമേറിയതും ക്രമമില്ലാത്തതുമായ ഡ്യൂട്ടി സമയം കാരണം മിക്ക പൊലീസ് ഉദ്യോഗസ്ഥരും ഈ അവസ്ഥ നേരിടേണ്ടി വരുന്നു. ഈ വിഡിയോ കാണുക' എന്ന കുറിപ്പോടുകൂടിയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
വിഡിയോയിൽ കരയുന്ന മകനെ ആശ്വസിപ്പിക്കുകയാണ് ആ അച്ഛൻ. മോൻ കരയാതെ, ഉടൻ തിരിച്ചുവരും എന്നാണ് പൊലീസുകാരൻ പറയുന്നത്. എന്നാൽ പോകാൻ അനുവദിക്കാതെ അച്ഛന്റെ കാലിൽ പിടിച്ച് വലിക്കുകയാണ് മകൻ. ഈ വിഡിയോ കാണുന്നവരുടെയും കണ്ണ് നനയിക്കുന്നതാണ്.
സുന്ദരവും ഹൃദയസ്പർശിയുമായ കാഴ്ച എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. പൊലീസ് സേനയെ വാഴ്ത്തിയും പലരും രംഗത്തെത്തി. മകന്റെ സ്നേഹത്തിനെയും കരുതലിനെയും പ്രശംസിച്ചും ഒരാൾ കുറിച്ചിട്ടുണ്ട്. അച്ഛനിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിന്റെ അളവ് അത്രമാത്രം ഉണ്ടെന്നും അവൻ അത് തിരിച്ചു നൽകുന്നതാണെന്നുമാണ് കുറിച്ചിരിക്കുന്നത്.
This is the toughest part of the police job. Due to long and erratic duty hours most of the police officers have to face this situation.
— Arun Bothra (@arunbothra) April 28, 2019
Do watch. pic.twitter.com/aDOVpVZ879