വെറും വീടല്ല, കളിവീട് ; കൊറോണക്കാലത്ത് ചേട്ടന്മാർക്കൊപ്പം സോനാ ജലീന, ona Jelina, Serial actress, interview, viral video, Kidsclub,  Manorama Online

വെറും വീടല്ല, കളിവീട് ; കൊറോണക്കാലത്ത് ചേട്ടന്മാർക്കൊപ്പം സോനാ ജലീന

ലക്ഷ്മി നാരായണൻ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ഡൗണിലേക്ക് പോയതോടെ വീട്ടിൽ ഒത്തു കൂടാൻ കഴിഞ്ഞ നിമിഷങ്ങൾ ആഘോഷിക്കുന്ന തിരക്കിലാണ് മിനിസ്‌ക്രീനിലെ ബാലതാരമായ സോനാ ജലീനാ. കഴിഞ്ഞ ഏഴു വർഷമായി സീരിയൽ ലോകത്ത് സജീവമായ സോനാ അഭിനയത്തിനും സ്‌കൂൾ ജീവിതത്തിനും ഇടയ്ക്കുള്ള തിരക്കിൽ വീട്ടിനുള്ളിലെ കളിചിരികൾ ഏറെ നഷ്ട്ടപ്പെടുത്തിയിരുന്നു. കോവിഡ് 19 തുടർന്ന് സീരിയലിന്റെ ഷൂട്ടിംഗ് നിർത്തി വയ്ക്കുകയും സ്‌കൂൾ അടയ്ക്കുകയും ചെയ്തതോടെ നെടുമങ്ങാടുള്ള സോനയുടെ വീട് ഒരു കളിവീടായി മാറിയിരിക്കുകയാണ്. വിശേഷങ്ങൾ പങ്കുവച്ച് താരം...

ഭീതി വേണ്ട ജാഗ്രത മതി
കൊറോണ വ്യാപിക്കുന്ന ഈ സമയത്ത് നമ്മൾ പേടിച്ചിരിക്കുന്നതിൽ കാര്യമില്ല. എന്നാൽ കരുതിയിരിക്കണം. സർക്കാർ പറയുന്നത് പോലെ വീടിനുള്ളിൽ തന്നെ കഴിയുകയാണ് നല്ലത്. ഇപ്പോഴും ഇതുപോലെ ഒന്നിച്ചിരിക്കാൻ നമുക്കൊന്നും പറ്റാറില്ലലോ, അപ്പോൾ ഈ അവസരം അതിനായി ഉപയോഗിക്കുക. ചേട്ടന്മാരും ഞാനും എല്ലാവരും ഒരുമിച്ചു വീട്ടിലുണ്ടാകുന്നത് പലപ്പോഴും ഉറങ്ങാൻ നേരത്ത് മാത്രമായിരുന്നു. ഇപ്പോൾ ഒരുമിച്ചിരിക്കാനും ഒരുപാട് സംസാരിക്കാനും കഴിയുന്നുണ്ട്. 'അമ്മ ഇഷ്ടമുള്ള പലഹാരം ഉണ്ടാക്കി നൽകും ഞങ്ങൾ അത് കഴിക്കും കളിക്കും അങ്ങനെ. വീട് മുഴുവൻ കളിചിരികളുമായി നിറയ്ക്കാനുള്ള ശ്രമത്തിലാണിപ്പോൾ


പരീക്ഷ എഴുതാതെ ഏഴിലെത്തി
കൊറോണ കാരണം പരീക്ഷ എഴുതാതെ തന്നെ ഏഴാം ക്ലാസിലെത്തി. അതൊന്നും ഇപ്പോഴും നടക്കുന്ന കാര്യമല്ലലോ. ഷൂട്ടിംഗ്, പഠനം എന്നിവ ഒരുമിച്ചു കൊണ്ടുപോകാൻ ഏറെ കഷ്ടപ്പെടുന്ന ആളാണ് ഞാൻ. മാസത്തിൽ 15 ദിവസം ഷൂട്ടിംഗ് ഉണ്ടാകും. അപ്പോൾ ക്ലാസ്സ് നഷ്ടപ്പെടും. ആ നോട്ട്സ് ഒക്കെ കൂട്ടുകാർ ആണ് എഴുതിത്തരുന്നത്. പരീക്ഷ അടുക്കുന്നതോടെ ടെൻഷൻ ആണ്. ഇതെല്ലം എങ്ങനെ പഠിച്ചു തീർക്കുമെന്ന്. അങ്ങനെ ഇരുന്നപ്പോഴാണ് സർക്കാർ പരീക്ഷകൾ ഒഴിവാക്കിയത്. അങ്ങനെ പരീക്ഷ എഴുതാതെ ഞാൻ ഏഴിലെത്തി. പക്ഷെ പരീക്ഷ എഴുതുന്നതിന്റെ രസം ഒന്നു വേറെയാണ്.

വെറും വീടല്ല കളിവീട്
ഇപ്പോൾ ഈ വീട് വെറും വീടല്ല, ഒരു കളി വീടാണ്. മുഴുവൻ സമയവും ഞാനും ചേട്ടന്മാരും കളിയും ചിരിയും കുസൃതിപ്പണികളും ഒക്കെയാണ്. ഒരുമിച്ചിരുന്നു കള്ളനും പോലീസും കളിക്കുക, പേപ്പറിൽ പേരെഴുതി നറുക്കിട്ടെടുക്കുന്ന കളി കളിക്കുക , ഒരുമിച്ചു പാചകം ചെയ്യുക, വീട് വൃത്തിയാക്കുക, അമ്മയെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിൽ തിരക്കിലാണ്. പിന്നെ ഒരുമിച്ചിരുന്നു സിനിമകൾ കാണുന്നതാണ് മറ്റൊരു ഇഷ്ട വിനോദം. കാര്യം പേടിക്കേണ്ട അവസ്ഥയാണെങ്കിലും സ്വന്തം വീട്ടിൽ ചിരിയും സന്തോഷവും ഉണ്ടാക്കാൻ ഈ അവസരം ഉപയോഗിക്കുന്നത് നല്ലതല്ലേ ?