കുസൃതിയുടെ ആൾരൂപങ്ങളായ ചുക്കും ഗെക്കും !
ചുക്കിനെയും ഗെക്കിനെയും പരിചയപ്പെട്ടിട്ടുണ്ടോ?, മോസ്കോയിലെ മനോഹാരിതയിൽ ജീവിച്ച കുട്ടിക്കുറുമ്പൻമാരെ. ഇല്ലെങ്കിൽ നിങ്ങളുടെ ബാല്യകാല വായന എങ്ങനെ പൂർത്തിയാകും. ലോകമെമ്പാടുമുള്ള സാഹിത്യ പ്രണയിനികളെ ബാല്യകാലത്തിന്റെ തുരുത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന മഹത്തായ രചനയാണു ചുക്കും ഗെക്കും. റഷ്യൻ കഥാകാരനായ അർക്കാദി ഗൈദറാണു രചയിതാവ്. 1939 ലാണ് ആദ്യമായി ഈ കഥ വായനക്കാരുടെ കൈകളിലെത്തിയത്.
സോവിയറ്റ് റഷ്യയിലെ മോസ്കോ നഗരത്തിൽ അമ്മയോടൊപ്പമാണ് ഈ കൊച്ചുമിടുക്കന്മാർ താമസിക്കുന്നത്. അച്ഛന്‍ സെര്യോഗിൻ ദൂരെ തൈഗയിൽ ഗവേഷണ ജോലിയിലാണ്. പുതുവത്സരം അടുക്കാറായപ്പോൾ സെര്യോഗിന് ഭാര്യയെയും കുഞ്ഞുങ്ങളെയും കാണാൻ കൊതിയായി. ജോലിസ്ഥലത്തേക്കു ക്ഷണിച്ചുകൊണ്ട് അദ്ദേഹം അവർക്ക് ഒരു സന്ദേശം അയച്ചു. കുടുംബം ആഹ്ലാദത്തോടെ യാത്രയ്ക്കു തയാറെടുത്തു.
എന്നാൽ പെട്ടന്നുണ്ടായ അത്യാവശ്യ ദൗത്യവുമായി മറ്റൊരിടത്തേക്കു പോകേണ്ടി വന്ന സെര്യോഗിൻ തന്റെ അസൗകര്യം കാണിച്ചു വീണ്ടും ഒരു സന്ദേശം അയച്ചു. കത്തു വീട്ടിലെത്തുമ്പോൾ അമ്മ അവിടെയില്ല. വായിക്കുംമുൻപ് ചുക്കും ഗെക്കും തമ്മിലുണ്ടായ ശണ്ഠയ്ക്കിടെ കത്തു കളഞ്ഞുപോയി. അതിനാൽ ഈ വിവരം അവർ അമ്മയോടു പറയുന്നില്ല. കളഞ്ഞുപോയ സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയാതെ യാത്രപുറപ്പെട്ട അമ്മയും മക്കളും രണ്ടുദിവസത്തെ തീവണ്ടിയാത്രയ്ക്കൊടുവിൽ അച്ഛന്റെ ജോലി സ്ഥലത്തെത്തുന്നു. അവിടെ എത്തുമ്പോഴാണ് അറിയുന്നത് അച്ഛനും സഹപ്രവർത്തകരും കൂടി ജോലി സംബന്ധമായ കാര്യത്തിനു മറ്റൊരിടത്തേക്കു പോയിരിക്കുകയാണെന്ന്.
10 ദിവസത്തിനു ശേഷം മാത്രമേ മടങ്ങി വരൂ എന്നു ക്യാംപ് കാവൽക്കാരൻ അവരോട് പറഞ്ഞു.
10 ദിവസം തള്ളിനീക്കുന്നതിനാവശ്യമായ വെള്ളമോ ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ആ സ്ഥലത്തു തൽകാലം ലഭ്യവുമല്ല, മാത്രമല്ല അവിടെ വന്യജീവികളുടെ ശല്യവുമുണ്ട്. ആ ദിവസങ്ങളിൽ സെര്യോഗിന്റെ ഭാര്യയും കുട്ടികളായ ചുക്കും ഗെക്കും അവിടെ കഴിച്ചുകൂട്ടുനെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ഗൈദർ വിവരിക്കുന്നത്. കുസൃതിയുടെ ആൾരൂപങ്ങളായ ചുക്കും ഗെക്കും ഇന്നും വായനക്കാരെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. 1953ൽ ഇവാൻ ലുകിൻസ്കി ഈ കഥയെ ആസ്പദമാക്കി ഇതേ പേരിൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.