പെങ്ങള്‍ കുറുമ്പിയാണോ? നിങ്ങൾ ഭാഗ്യവാന്മാർ!,  Sister, Study, Kids affection, Manorama Online

പെങ്ങള്‍ കുറുമ്പിയാണോ? നിങ്ങൾ ഭാഗ്യവാന്മാർ!!

നിങ്ങൾക്ക് സഹോദരിയുണ്ടോ? സഹോദരി ഉള്ളവരുെട ഉത്തരം ഇങ്ങനെയൊക്കെയാകും: ‘ഓ വല്യ ശല്യമാണെന്നേ, എപ്പോഴും വഴക്കും ഉപദ്രവവും, എന്തു കള്ളത്തരം കാണിച്ചാലും അവൾ കണ്ടുപിടിക്കും, എന്റെ ടീ ഷർട്ടും ജീന്‍സുമൊക്കെ എടുത്തിടും.’ ഇങ്ങനെ നിരവധി പരാതികളാണ് സഹോദരിയെക്കുറിച്ച്. എന്നാൽ അറിഞ്ഞുകൊള്ളുക, ഈ കുറുമ്പത്തി സഹോദരിയുള്ളവർ മഹാഭാഗ്യവാന്മാരാണത്രേ. ഇവർ നിങ്ങളെ ശുഭാപ്തിവിശ്വാസമുളളവരാക്കി മാറ്റുമെന്ന് പഠനങ്ങൾ പറയുന്നു. ‘ആങ്ങളയും പെങ്ങളും തമ്മിൽ എപ്പോഴും അടിയാ, ഇവരെക്കൊണ്ട് പൊറുതിമുട്ടി’– അമ്മമാരുെട സ്ഥിരം പല്ലവിയാണിത്. എല്ലാ അമ്മമാരും ആങ്ങളമാരും അറിയാൻ, ഈ പെൺമക്കൾ നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം തന്നെ മാറ്റിമറിക്കും. ‍‍

ഡി മോൺഫോർട്ട് സർവകലാശാലയില്‍ നടത്തിയ ഒരു പഠനമാണ് ഈ പുത്തനറിവുമായി എത്തിയിരിക്കുന്നത്. സഹോദരിയൊടൊത്ത് ജീവിക്കുന്നവർ കൂടുതൽ സന്തോഷവാന്മാർ ആണത്രേ. സഹോദരന്മാരേക്കാൾ തുറന്ന് സംസാരിക്കുന്നതും കാര്യങ്ങൾ അന്വേഷിക്കുന്നതും സഹായം ചെയ്യുന്നതും സഹോദരിമാരാണെന്ന് ഈ പഠനം പറയുന്നു. തങ്ങളടെ ആങ്ങളമാർക്ക് എന്തിനും സപ്പോർട്ട് ചെയ്യുന്നവരായിരിക്കും അവർ. ‍

അറുന്നൂറു പേരാണ് പഠനത്തിൽ പങ്കെടുത്തത്. സഹോദരിമാരുള്ളവരുടെ മാനസികാരോഗ്യം മുതൽ പോസിറ്റീവായ മാനസികനിലപാട് വരെ പഠനവിഷയമായി. എന്തെങ്കിലും വിഷമമോ പ്രശ്നങ്ങളോ ഉള്ളപ്പോൾ തുറന്നു സംസാരിക്കാനും പ്രശ്നം പരിഹരിക്കാനും ഇവർ സഹായിക്കുമത്രേ. മാനസിക ആരോഗ്യത്തിന്റെ ഒരു ലക്ഷണം വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കുന്നതാണ്. സഹോദരിമാർ ഇതിനു സഹായിക്കുമെന്നും അത് സന്തോഷകരമായ കുടുബ ബന്ധങ്ങൾക്ക് കാരണമാകുമെന്നും അങ്ങനെ കുടുംബത്തിലെ മാനസിക പിരിമുറുക്കം പടിക്കു പുറത്താകുമെന്നും ഇവർ പറയുന്നു. അതുകൊണ്ട് ഇടയ്ക്ക് അടിയും ഇടിയും കടിയുെമാക്കെയുണ്ടെങ്കിലും സഹോദരിമാരേ ചേർത്തു നിർത്തിക്കോളൂ എന്നാണ് ഈ വിദഗ്ധർ പറയുന്നത്.