'ഞാൻ അല്ലി, നിന്റെ പേരെന്താ?'; മകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ
ഇതാ വീണ്ടും പൃഥ്വിയുടെ അല്ലിമോൾ താരമാകുന്നു. ഡാഡയ്ക്കും മമ്മയ്ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് അല്ലി എന്ന അലംകൃത. മൃഗശാല സന്ദർശിച്ച അല്ലമോളുടെ ഒരു ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. 'Hi I am Ally! What’s your name?' എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണയും അല്ലിയുടെ മുഖം കാണാത്ത ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജും മകൾ അല്ലി എന്ന അലംകൃതയും കൈപിടിച്ച് എയർപോർട്ടിലുടെ നടക്കുന്ന ഒരു ചിത്രവും ഭാര്യ സുപ്രിയ പങ്കു വച്ചിരിക്കുന്നു. ചിത്രത്തിന്
രസകരമായ പല കമന്റുകളും വരുന്നുണ്ട്. 'അല്ലിയുടെ മുഖം കണ്ടാൽ ഞങ്ങൾ അസൂയപ്പെട്ടു കണ്ണുവയ്ക്കുകയൊന്നും ഇല്ലാട്ടോ', 'അല്ലിക്ക് ആഭരണം വാങ്ങാൻ പോകുകയാണോ' എന്നൊക്കെയാണ് ചിത്രത്തിനുള്ള കമന്റുകൾ.
കുടുംബസമേതം അവധി ആഘോഷിക്കാൻ പോകുന്നുവെന്ന് മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മകൾ അലംകൃതയുടെ പെപ്പ പിഗ് ബാഗും പാവക്കുട്ടിയും വാട്ടർ ബോട്ടിലുമൊക്കെയുള്ള ഒരു ചിത്രമായിരുന്നു അത്. അല്ലിമോൾക്കൊപ്പം ഡാഡയും മമ്മയും പെപ്പയുമാണ് അവധി ആഘോഷിക്കാൻ പോയത്. ഷൂ ധരിച്ച മൂന്നു പേരുടേയും കാലിന്റെ ഒരു ചിത്രം Family എന്ന കുറിപ്പോടെ പൃഥ്വിയും പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞിടെ വീടിനു പുറത്ത് മഴയിലേക്കു കൈകൾ നീട്ടി നിൽക്കുന്ന അല്ലിമോളുടെ ചിത്രം സുപ്രിയ പങ്കുവച്ചിരിന്നു. പതിവുപോലെ അല്ലിയുടെ മുഖം കാണാനാകുന്നില്ല. പുറംതിരിഞ്ഞു നിൽക്കുന്ന അല്ലിയുടെ ചിത്രം ‘മഴ മഴ.. മഴ വന്നാല്‍…?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരുന്നത്.
ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചത്. "നിങ്ങൾ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള്‍ അല്ലേ ആ കൊച്ചിന്റെ മുഖം കാണാൻ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ' എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.
മകൾ അലംകൃതയുടെ ചിത്രങ്ങൾ അങ്ങനെയൊന്നും പൃഥ്വിരാജും ഭാര്യ സുപ്രിയയും പങ്കുവയ്ക്കാറില്ല. എങ്ങാനും പോസ്റ്റ് ചെയ്താലും മുഖം കാണിക്കാത്ത ചിത്രങ്ങളാകും അവ. എങ്കിലും മകളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ ഇരുവരും മടിക്കാറില്ല. ആദ്യത്തെ പിറന്നാളിനാണ് അല്ലിയുടെ മുഖം കാണിക്കുന്ന ചിത്രം പുറത്തു വന്നത്. മകൾ ആദ്യമായി സ്കൂളിൽ പോയതും ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽ എത്തിയതും അങ്ങനെ കുഞ്ഞ് അല്ലിയുടെ മിക്ക വിശേഷങ്ങളും ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്.