വരുമാനമുള്ള വെക്കേഷൻ, സ്വന്തം ബ്രാന്റും; കുഞ്ഞു തൻവി സൂപ്പറാ
മീര നാരായണൻ
വെക്കേഷൻ എന്ന് കേട്ടാൽ അച്ഛനമ്മമാരുടെ നെഞ്ചിൽ ഇന്ന് തീയാണ്. രണ്ട് മാസം നീളുന്ന അവധിക്കാലം എങ്ങനെ ശരിയായ രീതിയിൽ വിനിയോഗിക്കാം എന്ന ചിന്തയാണ് ജോലിക്കാരായ ഓരോ മാതാപിതാക്കളുടേയും ഉറക്കം കെടുത്തുന്നത്. പലപ്പോഴും വെക്കേഷൻ കാലമെന്നത് ടിവിയുടെ മുന്നിൽ ചടഞ്ഞു കൂടിയിരുന്ന് സമയം കളയുന്നതിനുള്ള നാളുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. കുട്ടികളെ ഒരിടത്ത് അടക്കിയിരുത്താം എന്നതിനാൽ പല മാതാപിതാക്കളും ഈ ടിവിയെ തന്നെ ശരണം പ്രാപിക്കുന്നു.
ഇത്തരത്തിൽ അവധിക്കാലം ടിവിയെ ആശ്രയിച്ച് കഴിച്ചുകൂട്ടുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും മുന്നിൽ വേറിട്ട മാതൃകയാവുകയാണ് കൊച്ചി സ്വദേശിനിയായ തൻവി ഗിരീഷ് എന്ന കൊച്ചുമിടുക്കി. എട്ടു വയസ്സ് മാത്രം പ്രായമുള്ള തൻവി തന്റെ അവധിക്കാലം വിനിയോഗിക്കുന്നത് ജ്വല്ലറി മേക്കിംഗ്, പില്ലോ കവർ മേക്കിംഗ്, പൗച്ച് മേക്കിംഗ് തുടങ്ങിയവയിലൂടെയാണ്. ഇവ വെറുതെ ഉണ്ടാക്കുക മാത്രമല്ല തൻവി ചെയ്യുന്നത്, അവ വിറ്റ് വരുമാനവും നേടുന്നു. താംസ് എന്ന സ്വന്തം ബ്രാൻഡിലാണ് തൻവി താൻ നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.
ടിവിയ്ക്ക് ബൈ പറഞ്ഞുകൊണ്ട് തൻവി
വെക്കേഷൻ തുടങ്ങുന്നതിനും ഏറെ മുൻപേ ടിവിയും തൻവികുട്ടിയുമായി നല്ല ചങ്ങാത്തം തുടങ്ങിയിരുന്നു. ഈ ചങ്ങാത്തം ഇങ്ങനെ തുടർന്നാൽ ശരിയാവില്ല എന്ന് മനസിലാക്കിയ 'അമ്മ രേണുകയാണ് തൻവിക്ക് മാലകളും കമ്മലുകളും മറ്റും ഉണ്ടാക്കുന്നതിനാവശ്യമായ വസ്തുക്കൾ അടങ്ങിയ കിറ്റ് സമ്മാനിക്കുന്നത്. മുഴുവൻ സമയം ടിവിയുടെ മുന്നിൽ ഇരിക്കുന്നതിൽ നിന്നും മകളെ ഒന്ന് പിന്തിരിപ്പിക്കുക എന്നത് മാത്രമാണ് 'അമ്മ ഉദ്ദേശിച്ചത്.
എന്നാൽ കുഞ്ഞു തൻവി വളരെ വേഗത്തിൽ പുതിയ ഹോബിയുമായി ചങ്ങാത്തത്തിലായി. യുട്യൂബ് നോക്കി വ്യത്യസ്തങ്ങളായ ഡിസൈനുകളിലുള്ള ആഭരണങ്ങൾ തൻവി നിർമിച്ചു. ആദ്യമാദ്യം ഉണ്ടാക്കിയ മാലകളും കമ്മലുകളും അമ്മയ്ക്കാണ് തൻവി സമ്മാനിച്ചത്. ഇവക്ക് നല്ല അഭിപ്രായം ലഭിക്കാൻ തുടങ്ങിയതോടെയാണ്, മകളുടെ ക്രിയേറ്റിവിറ്റി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്ന തോന്നൽ അമ്മക്കുണ്ടായത്.
വരയ്ക്കാനും പുതിയ ക്രാഫ്റ്റ് പരീക്ഷണങ്ങൾ നടത്താനും ഏറെ ഇഷ്ട്ടപ്പെടുന്ന തൻവി, സ്വന്തം ആശയത്തിലൂടെയാണ് പിന്നീട് തന്റെ ഹോബി മുന്നോട്ട് കൊണ്ട് പോയത്. മാലകളും കമ്മലുകളും ആവശ്യപ്പെട്ട് അമ്മയുടെ സുഹൃത്തുക്കൾ എത്തിയതോടെ തൻവിക്ക് തന്റെ പേരിൽ ഒരു ബ്രാൻഡ് വേണമെന്നായി. അങ്ങനെ തൻവിയുടെ വീട്ടിൽ വിളിക്കുന്ന പേരായ താംസ് ബ്രാൻഡ് നെയിമായി മാറി. താംസ് എന്ന ലോഗോ ഡിസൈൻ ചെയ്തതും തൻവി തന്നെയാണ്.
കുട്ടി സംരംഭക തിരക്കിലാണ്
വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ ധാരാളം ഉൽപ്പന്നങ്ങൾ നിർമിച്ചപ്പോഴാണ് തൻവിയെത്തേടി സീസൺസ് എന്ന എക്സിബിഷൻ എത്തുന്നത്. എല്ലാവർഷവും കൊച്ചി കേന്ദ്രീകരിച്ച് വീട്ടമ്മമാർക്ക് വേണ്ടി നടത്തുന്ന ഈ എക്‌സിബിഷനിൽ ഇതാദ്യമായാണ് ഒരു എട്ടുവയസ്സുകാരി പങ്കെടുക്കുന്നത്. എക്‌സിബിഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ ഒരു കുട്ടി സംരംഭകയുടെ റോളിലേക്ക് തൻവി മാറിക്കഴിഞ്ഞു. ഏപ്രിൽ 4 , 5 തീയതികളിൽ കൊച്ചി പനമ്പിള്ളി നഗറിലെ അവന്യൂ സെന്ററിലാണ് ഈ കുട്ടി സംരംഭകയുടെ പ്രദർശനം.
''ജ്വല്ലറികളും പൗച്ചസും ഒക്കെ ഉണ്ടാക്കാൻ വലിയ ഇഷ്ടമാണ് എനിക്ക്. എന്റെ ഫേവറേറ്റ് കളേഴ്‌സും ഡിസൈൻസും ആണ് ഞാൻ ഇതിൽ ഉപയോഗിക്കുന്നത്. എക്സിബിഷൻ സെയിലിലൂടെ കിട്ടുന്ന കാഷ് എന്നെ പോലത്തെ ചെറിയ കുട്ടികൾക്ക് പഠിക്കാനുള്ള സാധനങ്ങൾ ഒക്കെ വാങ്ങിക്കൊടുക്കാൻ യൂസ് ചെയ്യും'' കൊഞ്ചിക്കൊണ്ട് തൻവി ഇത് പറയുമ്പോൾ കേട്ട് നിൽക്കുന്ന ആളുകളുടെയും മനസ്സിൽ സന്തോഷം നിറയുന്നു.
താംസ് ഒരു സൂപ്പർ ബ്രാൻഡാകും
താംസ് എന്ന തന്റെ ബ്രാൻഡിനെ ഒരു സൂപ്പർ ബ്രാൻഡ് ആക്കും എന്നാണ് തൻവി പറയുന്നത്. അതിനായി പുതിയ ഡിസൈനുകൾ കണ്ടെത്തി, സ്വയം പരിശീലനം നടത്തി വ്യത്യസ്തങ്ങളായ ആഭരണങ്ങൾ നിർമിക്കുകയാണ് കുഞ്ഞു തൻവി. മകളുടെ പ്രയത്നങ്ങൾക്ക് കൂട്ടായി അച്ഛൻ ഗിരീഷും 'അമ്മ രേണുകയുമുണ്ട്. തൻവി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി താംസ് എന്ന ബ്രാൻഡിൽ ഒരു ഓൺലൈൻ സ്റ്റോർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാതാപിതാക്കൾ. മകളുടെ ആഗ്രഹം പോലെ തന്നെ വരുമാനത്തിന്റെ ഒരു വിഹിതം ചാരിറ്റിക്കായി മാറ്റി വക്കാനും ഇവർ ആഗ്രഹിക്കുന്നു.
തന്നെ പോലെ ജ്വല്ലറി മേക്കിംഗിൽ താല്പര്യമുള്ള കുട്ടികളെ അത് പഠിപ്പിക്കാനും അവർ ഉണ്ടാക്കുന്ന വസ്തുക്കൾ വെബ്‌സൈറ്റിലൂടെ വിറ്റ് പണം അവർക്ക് നൽകാനും തയ്യാറാണെന്ന് ഈ കുഞ്ഞു സംരംഭക പറയുന്നു. എന്തായാലും ഇപ്പോൾ ടിവിയെക്കുറിച്ചുള്ള ചിന്തയില്ല എന്നു മാത്രമല്ല, സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന്റെ ആവേശവും അത്ഭുതവുമാണ് തൻവിയുടെ മുഖത്ത് കാണാനാവുന്നത്.