തവളയെ ചുമന്ന കഴുതക്കുട്ടി
പദ്മകുമാർ കൊച്ചുകുട്ടൻ
ദിവസങ്ങളോളം പണിയെടുത്ത ശേഷം കഴുതക്കുട്ടിയെ തന്റെ യജമാനൻ ഒരു ദിവസം തീറ്റ തിന്നാനും വിശ്രമിക്കാനുമൊക്കെയായി വെറുതെ വിട്ടു. അങ്ങനെ കഴുതക്കുട്ടി അകലെയുള്ള പാടവും പുൽമേടയും ലക്ഷ്യമാക്കി നടന്നു. കുറച്ചു ദൂരമെത്തിയപ്പോൾ ഒരു ശബ്ദം: ‘‘മൈക്രോം... മേക്രോം.’’ വഴിയരികിൽ ഒരു തവള!
‘‘കഴുതച്ചാരെ എങ്ങോട്ടാ? എന്നെ രക്ഷിക്കണം. വെള്ളമുള്ള എവിടെയെങ്കിലും എന്നെയെത്തിക്കണം’’ തവള പറഞ്ഞു.
‘തീർച്ചയായും.’ കഴുതക്കുട്ടി ഇതുപറഞ്ഞുകൊണ്ടു തല കുനിച്ചു. തവള ചാടിക്കയറി. അവർ യാത്ര തുടർന്നു. കഴുതക്കുട്ടി താൻ പോകുന്ന പാടവും തടാകവും പുൽമേടുമൊക്കെ വിവരിച്ചു. തവളയ്ക്കു സന്തോഷമായി. ഹോ! ആശ്വാസം. ഇത്രേം ദിവസം ആ ചേമ്പിലേടെ കീഴിലാ ഒളിച്ചിരുന്നേ’’ തവള പറഞ്ഞു.
‘‘ഞാനും ഒരു നല്ല ചങ്ങാതിയെ കാത്തിരിക്കുവാരുന്നു.’’ കഴുതക്കുട്ടി പറഞ്ഞു.
കുറച്ചു ദൂരെയെത്തിയപ്പോൾ ഒരു പാണ്ടൻ നായ് കുരച്ചുകൊണ്ടു വന്നു. ‘‘അയ്യോ കടിക്കല്ലേ’’, കഴുതക്കുട്ടി വിളിച്ചുകൂവി. കഴുതക്കുട്ടിയുടെ പേടികണ്ട് പാണ്ടൻ നായ് തിരിച്ചു പോയി.
കഴുതക്കുട്ടി തലയിലേറ്റിയ തവള ഉറക്കെ ചിരിച്ചു. ‘‘നിനക്കിത്ര പേടിയാണോ... ഹഹഹ... പേടിത്തൊണ്ടൻ – തവള പറഞ്ഞു.
‘‘ഞാൻ നിന്നേം ചൊമന്നോണ്ടു പോവാല്ലേ. അങ്ങനെ പറഞ്ഞാൽ എനിക്കു വിഷമമാകും’’ – കഴുതക്കുട്ടി പറഞ്ഞു.
‘‘ങാ ശരി. പക്ഷേ, ഞാൻ പറയാനുള്ളതു പറയും. അതാണെന്റെ സ്വഭാവം...’’ തവള പറഞ്ഞു.
അവർ വീണ്ടും മുന്നോട്ടു നീങ്ങി. ഒരു ചെമ്പൻ ചെന്നായ് ഓടിവന്നു ചീറി. കഴുതക്കുട്ടി ‘‘ഒന്നും ചെയ്യല്ലേ’’.
‘‘പേടിത്തൊണ്ടാ ഇങ്ങനെ പേടിച്ചാലോ’’. തവള പറഞ്ഞു.
‘‘ഞാൻ പറഞ്ഞില്ലേ, എനിക്കു വിഷമമാകും’’ കഴുതക്കുട്ടി പറഞ്ഞു.
‘‘ഞാൻ പറയാനൊള്ളതു പറയും, എന്റെ സ്വഭാവമാ’’ തവള പറഞ്ഞു. ‘‘നിന്നെപ്പോലെ ഭീരുവും മണ്ടനും ലോകത്തു വേറെയില്ല’’ ഹഹഹ...
തവള നിർത്താതെ ചിരിച്ചുകൊണ്ടിരുന്നു. കഴുതക്കുട്ടി ഒരു സ്ഥലത്തു ചെന്നു നിന്നു. പിന്നെ തലയൊന്നു കുടഞ്ഞു – ‘ബ്ലും’ തവള തെറിച്ച് ഒരു കിണറ്റിലെ വെള്ളത്തിൽ ചെന്നു വീണു. തവളയെ എത്തി നോക്കി കഴുത പറഞ്ഞു: ‘‘ ചെയ്യാനൊള്ളത് ഞാനങ്ങ് ചെയ്യും. ഒന്നും പറയാറില്ല. അതെന്റെ സ്വഭാവമാ. ഏതായാലും അതിൽ വെള്ളമുണ്ടല്ലേ. നിനക്കാശ്വസിക്കാം.’’.
കഴുതക്കുട്ടി പുൽമേട് നോക്കി നടന്നു.