ഹൃദയം പൊട്ടി മരിക്കുന്ന പ്രതിമ!

ലോക പ്രശസ്ത എഴുത്തുകാരനായ ഓസ്ക്കാർ വൈൽഡ് എഴുതിയ ദ് ഹാപ്പി പ്രിൻസ് എന്ന കഥ 1888ലാണ് വായനയുെട ലോകത്തേയ്ക്ക് പറന്നിറങ്ങിയത്. ദേശാടനക്കിളിയുടേയും രാജകുമാരന്റെ പ്രതിമയുടേയും സൗഹൃദത്തിന്റെ കഥ ലോകമെമ്പാടുമുള്ള വായനക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

കഥാസാരം:

യൂറോപ്പിലെ ഒരു നഗരത്തില്‍ മനോഹരമായ ഉദ്യാനത്തിൽ സ്വർണത്തിൽ തീർത്ത ഒരു പ്രതിമ നിന്നിരുന്നു. സന്തോഷവാനായ രാജകുമാരന്റെ പ്രതിമ. സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടു പ്രതിമ ആസകലം പൊതിഞ്ഞിരുന്നു. കണ്ണുകളുടെ സ്ഥാനത്തു രണ്ടു വിലയേറിയ ഇന്ദ്രനീലക്കല്ലുകളും വാളിന്റെ പിടിയില്‍ വലിയ പത്മരാഗക്കല്ലും പതിച്ചിരുന്നു. നഗരത്തിലെ ഏറ്റവും നല്ല കാഴ്ചയായിരുന്നു ആ പ്രതിമ.

ഒരു ശൈത്യകാല സായാഹ്നത്തിൽ കൂട്ടുകാർക്കൊപ്പം ഈജിപ്തിലേക്കു പോകാനൊരുങ്ങിയ ഒരു മീവൽ പക്ഷി രാജകുമാരന്റെ പ്രതിമയുടെ തോളിൽ വന്നിരുന്നു. ഒരു തുള്ളി കണ്ണുനീര്‍ ദേഹത്തു പതിച്ചപ്പോൾ പക്ഷി തലയുയർത്തി. സന്തോഷവാനായ രാജകുമാരന്റെ പ്രതിമ കരയുകയാണ്. കാര്യം തിരക്കിയ പക്ഷിയോടു തന്റെ ജനങ്ങളുടെ കഷ്ടതകൾ കണ്ടു സഹിക്കവയ്യാതെയാണു താൻ കരയുന്നതെന്നു പ്രതിമ പറയുന്നു. തന്റെ ശരീരത്തിലെ രത്നക്കല്ലുകൾ പാവങ്ങൾക്കു കൊടുക്കാൻ രാജകുമാരൻ പക്ഷിയോട് ആവശ്യപ്പെടുന്നു. അലിവു തോന്നിയ മീവൽ പക്ഷി കൊടും തണുപ്പു സഹിച്ചും രാജകുമാരൻ പറഞ്ഞത് അനുസരിക്കുന്നു. അവസാനം സൗന്ദര്യമെല്ലാം നഷ്ടപ്പെട്ട് അനാഥമാകുന്ന പ്രതിമയെ വിട്ടുപോകാൻ പക്ഷിക്കാകുന്നില്ല. ഒടുവിൽ തണുപ്പു സഹിക്കാനാകാതെ പ്രതിമയ്ക്കരികിൽ ആ പക്ഷി വീണു മരിക്കുന്നു. ഇതറിയുന്ന പ്രതിമ ഹൃദയം പൊട്ടി മരിക്കുകയാണ്. പ്രതിമയുടെയും പക്ഷിയുടെയും ഹൃദയം ഒരു മാലാഖ സ്വർഗത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നിടത്താണു കഥ അവസാനിക്കുന്നത്.