ബിൽ ഗേറ്റ്സും സക്കർബർഗും മക്കൾക്ക് ‘സ്ക്രീൻ ജിവിതം’ വിലക്കിയതെന്തിന്?
ബെർളി തോമസ്
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സും ഫെയ്സ്ബുക് ഉപജ്ഞാതാവ് സക്കർബർഗും അവരുടെ മക്കൾക്ക് ‘സ്ക്രീൻ ജിവിതം’ വിലക്കിയതെന്താണ്...?
230 കോടി ജനങ്ങളെ ഫെയ്സ്ബുക്കിൽ സജീവമാക്കി നിർത്തിയിട്ട്, ശേഷിക്കുന്ന കോടികളെക്കൂടി അതിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന മാർക്ക് സുക്കർബർഗ് സ്വന്തം മകൾ മാക്സിമയെ ഫെയ്സ്ബുക് പോയിട്ട് ഫോൺ പോലും തൊടാൻ സമ്മതിച്ചിട്ടില്ല. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സും ഇതുതന്നെയാണ് ചെയ്ത്. 13 വയസ്സു വരെ സ്വന്തം മക്കളെ ഫോണിന്റെ പിടിയിൽ നിന്നകറ്റി നിർത്തി.
ഫോൺ മാത്രമല്ല, കംപ്യൂട്ടറോ ടിവിയോ പോലും സ്വന്തം മക്കൾ കാണാതെ അവർ കാത്തുസംരക്ഷിച്ചു. ഐടിയുടെ ലോക തലസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന യുഎസിലെ സിലിക്കൺവാലിയിലെ ഗൂഗിൾ ഉൾപ്പെടെയുള്ള മിക്കവാറും കമ്പനികളെ എക്സിക്യുട്ടീവുകളും എൻജിനീയർമാരുമെല്ലാം ഇപ്പോൾ ഇതേ വഴിയിലാണ്. മക്കൾ ബുദ്ധിയുള്ളവരായി, സാമൂഹികബോധമുള്ളവരായി വളരാൻ സ്ക്രീനിൽനിന്ന് അകറ്റി നിർത്തുന്നു. വീട്ടിൽ മാത്രമല്ല, സ്കൂളിൽ പോലും തങ്ങളുടെ മക്കൾ ഡിജിറ്റൽ സങ്കേതങ്ങളിൽ നിന്നകന്നു പ്രകൃതിയോടിണങ്ങി വളരുന്നു എന്നവർ ഉറപ്പുവരുത്തുന്നു.
എന്നാൽ, ഇവിടെ നമ്മുടെ കുട്ടികൾ ഭാവിയിൽ ബിൽ ഗേറ്റും സ്റ്റീവ് ജോബ്സും സുക്കർബർഗുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷയിൽ പിറന്നുവീണ ഉടൻ അവരെ ടിവിക്കു മുന്നിലിരുത്തുന്നു. മുട്ടിലിഴയുന്ന പ്രായത്തിൽ ഫോൺ നിഷ്പ്രയാസം കൈകാര്യം ചെയ്യാനുള്ള കുഞ്ഞിന്റെ മികവു കണ്ടു മൂക്കത്തു വിരൽ വയ്ക്കുന്നു- നാളത്തെ ഗേറ്റ്സാണ്, ജോബ്സാണ്, സുക്കർബർഗാണ്... സത്യത്തിൽ ആരാണ് ശരി, നമ്മളോ അവരോ?
കുട്ടികളുടെ ടിവി- കംപ്യൂട്ടർ- ഫോൺ ഉപയോഗത്തെപ്പറ്റി ലോകമെങ്ങും ചർച്ച നടക്കുന്ന കാലമാണ്. പലർക്കും പല അഭിപ്രായം. ടിവി നല്ലതാണ് പക്ഷേ, ഫോൺ കൊള്ളില്ല. ഫോണിനും കുഴപ്പമില്ല. വിഡിയോ ഗെയിമാണു പ്രശ്നം... എന്നിങ്ങനെ പല തിയറികളുണ്ട്. സൈക്കോളജിസ്റ്റുകൾ ഇവയെല്ലാം തമ്മിൽ ഇത്തരത്തിലുള്ള വലിയ വ്യത്യാസങ്ങളൊന്നും കാണുന്നില്ല. ടിവിയും കംപ്യൂട്ടറും ഫോണും എല്ലാറ്റിലും കൂടി ഒരു കുട്ടി ചെലവഴിക്കുന്ന സമയത്തെ സ്ക്രീൻ ടൈം എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. സ്ക്രീൻ ഉള്ള ഏതുപകരണം ഉപയോഗിച്ചാലും അതു കുട്ടിയുടെ സ്ക്രീൻ ടൈമിൽപ്പെടും. സ്ക്രീൻ ടൈം കൂടുന്നതനുസരിച്ചു കുട്ടി ചീത്തയാവും എന്നാണു സങ്കൽപം.
അങ്ങനെ കുട്ടികളെ നന്നാക്കുന്നതിന്റെ ഭാഗമായി സ്ക്രീൻ ടൈം നിയന്ത്രിക്കുന്ന സമ്പ്രദായം തുടങ്ങി. രക്ഷിതാക്കളുടെ ആശങ്കകൾക്ക് ആശ്വാസം പകരാൻ കമ്പനികൾ സ്ക്രീൻ ടൈം മോനിട്ടറിങ് ആപ്പുകളും പേരന്റൽ കൺട്രോൾ ആപ്പുകളും അവതരിപ്പിച്ചു. അപ്പോഴും ഒരു ചോദ്യം ബാക്കി. നിയന്ത്രണത്തോടു കൂടി ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിൽ പിന്നെന്തിനു ബിൽ ഗേറ്റും സ്റ്റീവ് ജോബ്സും സുക്കർബർഗും അവരുടെ മക്കളെ ഇവയിൽ നിന്നു പൂർണമായി അകറ്റി നിർത്തി?
നല്ല സ്ക്രീനും ചീത്ത സ്ക്രീനും
സ്ക്രീൻ ഉപയോഗത്തെ സംബന്ധിച്ചു നമ്മുടെ രക്ഷിതാക്കൾക്കിടയിലുള്ള വിശ്വാസം ഏതാണ്ട് ഇങ്ങനെയാണ് - നല്ല കാര്യങ്ങൾക്കു വേണ്ടി ഇവ ഉപയോഗിക്കാം. ചീത്ത കാര്യങ്ങൾക്കു വേണ്ടിയും ഗെയിമുകൾക്കു വേണ്ടിയും അരുത്. സത്യത്തിൽ ഇതിന് അടിസ്ഥാനമില്ല. എല്ലാ കാര്യങ്ങളിലും നല്ലതു സ്വീകരിക്കുകയും ചീത്ത ഉപേക്ഷിക്കുകയും വേണമെന്ന ആശയത്തെ സ്ക്രീനിലേക്കും വലിച്ചു നീട്ടിയതാണിത്. സ്ക്രീനിലെ കാണുന്ന ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഇതു ശരിയാണ്. എന്നാൽ, സ്ക്രീൻ എന്ന സാങ്കേതികത്വത്തെ സംബന്ധിച്ച് ഈ വാദത്തിനു പ്രസക്തിയില്ല.
കുട്ടികൾക്കു ഫോണിൽ ഗെയിമുകളും സോഷ്യൽ മീഡിയ ആപ്പുകളും വിലക്കുകയും പഠനത്തിനുള്ള ലേണിങ് ആപ്പുകൾ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതു വലിയ ഗുണം ചെയ്യില്ല എന്നു ചുരുക്കം. യുഎസിലെ സിലിക്കൺ വാലിയിൽ മുതൽ ഇന്ത്യയുടെ സിലിക്കൺ വാലിയായ ഹൈദരാബാദിൽ വരെ ടെക്കികൾ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു തിരഞ്ഞെടുക്കുന്നതു വാൾഡോർഫ് സ്കൂളുകളാണെന്നതു മറ്റൊരു കാര്യം. നമ്മൾ, സാധാരണ സ്കൂളുകളെ എത്രത്തോളം ഹൈടെക് ആക്കാമെന്നു നോക്കുമ്പോഴാണ് ഈ ടെക്നോളജികൾ സൃഷ്ടിക്കുന്നവർ അവരുടെ മക്കളെ കൃഷി ചെയ്യാനും പ്രവൃത്തി പരിചയം നേടാനും ഉതകുന്ന, എല്ലാവിധ ടെക്നോളജികളെയും പടിക്കു പുറത്തു നിർത്തുന്ന വാൾഡോർഫ് സ്കൂളിൽ അയയ്ക്കുന്നത്.
സ്ക്രീനിലെ ഉള്ളടക്കം എന്തായാലും കുട്ടികൾ നന്നേ ചെറുപ്പം മുതൽ അവയെ ആശ്രയിച്ചു തുടങ്ങുന്നതു മസ്തിഷ്ക വികാസത്തെ ബാധിക്കുകയും കൗമാരത്തോടെ പെരുമാറ്റ വൈകല്യങ്ങൾക്കു കാരണമാവുകയും ചെയ്യുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.
സ്ക്രീൻ ദുരന്തം
ബ്രിട്ടിഷ് സൈക്കോളജിക്കൽ സൊസൈറ്റി ഫെലോയും ബ്രിട്ടൺസ് റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയുമായ ഡോ. എറിക് സിഗ്മാന്റെ അഭിപ്രായത്തിൽ കുട്ടികൾക്കു വളരെ ചെറുപ്പത്തിൽ സ്ക്രീൻ നൽകുന്നതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. കുട്ടികൾക്ക് ഏകാഗ്രത നഷ്പ്പെടും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിൽ പരാജയപ്പെട്ടേക്കാം. ആശയവിനിമയത്തിലെ പ്രധാനഘടകങ്ങളിലൊന്നായ പദസമ്പത്ത് രൂപീകൃതമാകാതെ പോകും. മാതൃഭാഷ എന്നല്ല ഒരു ഭാഷയിലും ആശയവിനിമയമികവ് ഇല്ലാതെ പോയേക്കാം.
ജനനം മുതൽ 3 വയസ്സു വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ മസ്തിഷ്കം ഏറ്റവും വേഗത്തിൽ വളരുന്നത്. പുറംലോകവുമായുള്ള ആശയ വിനിമയത്തിലൂടെയും പ്രതികരണത്തിലൂടെയുമാണ് ഇക്കാലത്തു മസ്തിഷ്കത്തിലെ പല മേഖലകളും വികാസം പ്രാപിക്കുന്നത്. എന്നാൽ, ഈ പ്രായത്തിൽ ഒരുപാടു സമയം ഫോൺ അല്ലെങ്കിൽ ഏതെങ്കിലും സ്ക്രീനിനു മുന്നിൽ ചെലവഴിച്ചാൽ ഈ ആശയവിനിമയവും പ്രതികരണവും നഷ്പ്പെട്ടുപോകും. ഇത് ഈ കാലഘട്ടത്തിലെ മസ്തിഷ്കവികാസത്തെ തടസ്സപ്പെടുത്തും. ഈ പ്രായത്തിൽ സംഭവിക്കേണ്ട മസ്തിഷ്കവികാസം പിന്നീട് ഒരിക്കലും നടക്കുകയില്ല എന്നതാണ് ഏറ്റവും ഗുരുതരം.
അതായത്, ഈ പ്രായത്തിൽ കുട്ടിക്കു നഷ്പ്പെടുന്നതു ജീവിതത്തിലൂടനീളം പ്രതിഫലിക്കും. മറ്റൊന്നു സ്ക്രീൻ നൽകുന്ന മൾട്ടിമീഡിയ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ്. കുട്ടികൾക്കുള്ള മൾട്ടിമീഡിയ ഉള്ളടക്കത്തെ വളരെ പുരോഗമനപരമായാണ് നമ്മുടെ സമൂഹം കാണുന്നത്. എന്നാൽ, ഇതു കുട്ടികളുടെ ഭാവനാശക്തിയെ മുരടിപ്പിക്കുകയാണു ചെയ്യുന്നത്. അമ്മ കുട്ടിയെ മടിയിലിരുത്തി കഥ പറഞ്ഞുകൊടുക്കുമ്പോൾ അമ്മയുടെ വാക്കുകൾ ചെവിയിലൂടെ കേട്ട് അതു മസ്തിഷ്കത്തിലെത്തി വിശകലനം ചെയ്യപ്പെടുകയും അവയെ ദൃശ്യങ്ങളാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നുണ്ട്.
ഈ പ്രക്രിയയാണു കുട്ടിയുടെ ഭാവനാശക്തിയെ ഉദ്ദീപിപ്പിക്കുന്നത്. എന്നാൽ, മസ്തിഷ്കത്തിന് ഒരു ജോലിയും നൽകാത്തവിധം ദൃശ്യ ശ്രാവ്യ മാർഗങ്ങളിലൂടെ കഥ കുട്ടി ആസ്വദിക്കുമ്പോൾ ഈ ഭാവനാശക്തി വികസിക്കാതെ പോകുന്നു. ചെറുപ്പത്തിൽ വികസിക്കാത്ത ഭാവനാശക്തി മുതിരുമ്പോൾ ഉപയോഗിക്കാനാവില്ല എന്നതു തിരിച്ചറിയണം.
ഏറെ നേരം സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾക്കു സുഹൃത്തുക്കൾ ഉണ്ടാവാതെ പോകുന്നതിനും കാരണമുണ്ട്. മൂന്നു വയസ്സുവരെയുള്ള കാലത്താണു കുട്ടിയുടെ മസ്തിഷ്കത്തിലെ ഫ്രോണ്ടൽ ലോബ് വികസിക്കുന്നത്. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിലൂടെ അവരുടെ അംഗചലനങ്ങളും ഭാവഹാവാദികളും പിന്തുടരാൻ കുട്ടി പഠിക്കുന്നത് ഇക്കാലത്താണ്. ഈ പ്രായത്തിൽ ആശയവിനിമയം കുറഞ്ഞുപോയാൽ ഫ്രോണ്ടൽ ലോബ് വികാസത്തെ ബാധിക്കും. സ്കൂളിലെത്തുമ്പോൾ സുഹൃത്തുക്കളെ നേടുന്നതിൽ പരാജയപ്പെടും. അവർ പറയുന്നത് എന്താണെന്നു മനസ്സിലായാലും അതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്നു പിടികിട്ടാതെ പോകും.
എത്ര സമയം, എങ്ങനെ?
ഒരിക്കൽപ്പോലും സ്ക്രീൻ ഉപയോഗിക്കാതെ വളരുന്ന കുട്ടികളും നന്നേ ചെറുപ്പം മുതൽ മണിക്കൂറുകൾ സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികളും രണ്ടറ്റമാണ്. ഡിജിറ്റൽ ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുന്ന, സാമൂഹികജീവിതത്തിനു പ്രാധാന്യം നൽകുന്ന തലമുറയെ വാർത്തെടുക്കാൻ അമേരിക്കൻ അക്കാദമി ഓഫ് പിഡീയാട്രിക്സ് മുന്നോട്ടു വയ്ക്കുന്ന സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ ശ്രദ്ധേയമാണ്. സ്ക്രീൻ ഉപയോഗം ആദ്യം ഉപയോഗിച്ച, അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം അനുഭവിച്ച രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് യുഎസിലെ ശിശുരോഗവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ ഇവയാണ്.
∙ വിഡിയോ ചാറ്റിങ് അല്ലാതെ 18 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ഒരു സ്ക്രീനും പരിചയപ്പെടുത്തരുത് (ഫോൺ, ടിവി ഉൾപ്പെടെ). 18-24 മാസം പ്രായമുള്ള കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ പരിചയപ്പെടുത്തുന്ന രക്ഷിതാക്കൾ ഉന്നത നിലവാരമുള്ള ഉള്ളടക്കം മാത്രമേ അവതരിപ്പിക്കാവൂ. അവരുടെ പ്രായത്തിനു യോജിച്ച ഉള്ളടക്കം അവതരിപ്പിക്കാം. അത് അവർക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
∙ 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി 1 മണിക്കൂർ വീതം സ്ക്രീൻ അനുവദിക്കാം. അതും അവർ നിലവാരമുള്ള ഉള്ളടക്കം മാത്രമേ കാണുന്നുള്ളൂ എന്നുറപ്പുവരുത്തണം. രക്ഷിതാവു കുട്ടിയോടൊപ്പം സ്ക്രീനിനു മുന്നിലുണ്ടാവണം. വിശദീകരിച്ചുകൊടുക്കേണ്ട കാര്യങ്ങൾ വിശദമാക്കണം. സ്ക്രീനിൽ കണ്ട കാര്യങ്ങൾ തന്റെ ചുറ്റുപാടിൽ പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും വേണം.
∙ 6 വയസ്സ് മുതലുള്ള കുട്ടികൾക്ക് അൽപം കൂടി സമയം അനുവദിക്കാം. എന്നാൽ, സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്ന സമയം കുട്ടികളുടെ മറ്റു കാര്യങ്ങൾക്കു തടസ്സമാകുന്നില്ല എന്നുറപ്പുവരുത്തണം. പുറത്തു കളിക്കാൻ പോകുന്നത് ഒഴിവാക്കി ടിവി കാണാൻ അനുവദിക്കരുത് എന്നു ചുരുക്കം. ഉറക്കത്തിനും വിഘാതമാകരുത്.
∙ കുട്ടികൾ ഉൾപ്പെടെ വീട്ടിൽ എല്ലാവർക്കുമായി സ്ക്രീൻ ഫ്രീ സമയം നിശ്ചയിക്കുക. പ്രത്യേകിച്ചു ഭക്ഷണം കഴിക്കുന്ന സമയത്തും യാത്രയിലും മറ്റും ആരും സ്ക്രീൻ ഉപയോഗിക്കാൻ പാടില്ല എന്നു കർശന നിയമം ഉണ്ടാക്കണം. രക്ഷിതാക്കൾ തന്നെ ഇതു കർശനമായി പാലിച്ചു മാതൃകയാവുകയും വേണം.
∙ 13 വയസ്സിനു ശേഷം മാത്രം സോഷ്യൽ മീഡിയ എന്ന നയത്തിൽ നിന്നു പിന്നോട്ടു പോകരുത്. ഓൺലൈൻ പൗരത്വത്തെപ്പറ്റിയും അതിന്റെ ഉത്തരവാദിത്വത്തെപ്പറ്റിയും അതിലെ അപകടങ്ങളെപ്പറ്റിയും വ്യക്തമായ ധാരണയും ബോധ്യവും വന്നതിനു ശേഷം മാത്രം കുട്ടികൾക്ക് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രവേശനം അനുവദിക്കുക. സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിർദേശങ്ങൾ നൽകുകയും നിരീക്ഷിക്കുകയും ചെയ്യണം.