പ്രൈഡ് ലാൻഡിന്റെ കിരീട അവകാശിയുടെ തിരിച്ചുവരവിന്റെ കഥ!
ജസ്റ്റിൻ മാത്യു
ലോകമെമ്പാടുമുള്ള കുഞ്ഞു ഹൃദയങ്ങളെ അതിശയത്തിന്റെ സ്വർണച്ചരടിൽ കുരുക്കിയിട്ട കഥയാണു ദ് ലയൺ കിങ്. കാടു പശ്ചാത്തലമാക്കി 1994ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ സിനിമയാണിത്. സിംബയെന്ന സിംഹക്കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ദ് ലയൺ കിങ്ങിലൂടെ പറയുന്നത്. അനിമേഷൻ സിനിമയായി ഇറങ്ങിയതിനു ശേഷം വ്യത്യസ്ത ഭാഷകളിലേക്കു കുട്ടിക്കഥയായും ചെറു നോവലായും ഈ കഥ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പല ഭാഷകളിലും ചിത്രകഥാ രൂപത്തിൽ ഇറങ്ങിയ ഈ കഥയ്ക്കു കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു.
വർഷങ്ങൾക്കു ശേഷം ദ് ലയൺ കിങ് വീണ്ടും ചർച്ചയാകുകയാണ്. വാൾട്ട് ഡിസ്നി അനിമേഷന്റെ 32–ാം സിനിമയായി ലയൺ കിങ് വീണ്ടും എത്തിയിരിക്കുന്നു. ലോകമെമ്പാടും വലിയ സ്വീകരണമാണു സിംബയ്ക്കു ലഭിച്ചിരിക്കുന്നത്. തിരക്കഥാകൃത്തുക്കളായ ഐറീൻ മെക്ചി, ജൊനാഥൻ റോബർട്ട്സ്, ലിൻഡ വൂൾവർട്ടൺ എന്നിവരാണു ലയൺ കിങ് സിംബയെ സൃഷ്ടിച്ചത്.
പ്രൈഡ് ലാൻഡ് എന്ന കാടിന്റെ രാജാവാണു മുഫാസ. സിംഹരാജന്റെ പുത്രനാണു കൊച്ചു സിംബ. അധികാരം തട്ടിയെടുക്കാൻ ഒരു കൂട്ടം കഴുതപ്പുലികളുടെ സഹായത്തോടെ സഹോദരൻ സ്കാർ മുഫാസയെ വധിക്കുന്നു.
പക്ഷേ, പിതാവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിംബയിലാണു സ്കാർ ആരോപിക്കുന്നത്. സ്കാറിനെയും കൂട്ടാളികളെയും പേടിച്ചു സിംബ രാജ്യം വിട്ടുപോകുന്നു. വർഷങ്ങൾക്കു ശേഷം ബാല്യകാല സഖിയായ നലയെ കണ്ടുമുട്ടുന്നു. സ്കാറും കൂട്ടരും ചേർന്നു രാജ്യത്തു കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകൾ അവൾ സിംബയെ അറിയിക്കുന്നു. അന്നു രാത്രി സ്വപ്നത്തിൽ എത്തുന്ന മുഫാസ തിരിച്ചുപോയി രാജ്യം സംരക്ഷിക്കാൻ സിംബയോട് ആവശ്യപ്പെടുന്നു. പിതാവിന്റെ ഉപദേശംകൂടി ലഭിക്കുന്നതോടെ സിംബ പ്രൈഡ് ലാൻഡിലേക്കു തിരിച്ചെത്തുകയാണ്.
ചതിയിലൂടെ തന്റെ കുടുംബത്തിൽ നിന്നു തട്ടിയെടുത്ത രാജ്യഭരണം സ്കാറിൽ നിന്നു സിംബ പിടിച്ചെടുക്കുന്നു. പിന്നീടു പ്രൈഡ് ലാൻഡിന്റെ രാജാവായി സിംബ അധികാരത്തിലേറുന്നു. ബാല്യകാല സഖി നലയോടൊത്തു സിംബ പിന്നീടു രാജ്യം ഭരിക്കുന്നു. കഥയായോ സിനിമയായോ സിംബയെ പരിചയപ്പെടാതെ പോയാൽ അതിശയത്തിന്റെ വലിയൊരു ലോകമായിരിക്കും കുട്ടികൾക്കു നഷ്ടപ്പെടുക.