ക്രൂരതകൾ കണ്ടുനിന്ന ആ നാലു വയസുകാരനെ ആരും ഒാർക്കാത്തതെന്ത്? കുറിപ്പ്
സഹോദനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടു നിന്ന വെറും നാലു വയസ്സു മാത്രമുള്ള ആ കുഞ്ഞിന്റെ മാനസികാവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു രാത്രി കൊണ്ട് സംരക്ഷകരില്ലാതെ അനാഥത്വത്തിലേക്ക് വീണു പോയ ആ നാല് വയസ്സുകാരന്റെ തേങ്ങലുകൾ കേൾക്കേണ്ട? ഏഴുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച തൊടുപുഴയിലെ സംഭവം സമൂഹത്തിന്റെ ഉള്ളുലയ്ക്കുമ്പോൾ നമ്മൾ ആ ചെറിയ കുട്ടിയെക്കൂടി കൂടെ ഒാർക്കണമെന്ന് പറയുകയാണ് പ്രമുഖ മനശാസ്ത്രജ്ഞൻ സിജെ ജോൺ. തൊടുപുഴ സംഭവത്തിലെ ഇളയ കുട്ടിയാണ് ആ ട്രാജഡിയിലെ ഏറ്റവും വലിയ ദുഃഖ കഥാപാത്രം.അവൻ കിടക്കയിൽ മൂത്രമൊഴിച്ചതിനുള്ള ശിക്ഷയായിരുന്നല്ലോ നടപ്പിലായത്. രക്ഷാ കർത്താവിന്റെ സ്ഥാനത്തേക്ക് അമ്മ അവരോധിച്ചയാൾ ഏഴു വയസ്സുള്ള ചേട്ടനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ഭയന്ന ആ നാല് വയസ്സുകാരനെ കുറിച്ച് ആരും ഓർക്കാത്തതെന്തേ?
സിജെ ജോണിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് വായിക്കാം
തൊടുപുഴ സംഭവത്തിലെ ഇളയ കുട്ടിയാണ് ആ ട്രാജഡിയിലെ ഏറ്റവും വലിയ ദുഃഖ കഥാപാത്രം.അവൻ കിടക്കയിൽ മൂത്രമൊഴിച്ചതിനുള്ള ശിക്ഷയായിരുന്നല്ലോ നടപ്പിലായത്.രക്ഷാ കർത്താവിന്റെ സ്ഥാനത്തേക്ക് അമ്മ അവരോധിച്ചയാൾ ഏഴു വയസ്സുള്ള ചേട്ടനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ഭയന്ന ആ നാല് വയസ്സുകാരനെ കുറിച്ച് ആരും ഓർക്കാത്തതെന്തേ? അമ്മയെ പോലും വിശ്വസിക്കാനാവാത്ത മാനസിക നിലയിൽ ഭീതിയോടെ കഴിയുന്ന അവനെ സംരക്ഷിക്കാൻ നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉണരേണ്ട? ആ രാത്രിയിലെ ഭീകര രംഗങ്ങൾ എത്ര കാലം ആ ഇളം മനസ്സിനെ വേട്ടയാടിയേക്കാം? ആ കുഞ്ഞു മനസ്സിന്റെ മുറിവുകൾ ഉണങ്ങാൻ എന്ത് ചെയ്യുമെന്ന് ആരും പറയുന്നില്ല.പൊതു സമൂഹത്തിന്റെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെയും ശ്രദ്ധ വെന്റിലേറ്ററിൽ കിടക്കുന്ന കുട്ടിയിലും, പീഡകനിലും, ഭർത്താവ് മരിച്ചപ്പോൾ കൂടെ മറ്റൊരാളെ പൊറുപ്പിച്ച സ്ത്രീയിലുമാണ്. അതാണ് പതിവ് ശൈലി. ഒരു രാത്രി കൊണ്ട് സംരക്ഷകരില്ലാതെ അനാഥത്വത്തിലേക്ക് വീണു പോയ ആ നാല് വയസ്സുകാരന്റെ തേങ്ങലുകൾ കേൾക്കേണ്ട? അങ്ങനെയുള്ളവർ ആരെങ്കിലും പ്രതിയെ കൊണ്ട് വന്നപ്പോൾ കൂവാനും തെറി വിളിക്കാനും പോയവരിലുണ്ടോ? അവനെ പാർപ്പിക്കാൻ സുരക്ഷിതമായൊരു ഇടമൊരുക്കേണ്ടേ? അവനാണ് ഇതിലെ ജീവിക്കുന്ന ഇര.
ഡോ. സി. ജെ. ജോൺ