മൂത്രമൊഴിക്കാൻ പോലും പോകാതെ മൊബൈലിൽ കളി; 3 വയസ്സുകാരന് കൗൺസിലിങ്
മാതാപിതാക്കളുടെ സൗകര്യത്തിനും അല്പ സമയം അടങ്ങിയിരിക്കാനുമാണ് മിക്കവരും കുട്ടികൾക്ക് ഫോൺ കളിക്കാനായി കൊടുക്കുന്നത്. അത് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നു ഈ വാർത്ത. മൂന്നു വയസ്സുള്ള കുഞ്ഞ് സ്ഥിരമായി കിടക്കയിൽ തന്നെ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടിയാണ് കുഞ്ഞിനെയും കൂട്ടി മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയത്. വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ മൊബൈൽ ഫോണാണ് കുഞ്ഞിന്റെ രോഗകാരണമെന്ന് തിരിച്ചറിഞ്ഞു. മൊബൈൽ ഫോൺ കുട്ടികൾക്കു സ്ഥിരമായി കളിയ്ക്കാൻ കൊടുത്താലുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ച് വിദഗ്ധർ പലപ്പോഴും ഓർമിപ്പിക്കാറുള്ളതാണ്.
കേവലം മൂന്ന് വയസുമാത്രമുള്ള കുഞ്ഞിനെ മൊബൈൽ ഫോണിന്റെ അടിമത്തം മാറ്റാൻ കൗൺസിലിങിന് വിധേയനാക്കിയെന്നത് വിശ്വാസിക്കാനാകുമോ? ബെറേലിയിൽ നിന്നും അത്തരമൊരു വാർത്തയാണ് വരുന്നത്.
എട്ടും ഒമ്പതും മണിക്കൂർ തുടർച്ചയായിട്ടാണ് മൂന്നുവയസുകാരൻ ഫോൺ ഉപയോഗിക്കുന്നത്. പ്രിയപ്പെട്ട കാർട്ടൂണുകളായ ഡൊറേമോനും മോട്ടുപട്ടലുവും കണ്ടിരിക്കുന്ന കുട്ടി മൂത്രമൊഴിക്കാൻ പോലും എഴുന്നേൽക്കാറില്ല. മൊബൈൽ കണ്ടുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് പോലും.
വീട്ടുജോലികൾ ചെയ്യുമ്പോൾ കുട്ടി ശല്യപ്പെടുത്താതിരിക്കാൻ അമ്മയാണ് മൊബൈൽ ഫോൺ നൽകി ശീലിപ്പിച്ചത്. അത് പിന്നീട് ഒഴിവാക്കാനാകാത്ത ലഹരിയായി മാറി. കൗൺസിലിങ്ങിന് എത്തിയപ്പോഴും മാതാപിതാക്കൾ ഫോൺ നൽകുന്നത് വരെ കുട്ടി വാശി തുടർന്നുവെന്ന് സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ബെറേലി ജില്ലാ ആശുപത്രിയിൽ സമാനമായ 39 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.