അമ്മയുടെ വയറ്റിനുള്ളിൽവച്ചേ സഹിക്കാൻ പഠിച്ചതാണ് വിശപ്പ്: ചങ്ക് പൊട്ടും കുറിപ്പ്
ആഹാരത്തിന്റെ വിലയറിയണമെങ്കിൽ ഒരിക്കലെങ്കിലും പട്ടിണി കിടക്കണമെന്നു പറയാറുണ്ട്. എന്നാലേ വിശപ്പിന്റെ വില അറിയൂ. ആഹാരം പാഴാക്കിക്കളയുന്ന ഓരോരുത്തരും കേൾക്കണം ഏഴുവയസ്സുകാരി മഞ്ജുവിന്റെ കഥ. നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശിൽ നിന്നുള്ള ഈ കുഞ്ഞിന്റെ ജീവിതം പിടയുന്ന ഹൃദയത്തോടെയേ വായിച്ചു തീർക്കാനാകൂ. എന്നും ഐസ്ക്രീമിനും ചോക്ലേറ്റിനും വേണ്ടി വാശിപിടിക്കുന്ന കൂട്ടുകാർ അറിയുന്നുണ്ടോ ഐസ്ക്രീം സ്വപ്നം മാത്രമായ, ഒരു നേരത്തെ ഭക്ഷണത്തിനായി ഇഷ്ടികക്കളങ്ങളിലും ഫാക്ടറികളിലും ജീവിതം ഹോമിക്കുന്ന കുരുന്നുകളെക്കുറിച്ച്.
നമ്മുടെ പല ചേരികളിലേതു പോലെ ബംഗ്ലദേശിലെ ചേരികളിലും മിക്ക കുട്ടികളുടെയും ജീവിതം ഇങ്ങനെയാണ്. മഞ്ജു എന്ന ഈ കുരുന്നിന്റെ ചിത്രവും കഥയും ജിഎംബി ആകാശ് എന്ന ബംഗ്ലദേശി ഫൊട്ടോഗ്രഫർ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. കുഞ്ഞുകൈയിൽ ചുറ്റികയുമായി താൻ പൊട്ടിച്ച ഇഷ്ടികകളുടെ നടുവിൽ നിഷ്ക്കളങ്കമായ ചിരിയോടെ ഇരിക്കുന്ന ഈ കുഞ്ഞ് ഇപ്പോൾത്തന്നെ ഒരു ജീവിതകാലത്തേക്കു മുഴുവനുമുള്ള ദുരിതങ്ങൾ അനുഭവിച്ചു തീർത്തിട്ടുണ്ടാകും.
മഞ്ജു പറയുന്നതിങ്ങനെ- ‘ഞാൻ ജനിച്ച ആ ദിവസം അമ്മ വിചാരിച്ചത് അവർ രക്ഷപ്പെടുകയില്ലെന്നാണ്. പക്ഷേ അന്ന് ഒന്നും കഴിച്ചില്ലായിരുന്നെങ്കിലും അമ്മ ജീവിതത്തിലേക്കു തിരിച്ചുവന്നു. വിശപ്പറിഞ്ഞാണ് ഞാൻ വളർന്നത്. അമ്മ പറയാറുണ്ട് വയറ്റിനുള്ളിൽ ആയിരുക്കുമ്പോഴേ അങ്ങനെയായതിനാൽ അതെനിക്ക് ശീലമായെന്ന്. പക്ഷേ ഇപ്പോൾ ഞാനും അമ്മയും പണിയെടുക്കുന്നതുകൊണ്ട് വിശപ്പറിയാറില്ല. സൂര്യനുദിച്ച ഉടനെ ജോലിക്കു പോകും. എല്ലാ ദിവസവും വീട്ടിൽ തിരിച്ചെത്തുമ്പോൾ നല്ല സങ്കടവും പരാജയപ്പെട്ടതുപോലെയും തോന്നും. 100 ഇഷ്ടിക പൊട്ടിച്ചാലേ എനിക്ക് 95 ടാക്ക കിട്ടൂ. എനിക്കതൊരിക്കലും കഴിയാറില്ല. സൂര്യാസ്തമയമാകുമ്പോഴേക്കും 70 എണ്ണമൊക്കെ പൊട്ടിക്കാനേ എനിക്ക് കഴിയൂ. ഇന്നലെ ഒരു മാജിക്കൽ ദിവസമായിരുന്നു. ആദ്യമായി 100 ഇഷ്ടിക പൊട്ടിച്ചപ്പോൾ 95 ടാക്ക കിട്ടി. ആ അധിക കാശ് കൊണ്ട് അമ്മയ്ക്കും എനിക്കും ഞാൻ ഐസ്ക്രീം വാങ്ങി. ഇന്നലെ ഞാനൊരു പണക്കാരിയായതു പോലെ തോന്നി’.
ബാല്യത്തിന്റെ ഒരു സൗഭാഗ്യവും അനുഭവിക്കാനാവാതെ ഒരുനേരത്തെ ആഹാരത്തിനുമാത്രമായി പണിയെടുക്കുന്ന കുഞ്ഞുങ്ങൾ ധാരാളമുണ്ട് നമുക്കു ചുറ്റും നമ്മുടെ ചുറ്റുപാടുകളിൽ നടക്കുന്നതൊന്നുമറിയാതെ ഭക്ഷണത്തിനായി അനാവശ്യമായി വാശിപിടിക്കുന്ന ഓരോരുത്തും ഈ കുഞ്ഞിന്റെ ജീവിതം അറിയണം. പാഴാക്കിക്കളയുന്ന ഓരോ വറ്റ് ഭക്ഷണവും മറ്റൊരാളുടെ വിശപ്പകറ്റാൻ പര്യാപ്തമാണെന്നു കുട്ടികൾക്കു മാതാപിതാക്കൾ തീർച്ചയായും പറഞ്ഞുകൊടുക്കണം.