ഇവളാണ് എന്റെ ജീവൻ; നെഞ്ചിൽ തട്ടും ഈ സഹോദര സ്നേഹം
കുഞ്ഞനുജത്തിയെ മടിയിലെടുത്തു കൊഞ്ചിക്കുന്ന സദ്ദാം എന്ന ഈ ബാലൻ സഹോദര സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. വീട്ടിലെ പ്രതികൂല സാഹചര്യങ്ങളും ദാരിദ്ര്യവും മൂലം ബാല്യത്തിന്റെ എല്ലാ സന്തോഷങ്ങളും നഷ്ടമാകുന്ന കുഞ്ഞുങ്ങളുടെ പ്രതിനിധികൂടിയാണ് സദ്ദാം. അഞ്ചോ ആറോ വയസ്സുമാത്രമുള്ള ഈ ബാലനാണ് തന്റെ കുഞ്ഞനുജത്തിയെ പകൽ മുഴുവൻ നോക്കുന്നത്. എങ്കിലും തന്റെ കുഞ്ഞനുജത്തിയ്ക്കൊപ്പം അവളുെട കാര്യങ്ങൾ നോക്കി സന്തോഷം കണ്ടെത്തുന്നു ഈ ബാലൻ. സദ്ദാമിന്റെ ജീവിതം ജിഎംബി ആകാശ് എന്ന ഫൊട്ടൊഗ്രാഫറാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ സംസാരിക്കുന്ന, തന്റെ കുഞ്ഞനുജത്തിയെ ജീവനേക്കാൾ സ്നേഹിക്കുന്ന സദ്ദാമിന്റെ കഥയിതാ..
സദ്ദാം പറയുന്നു
'അമ്മയുടെ വയറ്റിലായിരുന്നപ്പോൾ ഒരിക്കൽ എന്റെ പാരിയ്ക്ക് കുറേ നേരത്തേയ്ക്ക് ഒരനക്കവുമുണ്ടായില്ല. സാധാരണ രാത്രിയിലാണ് അങ്ങനെ സംഭവിക്കാറ്. പാരിയ്ക്ക് അനക്കമില്ലാത്തതു കണ്ട് എന്റെ അമ്മ കരച്ചിലായി. അപ്പോൾ നല്ല ഉറക്കാത്തിലായ എന്നെ അമ്മ വിളിച്ചുണർത്തി എന്തെങ്കിലും ചെയ്യാൻ പറഞ്ഞു. ഞാൻ അവളെ വിളിച്ചുകൊണ്ട് നിർത്താതെ പാട്ടു പാടാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ അവൾ അമ്മയെ ചവിട്ടാൻ തുടങ്ങി. പാരി ജനിക്കുന്നതിനു മുൻപേ തന്നെ അവളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. തമ്മിൽ കാണുന്നതിനു മുന്‍പേ തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. അവളൊരു വിത്തിന്റെ അത്രയും ആയപ്പോൾ മുതൽ ഞാനവളെ ഇഷ്ടപ്പെടാൻ തുടങ്ങിയതാണ്. ജനിച്ചയുടനെ അവളെ എന്റെ മടിയിൽ കിടത്തി, അപ്പോൾ വിടർന്ന കണ്ണുകളോടെ അവളെന്നെ നോക്കി, എന്റെ വിരലുകളിൽ ഇറുക്കെ പിടിച്ചിരുന്നു, ഞാൻ ആരാണെന്ന് അവൾക്കറിയാമായിരുന്നു. എന്റെ ജീവിതം തന്നെ അവളാണ്, അവളുടെ ഏക കളിപ്പാട്ടം ഞാനും.. എന്റെ അടുക്കൽ നിന്നും ആരെങ്കിലും അവളെ എടുത്താൽ അവൾ കരയാൻ തുടങ്ങും. ഞങ്ങൾ ഒരു സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഞങ്ങളെ തനിച്ചാക്കിയാണ് അമ്മ ജോലിക്കു പോകുന്നത്. ഞാനാണ് പാരിയ്ക്ക് ആഹാരം കൊടുക്കുന്നത്, പാട്ടുപാടി ചിരിപ്പിക്കുന്നത്... എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല അവൾ എത്ര പെട്ടെന്നാണ് ഓരോ ദിവസവും വളരുന്നത്. അവളെന്നെന്നും എന്റെ കുഞ്ഞനുജത്തിയായിരുന്നാൽ മതി. ഈ ലോകത്തിൽ ഇവളേക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നുമില്ല.'