'ഒരച്ഛന് സ്വന്തം മകളോട് ഇത്ര ക്രൂരമായി പെരുമാറാൻ കഴിയുമോ?'

ഒരച്ഛന് തന്‍റെ മകളോട് ഇങ്ങനെ ഒക്കെ പെരുമാറാൻ പറ്റുമോ? ഇത്രയ്ക്ക് കരുണയില്ലാത്തവനാകാൻ എങ്ങനെ കഴിയുന്നു ഈ അച്ഛന്. സല്‍മ എന്ന ഈ കൊച്ചു പെൺകുട്ടിയുടെ ഹൃദയം നുറുങ്ങുന്ന കഥ കേൾക്കുന്ന ആരും ചോദിച്ചുപോകുന്ന ചോദ്യങ്ങളാണിവ. സ്വന്തം രക്തത്തിൽ പിറന്ന ഈ മകളോട് അവളുടെ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കരുണയില്ലാത്ത പ്രവർത്തികൾ ഏതൊരാളുടേയും കണ്ണുനിറയ്ക്കും. ജിഎംബി ആകാശ് എന്ന ബംഗ്ലദേശി ഫൊട്ടോഗ്രഫർ പങ്കുവച്ച സൽമയുടെ ചിത്രവും കഥയും വളരെപ്പെട്ടന്നുതന്നെ ശ്രദ്ധ നേടി.

സൽമയുടെ വാക്കുകളിലൂടെ..

'എനിക്ക് അച്ഛനെ ഇഷ്ടമല്ല. എനിക്കറിയില്ല എങ്ങനെ ഒരച്ഛന് സ്വന്തം മകളോട് ഇങ്ങനെ പെരുമാറാൻ കഴിയുന്നുവെന്ന്. ഒരിക്കൽ എനിക്ക് അച്ഛൻ ദൈവം തന്ന ഏറ്റവും നല്ല സമ്മാനമായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം അച്ഛൻ പറഞ്ഞു ജീവിക്കാൻ നമ്മൾ രണ്ടുപേരും ജോലി ചെയ്യണമെന്ന്. എന്നെ ജോലിയ്ക്കായി പട്ടണത്തിലാക്കിയിട്ട് അച്ഛൻ ഗ്രാമത്തിൽത്തന്നെ നിന്നു.

കഴിഞ്ഞ നാലുവർഷങ്ങളായി ഞാൻ അടിമയെപ്പോലെ ജോലി ചെയ്തു കിട്ടുന്ന എന്റെ എല്ലാ സമ്പാദ്യവും അച്ഛനു കൊടുക്കുന്നു. എല്ലാ ദിവസവും അൽപം കൂടുതൽ സമ്പാദിക്കാൻ കൂടുതൽ സമയം ഞാൻ പണിയെടുക്കും. എന്റെ ചിലവിനായി ഒരു ചെറിയ തുക എടുത്തിട്ട് ബാക്കി മുഴുവൻ ഞാൻ കൊടുക്കും. ഞാൻ ഒരു പുതിയ ഉടുപ്പുപോലും ഇതുവരെ വാങ്ങിയിട്ടില്ല. ഒരിക്കൽപ്പോലും അൽപം കൂടുതൽ ഭക്ഷണമോ മധുരപലഹാരങ്ങളോ പഴങ്ങളോ ഒന്നും ഞാൻ കഴിച്ചിട്ടില്ല. എന്റെ അച്ഛന്റെ സുഖത്തിനായി ഞാൻ സമ്പാദിക്കുകയായിരുന്നു. എല്ലാ മാസവും ഞാൻ അച്ഛന് പണം അയയ്ക്കുമ്പോൾ അച്ഛൻ പറയും ഞാൻ ഇനിയും കൂടുതൽ സമയം പണിയെടുത്ത് കൂടുതൽ പണം അയയ്ക്കണമെന്ന്. ഇനിയും അച്ഛനോട് കരുണ കാണിക്കണമെന്ന്.

രണ്ടാഴ്ച മുമ്പാണ് ഞാനത് അറിഞ്ഞത്, എന്നെ ഇവിടേയ്ക്ക് അയച്ച ഉടനെ അച്ഛൻ വീണ്ടും കല്യാണം കഴിച്ചു, ഇപ്പോൾ രണ്ട് വയസ്സുള്ള മകളുമുണ്ട്. ഞാൻ നൽകുന്ന പണം കൊണ്ട് അച്ഛൻ ആ പുതിയ കുടുബത്തെ നോക്കുകയാണ്. ഒരച്ഛന് സ്വന്തം മകളോട് ഇത്ര ക്രൂരമായി പെരുമാറാൻ പറ്റുന്നതെങ്ങനെയാണ്? കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ അച്ഛന് പണം അയയ്ക്കുന്നില്ല. അതുകൊണ്ട് എന്നോട് ഇപ്പോള്‍ വെറുപ്പോടെയാണ് പെരുമാറുന്നത്. ഇവിടെ വന്നു പണം വാങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയാണിപ്പോൾ. എനിക്ക് ജന്മം തന്നതുകൊണ്ട് അച്ഛനെ നോക്കണമെന്നാണ് അച്ഛൻ പറയുന്നത്.. എന്റെ എല്ലാ സമ്പാദ്യവും അച്ഛന്റെ കൈയിലാണ്, അതുകൊണ്ടാണ് ആ കുടുബത്തേയും മകളേയും നോക്കുന്നത്. ശരിക്കും എനിക്കറിയില്ല ഞാനിനി എന്തു ചെയ്യുമെന്ന്. എനിക്കച്ഛനെ ഇഷ്ടമല്ല. ഞാനദ്ദേഹത്തിന്റെ മകളല്ലായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണ്.'