'അച്ഛന് ഇസക്കുട്ടിയുടെ ചക്കരയുമ്മ'; ടൊവീനോയും മകളും-ചിത്രങ്ങൾ
ഇസക്കുട്ടിയുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ നടൻ ടൊവിനോ ഒരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ കുഞ്ഞ് ഇസയെ കൈയ്യിലെടുത്ത് കൊഞ്ചിക്കുന്ന മനോഹരമായ ചിത്രങ്ങളാണ് നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനോട് കൊഞ്ചുകയും കെട്ടിപ്പിടിച്ച് ചക്കരയുമ്മ നൽകുകയും ചെയ്യുന്ന ഇസക്കുട്ടിയുടെ ഈ ചിത്രങ്ങൾക്ക് ഒത്തിരി ആരാധകരാണ്.
ടൊവിനോ കുടുംബത്തോടൊപ്പമുളള നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. എന്തായാലും ടൊവിനോ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രത്തിനു താഴെ കമന്റുകളും ലൈക്കുകളും നിറയുകയാണ്.
മുൻപ് ഇസ്സയുടെ കൂട്ടുകാരൻ എന്ന കുറിപ്പോടെ നടൻ ടൊവീനോ പങ്കുവച്ച ചിത്രത്തിനും ആരാധരേറെയായിരുന്നു. ശരീരം മുഴുവൻ സോപ്പ് പതയുമായി ബാത്ത് ടബ്ബിൽ ചിരിയോടെ ഇരിക്കുന്ന ടൊവിനോയുടേയും ഇസക്കുട്ടിയുടേയും ചിത്രത്തിന് ലൈക്കോട് ലൈക്കായിരുന്നു. രണ്ടുവയസ്സുകാരി ഇസ്സയെ കുളിപ്പിക്കുന്ന ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ടൊവിനോ ആരാധകർക്കായി പങ്കുവച്ചത്.
കുഞ്ഞ് ഇസ്സയുമൊത്തുള്ള ടൊവീനോയുടേയും ഭാര്യ ലിഡിയയുടേയും ഒരു വിഡിയോ മുൻപ് വൈറലായിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ടൊവീനയ്ക്കൊപ്പം സ്റ്റേജിൽ കയറിയ ഇസ്സ അന്നും ഒരുപാട് ഇഷ്ടം നേടിയെടുത്തിരുന്നു.
2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഈ കുഞ്ഞോമന പിറക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ "തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസ"മെന്നാണ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.