ചാക്കോ മാഷ് നൽകിയ കവറിലെ ആ മുന്നറിയിപ്പ് എന്തായിരുന്നു?, Tuttu, the journalist chapter 2, Novel, V H Nishad, Kidsclub,  Manorama Online

ചാക്കോ മാഷ് നൽകിയ കവറിലെ ആ മുന്നറിയിപ്പ് എന്തായിരുന്നു?

പ്രശസ്ത കഥാകൃത്ത് വി.എച്ച്. നിഷാദ് ഹായ് കിഡ്സ് കൂട്ടുകാർക്കു വേണ്ടി എഴുതുന്ന അന്വേഷണാത്മക നോവൽ

അധ്യായം മൂന്ന്

ചാക്കോ മാഷ് നൽകിയ കവറിൽ മൂന്നായി മടക്കിയ ഒരു കടലാസായിരുന്നു.
അതിലേക്കു നോക്കവേ ടുട്ടുവിന്റെ കണ്ണുകൾ ചെറുതായി വന്നു.
കുറച്ചു സമയം അതിലൂടെ കണ്ണോടിച്ചിട്ട് കടലാസ് മടക്കി അവൻ ആ കവറിൽ തന്നെയിട്ടു.
‘‘എന്താ ടുട്ടു.. വല്ല ട്രെയിനിങ്ങിനും സെലക്ഷൻ കിട്ടിയതാണോ?’’ ചാക്കോ മാഷ് താൽപര്യത്തോടെ ചോദിച്ചു.
ടുട്ടുവിന് അവൻ എഴുതുന്ന പത്ര സ്ഥാപനത്തിന്റെ വക ചില വർക്ക് ഷോപ്പുകളും ട്രെയിനിങ് പ്രോഗ്രാമുകളും വരാറുള്ളത് ചാക്കോ മാഷിനറിയാം. മാത്രമല്ല അവന്റെ പത്രത്തിനു വേണ്ടി ജില്ലയിലെ സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുടെ ശോചനീയാവസ്ഥയെപറ്റി ഒരു അന്വേഷണ പരമ്പരയും ടുട്ടു എഴുതിയിട്ടുണ്ട്. ഏറെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയതായിരുന്നു ആ കണ്ടെത്തലുകൾ. അതു കൊണ്ടു തന്നെ ഒരു സാധാരണ വിദ്യാർഥിയായിട്ടല്ല ചാക്കോ മാഷ് എന്നും ടുട്ടുവിനെ കണ്ടിട്ടുള്ളത്.
‘‘സർ ഇത് ആരോ എനിക്കയച്ച മുന്നറിയിപ്പാണെന്നു തോന്നുന്നു’’
‘‘മുന്നറിയിപ്പോ?
എന്തിന് ?’’ മാഷുടെ കണ്ണുകൾ അനങ്ങി.
‘‘അതെ, അതാണ് പിടി കിട്ടാത്തത്. സങ്കീർണമായ ഏതോ ഒന്നിനെ ഈ കവറിൽ പിടിച്ചിട്ടിരിക്കുകയാണെന്നു തോന്നുന്നു. ചൂണ്ടയിൽ എന്തോ കൊത്തിയിട്ടുണ്ട്. അതു മീനാണോ മറ്റെന്തെങ്കിലുമാണോ എന്നു തിരിച്ചറിയാവാനാത്ത അവസ്ഥ.’’
‘‘താൻ ഈ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിലൊക്കെ ഹരം പിടിച്ചു നടക്കുന്നതു കൊണ്ടാണ് ഇത്തരമൊരു സംശയം. എന്തായാലും കാര്യമെന്താണെന്നു പറയൂ’’ ‘‘അല്ല സർ, ഇതു ശ്രദ്ധിക്കൂ’’ മൂന്നായി മടക്കിയ കടലാസ് ടുട്ടു വീണ്ടും നിവർത്തി.
ചാക്കോ മാഷിനു കാണാനായി അത് അദ്ദേഹത്തിന്റെ മുഖത്തിനു നേരെ അവൻ ഉയർത്തിപ്പിടിച്ചു.
'Attn. TuTu Journalist എന്നു മുകളിൽ ടൈപ്പ് ചെയ്ത വെളുത്ത കടലാസ്. താഴെയുളള ഭാഗം ഒന്നും എഴുതാതെയും ടൈപ്പ് ചെയ്യാതെയും ശൂന്യമായിക്കിടന്നു. ഏറ്റവും താഴെ, നീണ്ട ഒരു ഒപ്പു പോലെ അനാഥമായിക്കിടന്ന ചില അക്ഷരങ്ങൾ അവർ രണ്ടു പേരും ഒരേ ശബ്ദത്തിൽ വായിച്ചു:
‘2020 മാർച്ച് 26-ന് നഷ്ടപ്പെടും.’
എന്താവും അതെന്ന് രണ്ടു പേരും കുറച്ചു സമയം ആലോചിച്ചു. കത്തിൽ പറഞ്ഞിരിക്കുന്ന ദിവസം ഇന്നാണ്.
‘‘എന്തായാലും ടുട്ടു ഒന്നു കരുതിയിരുന്നോളൂ. വിലപ്പെട്ടതൊന്നും നഷ്ടപ്പെടാതെ നോക്കണം. ചിലപ്പോൾ ക്ലാസിലെ വികൃതിച്ചെക്കന്മാർ ആരെങ്കിലും കളിപ്പിക്കാനായി ചെയ്തതുമാകാം. വീട്ടിൽ പോയി പഠിച്ചോളൂ’’, മാഷ് അവനെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു.
മരച്ചുവട്ടിലേക്കു തിരിച്ചെത്തിയപ്പോൾ അമൽ ടുട്ടുവിനെ വിറളി പിടിപ്പിക്കുവാനായി ചോദിച്ചു, ‘‘ ഹോ, നിന്നെ പോലെ തന്നെ നല്ല ഗൗരവം പിടിച്ച ഉച്ച. പുറത്ത് പകലിനെ ചിക്കൻ-65 പോലെ പൊരിച്ചെടുക്കുന്ന വെയിൽ. റോഡിൽ ഒരു വാഹനക്കുഞ്ഞു പോലുമില്ല. ബുദ്ധിമാനായ ഇൻവസ്റ്റിഗേറ്റിവ് പത്രപ്രവർത്തകൻ ടുട്ടു ജേണലിസ്റ്റിന് ഈ സന്ദർഭത്തെക്കുറിച്ചെന്തു തോന്നുന്നു?’’
‘‘എനിക്കു തോന്നുന്നത്...’’ ഗേറ്റിനു പുറത്തേക്കു നോക്കിയ ടുട്ടു തന്റെ വാക്കുകൾ പാതിയിൽ വിഴുങ്ങി.
(തുടരും)
(തുടരും)