ഒന്നാം വയസ്സിൽ ഫാൻസ്ക്ലബ്; പാറുക്കുട്ടി സ്റ്റാറാ...
ജനിച്ച് നാലാം മാസം മുതൽ സ്റ്റാറായതാണ് ഈ കുഞ്ഞാവ.. സ്റ്റാറെന്നു പറഞ്ഞാൽ ഫാൻസ് ക്ലബ് വരെയുണ്ട് ഈ കുഞ്ഞുതാരത്തിന്. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ കുഞ്ഞാവയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കുടുംബ പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ പാറുക്കുട്ടിയ്ക്കു പിന്നാലെയാണ്. നീലുവിന്റേയും ബാലുവിന്റേയും ലച്ചുചേച്ചിയുടേയും മുടിയൻ ചേട്ടന്റേയും കേശു ചേട്ടന്റേയും ശിവാനി ചേച്ചിയുടേയും മാത്രമല്ല ഒരുപാട് ആരാധകരുടേയും കൂടെ കുഞ്ഞാവയാണ് ഇപ്പോൾ പാറുക്കുട്ടി.
ഇപ്പോൾ കുഞ്ഞാവയ്ക്ക് ഒരു വയസ്സായി. മാസങ്ങൾക്കു മുൻപാണ് പാറുക്കുട്ടിയുടെ ഒന്നാം പിറന്നാൾ സീരിയലിന്റെ സെറ്റിൽ വച്ച് ഗംഭീരമായി ആഘോഷിച്ചത്.
ഈ സുന്ദരിക്കുട്ടിയെ കാണാൻ വേണ്ടി മാത്രം സീരിയൽ വയ്ക്കുന്നവരുമുണ്ട്. മുതിർന്നവർ മാത്രമല്ല, യുവ തലമുറയും പാറുക്കുട്ടിയുടെ കട്ട ഫാൻസാണ്. യൂട്യുബിലും പാറുക്കുട്ടിയുടെ വിഡിയോസിന് നിരവധി ആരാധകരാണ്. അച്ഛൻ ബാലുവിന്റേയും അമ്മ നീലുവിന്റേയും കുസൃതി കുറുമ്പിയായാണ് പാറുക്കുട്ടി ആരാധകരെ കയ്യിലെടുത്തത്.
കരുനാഗപ്പള്ളി സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം മുതൽ ’ഉപ്പും മുളകും’ സീരിയലിൽ അഭിനയിച്ചു തുടങ്ങി. പാറുക്കുട്ടിയുെട ഓമനപ്പേര് ചക്കിയെന്നായിരുന്നു. എന്നാൽ പാറുക്കുട്ടി ആരാധകരുടെ ഇഷ്ടതാരമായതോടെ വീട്ടിലും അമേയ പാറുക്കുട്ടിയാണെന്ന് ഇവർ പറയുന്നു. പാറുക്കുട്ടിയ്ക്ക് യുകെജി വിദ്യാർത്ഥിനിയായ അനിഘയെന്ന ഒരു ചേച്ചിയുണ്ട്.
ഗംഗാലക്ഷ്മിയുടെ സഹോദരന്റെ ഒരു സുഹൃത്ത് വഴിയാണ് പാറുക്കുട്ടി ഉപ്പും മുളകും സീരിയലിൽ എത്തുന്നത്. ആറു മാസം പ്രായമുള്ള കുഞ്ഞിനെ ആവശ്യമുണ്ടെന്ന ഓഡിഷൻ കോൾ കണ്ടതോടെ അമേയയെയും കൂട്ടി മാതാപിതാക്കൾ കൊച്ചിയിലെത്തി. ഒരു മാസം കഴിഞ്ഞാണ് വാവയെ പാറുക്കുട്ടിയായി തിരഞ്ഞെടുത്തതായി അറിയിച്ചത്.
വെറും നാലു മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ആദ്യ എപ്പിസോഡിൽ അഭിനയിക്കുന്നത്. എല്ലാവരോടും വളരെ പെട്ടെന്ന് തന്നെ അവൾ ഇണങ്ങി. കൊച്ചിയിലാണ് സീരിയലിന്റെ ഷൂട്ടിങ് നടക്കുക. മാസത്തിൽ 15 ദിവസം പാറുക്കുട്ടിക്ക് ഷൂട്ടിങ്ങുണ്ട്. അതുകഴിഞ്ഞ് കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിപ്പോകും. ഇപ്പോൾ ആളുകൾക്കിടയിൽ സൂപ്പർതാരമാണ് പാറുക്കുട്ടി. എവിടെ പോയാലും പാറുക്കുട്ടിയെ കണ്ടാൽ ആളുകൾ തിരിച്ചറിയും. പിന്നെ ഓടിവന്ന് അവളെ കൊഞ്ചിക്കാനും ഒന്ന് തലോടാനും സെൽഫിയെടുക്കാനുമൊക്കെ ആരാധരുടെ തിരക്കാണ്.