ആംബുലൻസിന് വഴികാട്ടിയായി;  വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്കാരം!, Flood, Venkidesh, Bravery award, Guiding ambulance, Video, Social Media, Viral Post, Manorama Online

ആംബുലൻസിന് വഴികാട്ടിയായി; വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്കാരം!

പുഴയും റോഡു തിരിച്ചറിയാത്ത വലഞ്ഞ ആംബുലൻസ് ഡ്രൈവർക്ക് വഴികാണിച്ചുകൊടുത്ത് ആ കൊച്ചുമിടുക്കനെ ഓർമയില്ലേ? വിഡിയോ വൈറലാതോടെ ആരാണ് ആ കുട്ടി എന്നതാണ് എല്ലാവരും അറിയാൻ കാത്തിരുന്നത്. പന്ത്രണ്ട് വയസ്സുകാരൻ വെങ്കിടേഷ് ആയിരുന്നു ആ മിടുമിടുക്കൻ. ഇപ്പോഴിതാ ആ മിടുക്കനെത്തേടി കർണാടക സർക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരം എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 15, വ്യാഴാഴ്ച റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടെയാണ് പുരസ്കാരം സമ്മാനിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി ആണ് വെങ്കിടേഷിന് പുരസ്കാരം നൽകിയത്.

പ്രളയത്തിൽ കർണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകുകയും റോഡും നദിയും തമ്മിൽ തിരിച്ചറിയാനാകാതെ വരുകയുമായിരുന്നു. ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലാണ് ആ സംഭവം നടന്നത്. തടാകത്തിന് കുറുകെയുള്ള പാലത്തിൽ വെള്ളം കയറിയതോടെ അതുവഴിയുള്ള ഗതാഗതം തടസ്സമായി. യുവതിയുടെ മൃതദേഹവുമായി വന്ന ആംബുലൻസ് ഡ്രൈവർ വഴി മനസ്സിലാകാതെ വലഞ്ഞു. ഇത് കണ്ട വെങ്കിടേഷ് പാലത്തിലൂടെ ആംബുലൻസിന് വഴികാണിക്കാനായി ഓടുകയായിരുന്നു. തന്റെ പിന്നാലെ വരാൻ ഡ്രൈവർക്ക് നിർദേശം നൽകിയിട്ടാണ് അവൻ ഈ ധീരകൃത്യം ചെയ്തത്. പലപ്പോഴും അവന്റെ കുഞ്ഞ് കാല് കുഴഞ്ഞ് അവൻ വീണുപോകുന്നുണ്ടെങ്കിലും ആ ദൗത്യത്തിൽ നിന്നവൻ പിൻവാങ്ങിയില്ല. ഇടയ്ക്ക് തിരിഞ്ഞു ആംബുലൻസ് വരുന്നുണ്ടോയെന്നും നോക്കിയാണ് അവന്റെ ഓട്ടം.

ചെയ്യുന്നത് അപകടമാണെന്ന് കൂട്ടുകാർ വിലക്കിയിട്ടും ആ ആറാംക്ലാസുകാരൻ പിൻവാങ്ങിയില്ല. താൻ ചെയ്യുന്നത് ധീരതയാണെന്നൊന്നും അറിയില്ലായിരുന്നെന്നും ആ ആംബുലൻസ് ഡ്രൈവറെ സഹായിക്കണമെന്നു മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അവൻ പറയുന്നു. രണ്ടു വർഷം മുൻപ് പുഴയിൽ വീണ ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഈ മിടുക്കൻ.

പ്രളയത്തിൽ അവന്റെ വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് വെങ്കിടേഷിന്റെ കുടുംബം മാറിയിരുന്നു. എന്നാൽ ക്യാമ്പിലും പ്രളയ ദുരിതമെത്തിയതോടെ ബന്ധുവീട്ടിലാണിവന്റെ കുടുബം. കർഷക കുടുംബമാണ് വെങ്കിടേഷിന്റേത്.