വീട്ടിൽ ശുചിമുറിയില്ല, മകൾ അച്ഛനെതിരെ പരാതി നൽകി; അഭിനന്ദിച്ച് വിജയ് സേതുപതി
ശുചിമുറിയുടെ അഭാവം എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആർക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ ഇതാ ഒരു കൊച്ചുകുട്ടി തന്‍റെ ധീരമായ പ്രവർത്തിയിലൂടെ ശ്രദ്ധേയമാകുകയാണ്. ശൗചാലയം ഉപയോഗിക്കണം എന്നൊക്കെ സ്കൂളിൽ പഠിപ്പിക്കുകയും ടിവി പരസ്യങ്ങളില്‍ അതു തന്നെ കാണിച്ചിട്ടും വീട്ടിൽ വന്ന് അതേ തെറ്റുതന്നെ ചെയ്യുമ്പോൾ എനിക്ക് നാണം തോന്നി എന്നാണ് ഹനീഫ എന്ന കൊച്ചുമിടുക്കി പറയുന്നത്.
മക്കൾ സെൽവൻ വിജയ് സേതുപതി അവതാരകനായെത്തുന്ന ടെലിവിഷൻ ഷോയാണ് ‘നമ്മ ഒരു ഹീറോ’. ഷോയില്‍ താരം പരിചയപ്പെടുത്തിയ ഒരു ഏഴു വയസ്സുകാരിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ താരം.
വെല്ലൂർ ജില്ലയിലെ ആമ്പൂരിലെ ഹെയ്സാനുള്ള – മെഹനിൻ ദമ്പതികളുടെ മകളായ രണ്ടാം ക്ലാസ്സുകാരി ഹനീഫ സാറയാണ് ഈ കൊച്ചുമിടുക്കി. വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തതിന്റെ പേരിൽ സ്വന്തം അച്ഛനെതിരെ പരാതി നല്‍കിയാണ് ഹനീഫ സാറ വാർത്തകളിൽ നിറഞ്ഞത്.
“ഇന്നത്തെ അതിഥി വളരെ ചെറിയ കുട്ടിയാണെങ്കിലും നമ്മൾ മുതിർന്നവർക്ക് ഹനീഫയെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്” എന്ന ആമുഖത്തോടെയാണ് പരിപാടിയിൽ വിജയ് സേതുപതി ഈ കൊച്ചുമിടുക്കിയെ പരിചയപ്പെടുത്തിയത്.
അച്ഛനെതിരെ പരാതി കൊടുക്കുന്ന കാര്യം ആദ്യം ഉമ്മ മെഹനിനോടാണ് ഹനീഫ പറഞ്ഞത്. മെഹനിൻ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വീട്ടിൽ നിന്നു പരാതി എഴുതി തയാറാക്കിയാണ് ഹനീഫ പൊലീസ് സ്റ്റേഷനിലേക്കു പോയത്. പരാതിയുമായെത്തിയ ഏഴുവയസ്സുകാരിയെ കണ്ട് എസ്.ഐ വലർമതിയും അമ്പരന്നു.
വെറുതെ പരാതി കൊടുക്കുക മാത്രമല്ല, തുടർന്ന് വീട്ടിൽ ശുചിമുറി എന്ന തന്റെ ആഗ്രഹം സഫലീകരിക്കുകയും ചെയ്തു ഹനീഫ. ഹനീഫയുടെ കഥയറിഞ്ഞ ജില്ല കളക്ടർ എസ്.എ. രാമൻ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ഹനീഫയുടെ വീട്ടിൽ ശൗചാലയം നിർമ്മിച്ചു നൽകി. ഒപ്പം ചുറ്റുവട്ടത്തുള്ള നൂറോളം വീടുകളിലും ശുചിമുറി സൗകര്യം ഒരുക്കാന്‍ കളക്ടർ തയാറായി. ആമ്പൂർ നഗരസഭയുടെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഹനീഫ ഇപ്പോൾ.