പത്താം ക്ലാസുകാരുടെ അച്ഛൻ ഇങ്ങനെയാകണം: കുറിപ്പ് വൈറൽ , SSLC, Father love,Tension Free,, Manorama Online

പത്താം ക്ലാസുകാരുടെ അച്ഛൻ ഇങ്ങനെയാകണം: കുറിപ്പ് വൈറൽ

പരീക്ഷ എന്നു കേൾക്കുമ്പോഴേ മാതാപിതാക്കളുടെ ഭാവം തന്നെ മാറും. പിന്നെ കുട്ടികളുടെ കളികളും ചിരികളുമൊക്കെ മിക്ക വീടുകളിലും ഓർമകള്‍ മാത്രമാകും. മുറ്റത്തേയ്ക്കിറക്കില്ല, ടി വിയും ഗെയിമുകളുമെല്ലാം പൂട്ടിവയ്പ്പിക്കും. പിന്ന പഠിക്ക് പഠിക്ക് എന്ന പല്ലവിമാത്രമാകും മാതാപിതാക്കള്‍ക്ക് പറയാനുള്ളത്. ഇനി അത് പത്താം ക്ലാസെങ്ങാനുമാണെങ്കിലോ? കുട്ടികളുടെ കാര്യം അതിലും കഷ്ടത്തിലാകും. പത്താം ക്ലാസെന്നാൽ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടമെന്നാണ് പൊതുവെ പറഞ്ഞുവച്ചിട്ടുള്ളത്. ശരിക്കും കുട്ടികളേക്കാള്‍ വെപ്രാളവും ടെൻഷനും മാതാപിതാക്കൾക്കു തന്നെയാണ്.

കുട്ടി നന്നായി പഠിച്ചു കാണില്ലേ? നല്ല മാർക്കു കിട്ടുമോ? അടുത്ത അഡ്മിഷൻ തുടങ്ങിയ ചിന്തകളാൽ മാതാപിതാക്കളും വലയുന്ന സമയമാണ് പത്താം ക്ലാസ് പരീക്ഷാക്കാലം. എന്നാൽ മകളുടെ പത്താം ക്ലാസ് പരീക്ഷാക്കാലത്തെ കൂളായി നേടുന്ന ഒരച്ഛന്റെ കുറിപ്പ് വൈറലാകുകയാണ്. മകളുടെ ടെന്‍ഷൻ പൂപോലെ എടുത്തുമാറ്റിയ ഈ അച്ഛൻ കിടിലനാണെന്നേ... പരീക്ഷക്കാരുടെ അച്ഛന്മാർ ഇങ്ങനെയാകണം.

ജെ.ബിന്ദുരാജ് എന്ന അച്ഛനന്റെ കുറിപ്പ് വായിക്കാം

ഇന്നലെ വൈകിട്ട് ആറരയ്ക്ക് മകൾ വിളിച്ചു.

''അച്ചീ, അച്ചി വന്നിട്ട് എനിക്കൊരിടം വരെ പോണം.''

''എവിടാടീ?''

''ഷൂസും വേറെ കുറച്ചു സാധനങ്ങളുമൊക്കെ വാങ്ങണം.''

''നിന്റെ കൈയിൽ കാശുണ്ടല്ലോ. നിനക്കങ്ങ് വാങ്ങിച്ചാൽ പോരെ. വേണേൽ അമ്മേം കൂട്ടിക്കോ.''

''ഞാൻ അച്ചി വരാൻ വെയിറ്റ് ചെയ്യുകയാണ്. അച്ചി വന്നിട്ടേ പോകുന്നുള്ളു.''

ഞാൻ ഒന്നു ശങ്കിച്ചു. എല്ലാ കാര്യവും ഒറ്റയ്ക്ക് ചെയ്യണമെന്ന് നിർബന്ധമുള്ള എന്റെ മകൾ ഇതെന്താണ് ഇപ്പോ പതിവില്ലാതെ ഞാൻ കൂട്ടുചെല്ലണമെന്ന് നിർബന്ധം പിടിക്കുന്നത്?

ഞാൻ വീട്ടിലെത്തി, അവളേയും കൂട്ടി സ്‌കൂട്ടറിൽ യാത്രയായി.

''അച്ചി, നാളെ എന്റെ പത്താം ക്ലാസ് തുടങ്ങുകയാണ്.''- അവൾക്കെന്തോ എന്നോട് പേഴ്‌സണലായി പറയാനുണ്ടെന്ന് മനസ്സിലായി. അതിനാണ് എന്നോട് വരാൻ പറഞ്ഞത്.

''അതിന്? അതിത്ര വലിയ സംഭവമൊന്നുമല്ലല്ലോ. അതു കഴിഞ്ഞ് വേറെയും കുറെ ക്ലാസുകൾ വരും.''- ഞാൻ.

''അതല്ല. പത്താം ക്ലാസ്സാകുമ്പോൾ നന്നായി പഠിക്കണമെന്നും നല്ല മാർക്ക് മേടിക്കണമെന്നുമൊക്കെ പേരന്റ്‌സ് പറയാറുണ്ടല്ലോ....''- മകൾ.

''ഞാനങ്ങനെയൊന്നും ഇക്കാലമത്രയും നിന്നോട് പറഞ്ഞിട്ടില്ലല്ലോ. പത്താം ക്ലാസിൽ നീ സാധാരണ പോലെ പഠിക്കുന്നു. പാസ്സായാൽ അടുത്ത ക്ലാസിലേക്ക് പോകും,'' ഞാൻ.

''മറ്റു കുട്ടികളുടെയൊക്കെ വീട്ടിൽ അച്ഛനന്മമാർ വലിയ ടെൻഷനിലാ.''- മകൾ.

''എന്തിന്? പത്താം ക്ലാസ്സിൽ നല്ല മാർക്ക് നേടണമെന്നും അതിനുശേഷം പ്ലസ് ടുവിന് ചേരണമെന്നും പിന്നെ ഡിഗ്രി പഠിക്കണമെന്നും ജോലി നേടണമെന്നും കരിയറിൽ വിജയിക്കണമെന്നും പറഞ്ഞല്ലല്ലോ നീ ഈ ഭൂലോകത്ത് ജനിച്ചത്. പിന്നെ എന്തിനാ ടെൻഷൻ? ഇതൊക്കെ മനുഷ്യർ ജീവിതം സങ്കീർണമാക്കാൻ വേണ്ടി സൃഷ്ടിച്ച കാര്യങ്ങളല്ലേ?''- ഞാൻ ഓളെ റിലാക്‌സ്ഡ് ആക്കി.

''എന്നാലും എല്ലാരും ടെൻഷനടിക്കുമ്പോൾ അച്ചിയും എന്റെ കാര്യത്തിൽ ടെൻഷനടിക്കില്ലേ?''

''ഇല്ല. എന്റെ ടെൻഷൻ പത്താം ക്ലാസ്സിലായി എന്നുപറഞ്ഞ് നീ രാവിലെ മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കാതെ നടക്കുകയും അവ വൈകുന്നേരം വാടിക്കരിഞ്ഞ് നിൽക്കുമോ എന്നു മാത്രമാണ്. എന്തു ചൂടാല്ലേ ഇപ്പോ?''- ഞാൻ.

ഷൂസും അനുബന്ധ സാമഗ്രികളുമൊക്കെ വാങ്ങി അച്ചിയും മകളും മടങ്ങി.

രാവിലെ അച്ചിയുണർന്നു നോക്കുമ്പോൾ മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു കുതിർന്നു നിൽക്കുന്നു. ചെടികളുടെ തടങ്ങൾ മാത്രമല്ല അവയുടെ ഉടലും ഈറനായിരിക്കുന്നു. ചെടികളെ തഴുകിയെത്തുന്ന കാറ്റിനു പോലുമുണ്ട് തണുപ്പ്.

സൈക്കിൾ ബെല്ലടിച്ചു.

മകൾ സ്‌കൂളിലേക്ക് യാത്രയാകുകയാണ്.

എന്തിനാണാവോ? അവൾ എന്നേ ബിരുദാനന്തര ബിരുദം നേടിക്കഴിഞ്ഞിരിക്കുന്നു.❤️❤️