'കുഞ്ഞിക്കാലഘട്ടം' താണ്ടാൻ ഒത്തിരി ക്ഷമ വേണം - ഒരമ്മയുടെ കുറിപ്പ്, Kill this love challenge, Dance, Siblings, Viral Video, Manorama Online

'കുഞ്ഞിക്കാലഘട്ടം' താണ്ടാൻ ഒത്തിരി ക്ഷമ വേണം - ഒരമ്മയുടെ കുറിപ്പ്

ഓരോ 'കുഞ്ഞു 'മരണങ്ങളുടേയും പീഡനങ്ങളുടേയും വാർത്തകൾ പുറത്തു വരുമ്പോഴും നമ്മൾ ഞെട്ടുന്നു, കുറേ അഭിപ്രായങ്ങളുടേയും വിമർശനങ്ങളുടേയും ചീത്തകളുടേയും കോലാഹലങ്ങൾ - പിന്നെ മറക്കുന്നു. അമ്മമാരാൽ, അച്ഛന്മാരാൽ, മറ്റുള്ളവരാൽ - ക്രൂരത എന്തിനാണീ കുഞ്ഞുങ്ങളോട് ? ഭാവിയിലെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ നോവാതെയും സുരക്ഷിതരായും ഇരിക്കണ്ടേ? നെഞ്ചു പൊടിയുന്നുണ്ട് വല്ലാതെ..... ഇതിലധികം ക്രൂരതകൾ കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്....

ഒന്നു മനസ്സിലാക്കു...മാനസികാസ്വാസ്ഥ്യങ്ങളുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും പരിഹാരമല്ല വിവാഹവും സന്താനോൽപാദനവും!

കല്യാണം കഴിപ്പിച്ചാൽ അവൻ അഥവാ അവൾ നേരെയായിക്കൊള്ളും - ഈ ചിന്ത ഇനിയെന്നു മാറും?  ആരെയും നേരെയാക്കാനുള്ള ഉപാധിയല്ല വിവാഹം - നല്ല മനസ്സുറപ്പുണ്ടെങ്കിൽ, നല്ല താത്പര്യമുണ്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതി. വളർത്താനുള്ള ക്ഷമയും ചങ്കുറപ്പുമുണ്ടെങ്കിൽ മാത്രം കുട്ടികളെ ജനിപ്പിച്ചാൽ മതി. ഒരു 'കുഞ്ഞിക്കാലഘട്ടം' താണ്ടാൻ ഒത്തിരി ക്ഷമ വേണം - അതൊക്കെ ഇല്ലാത്തവർ ജനിപ്പിക്കാതിരിക്കട്ടെ - 'ഒരു കുട്ടീ ണ്ടായാ ശര്യായ്ക്കോളും ' എന്നു പറഞ്ഞ്, നിങ്ങൾക്കൊരുറപ്പുമില്ലാത്ത കാര്യത്തിനു നിങ്ങളുടെ മക്കളെ നിർബ്ബന്ധിക്കരുതേ.... ഉണ്ടായിക്കഴിഞ്ഞ് ദ്രോഹിക്കുന്നതിനേക്കാൾ നല്ലതല്ലേ ആ പാവങ്ങൾ ജനിക്കാതിരിക്കുന്നത്?

ഒരു പാടു സ്വാതന്ത്ര്യവും സ്വസ്ഥതയും ആഗ്രഹിക്കുന്നവർ തനിച്ചു ജീവിക്കട്ടെ..

നമ്മുടെ ശരീരത്തിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്നു എന്നു കരുതി നമുക്കുണ്ടാകുന്ന ദ്വേഷ്യവും വിചാരങ്ങളും ആഗ്രഹങ്ങളുമെല്ലാം അടിച്ചേല്പിക്കാനുള്ള ഉപകരണങ്ങളോ പരീക്ഷണ വസ്തുക്കളോ അല്ല മക്കൾ..... നമ്മളെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാനും വളരാനും എല്ലാ അവകാശങ്ങളുമുള്ള വ്യക്തികളാണ്.....

ശരീരത്തിനെന്ന പോലെ മാനസികനിലകളിലുണ്ടാകുന്ന വ്യതിയാനങ്ങളെയും രോഗമായി കണ്ട് തക്ക സമയത്ത് ചികിത്സിക്കുന്ന തലത്തിലേക്ക് നമ്മുടെ സമൂഹവും ചിന്തിക്കണം. വിദേശങ്ങളിൽ ഡിപ്രഷനൊക്കെ ആളുകൾ സ്വന്തമായി പോയി ചികിത്സ തേടുന്നുണ്ടല്ലോ.. അവർക്കതു തുറന്നു പറയാൻ ഒരു മടിയുമില്ല, നാണക്കേടുമില്ല. ഇവിടെയോ ഒരു സൈക്ക്യാട്രിസ്റ്റിനെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരെ 'ഭ്രാന്തിനു ചികിത്സിച്ചിട്ടുള്ളവരായി ' കാണുമെന്ന് പേടിച്ച് ആരും സ്വന്തമായും ചികിത്സ തേടില്ല, വീട്ടുകാരും അനങ്ങില്ല. അങ്ങനെ അവസാനം കാര്യങ്ങൾ കൈവിട്ടു പോയിക്കഴിയുമ്പോഴേ മിണ്ടൂ. അപ്പോപ്പിന്നെ പോസ്റ്റ് പോർട്ടം ഡിപ്രഷനായി, ടെൻഷനായി വേറെ നൂറു നൂറു കാരണങ്ങളായി...... കുറ്റം ചെയ്യുന്നവർ കുറ്റവാളികളല്ലേ..... അവർ ശിക്ഷിക്കപ്പെടണം.... രക്ഷപെടുത്താനുള്ള കാരണങ്ങൾ അപ്പോഴല്ല ആലോചിക്കേണ്ടത്.

എന്റെ അഭിപ്രായത്തിൽ, ഗർഭിണികൾക്കുള്ള പരിശോധനകൾ, കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ ഇതൊക്കെ നിർബ്ബന്ധിതമാക്കിയിട്ടുള്ള പോലെ ഗർഭധാരണത്തിന്റെ ആദ്യഘട്ടം മുതലേ നിലവാരമുള്ള കൗൺസലിംഗും മറ്റും മാതാപിതാക്കൾക്ക് നിർബ്ബന്ധിതമാക്കണം. ശിശുക്കളുടെ ഒരു പ്രായം വരെ പ്രതിരോധ കുത്തിവയ്പുകൾ സമയാസമയം കൊടുക്കുമ്പോലെ രണ്ടു പേർക്കും ഇതു തുടരുകയും വേണം. അമ്മയാവുക, അച്ഛനാവുക ഇതൊക്കെ എത്ര വലിയ അനുഗ്രഹമാണ്... അതിന്റെ വില അറിയേണ്ടേ.

പകർച്ചവ്യാധികൾക്ക് നമ്മൾ ഉടനടി പരിഹാരം കാണില്ലേ? അതുപോലെ ഗുരുതരമായ സ്ഥിതിവിശേഷമല്ലേ കുഞ്ഞുങ്ങളോടുള്ള ക്രൂരതകളും! അടിസ്ഥാനപരമായ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ ഇനിയും വൈകിക്കൂടാ.... നമ്മുടെ സാക്ഷര കേരളത്തിലെങ്കിലും കുഞ്ഞുങ്ങൾ സുരക്ഷിതരായി ജനിക്കട്ടെ...... സുരക്ഷിതരായി വളരട്ടെ.

സുരക്ഷിത കരങ്ങൾ അവരെ നെഞ്ചോടു ചേർത്തു പിടിക്കട്ടെ..... അന്നേ മക്കൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങളടക്കം പലതും മാറ്റിവച്ചു ജീവിക്കുന്ന, കുഞ്ഞുങ്ങളുടെ ലോകത്തിനപ്പുറം ഒരു സ്വർഗ്ഗവുമില്ലെന്നു കരുതുന്ന, അമ്മ മനസ്സുകൾക്ക് സ്വസ്ഥമായി ഉറങ്ങാനാവു.......

ഇനിയും കൈവിടാത്ത പ്രതീക്ഷകളോടെ, ഹൃദയത്തിൽ തൊട്ട് -
ഒരമ്മ
സിംപിൾ ചന്ദ്രൻ