വീട്ടിൽ വരുന്ന അതിഥികളെ ഉലക്ക കൊണ്ട് അടിക്കുന്ന പോറ്റി !
വിഷ്ണു പോറ്റിയും ലക്ഷ്മിയും – പുനരാഖ്യാനം : ജേക്കബ് ഐപ്പ്
ഗ്രാമക്ഷേത്രത്തിലെ പൂജാരിയാണ് വിഷ്ണു പോറ്റി. ഏഴര വെളുപ്പിന് അദ്ദേഹം ഉണർന്നെണീറ്റ് ക്ഷേത്രത്തിൽ പോകും. ആരാധനയും പൂജയും കഴിഞ്ഞ് അദ്ദേഹം മടങ്ങി എത്തു മ്പോൾ ഒന്നു രണ്ട് അതിഥികളും ഒപ്പം ഉണ്ടായിരിക്കും. അവർക്ക് ഭക്ഷണം കൊടുക്കണം. അടുക്കളയിൽ എന്തൊക്കെയുണ്ട് എന്ന് അയാൾ ശ്രദ്ധിക്കാറേയില്ല. ഭാര്യ ലക്ഷ്മി തന്റെ ഭർത്താവിന്റെ ഈ സ്വഭാവത്തിൽ ആകെ വിഷമിച്ചു.
രണ്ടു പേർക്കു മാത്രം കഷ്ടിച്ച് ആഹാരമേ അവിടെ കാണുകയുള്ളൂ. പലപ്പോഴും ലക്ഷ്മി തനിക്കുള്ള ആഹാരവും അതിഥികൾക്കായി നൽകും. വളരെ പരിമിതമായ സാഹചര്യം മാത്രമാണ് അവിടെയുള്ളത്. ലക്ഷ്മിയുടെ ബുദ്ധിമുട്ടോ വീടിന്റെ അവസ്ഥയോ മനസ്സിലാക്കാതെ വിഷ്ണു പോറ്റി എല്ലാ ദിവസവും ക്ഷേത്ര പൂജ കഴിഞ്ഞു വരുമ്പോൾ ഒന്നു രണ്ടു അതിഥികളെയും ഒപ്പം കൂട്ടിയിരിക്കും.
ലക്ഷ്മി അയൽപക്കത്തെ വീടുകളിൽ നിന്ന് ആഹാരവും കറിസാധനങ്ങളും വായ്പ വാങ്ങാൻ തുടങ്ങി. പല ദിവസവും ഭക്ഷണം ഇല്ലാത്തതിനാൽ ആ പാവപ്പെട്ട സ്ത്രീയുടെ ശരീരം ക്ഷീണിച്ചു തുടങ്ങി. ലക്ഷ്മി വരുന്നതു കാണുമ്പോൾ തന്നെ അയൽക്കാർ വീടിന്റെ വാതിൽ കൊട്ടിയടയ്ക്കും.
ഒരു ദിവസം രാത്രിയിൽ അത്താഴവും കഴിഞ്ഞ് ഉറങ്ങാൻ കിടന്ന വിഷ്ണു പോറ്റിയുടെ മുൻപിൽ അവൾ തന്റെ സങ്കടത്തിന്റെ കെട്ടഴിച്ചു.
ലക്ഷ്മി : ‘‘അങ്ങ് ഉറങ്ങിയോ? എല്ലാ ദിവസവും അതിഥികളുമായെത്തിയാൽ ഞാൻ എന്തു ചെയ്യും. അവർക്കു വിളമ്പുവാൻ ഇവിടെ എന്താണ് ഉള്ളത്? അങ്ങ് ഇതറിയുന്നുണ്ടോ? പലപ്പോഴും അയൽക്കാരോട് വായ്പ വാങ്ങിയാണ് ആഹാരം തയാറാക്കുന്നത്. അതിനാൽ ദയവായി ഇനിയും ആളുകളെ കൊണ്ടു വരരുത്.’’
പോറ്റി: ‘‘ ലക്ഷ്മീ ഞാൻ എന്താണ് ഈ കേൾക്കുന്നത്! അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് പുണ്യ പ്രവർത്തിയാണെന്ന് നിനക്ക് അറിയില്ലേ. ലക്ഷ്മി എന്നോട് ഇതു പറയുവാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു. ഭക്ഷണം അതിഥികൾക്ക് കൊടുത്തേ തീരൂ’ ഇതു പറഞ്ഞ് അയാൾ വേഗം കിടന്നു. നിമിഷങ്ങൾക്കു മുൻപേ അയാളുറക്കം പിടിച്ചു. അയാളുടെ കൂർക്കം വലി ഉച്ചത്തിൽ ആയി. ലക്ഷ്മി തന്റെ ദുർഗതി ഓർത്ത് ആ രാത്രി മുഴുവൻ കണ്ണീരൊഴുക്കി ഉണർന്നു കിടന്നു.
നേരം പുലർന്നു. വിഷ്ണു പോറ്റി പതിവുപോലെ പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പൂജ കഴിഞ്ഞ് മടങ്ങി വരുമ്പോൾ പതിവു പോലെ രണ്ട് അതിഥികൾ ഉച്ചഭക്ഷണത്തി നായി അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്. ‘ലക്ഷ്മീ ഭക്ഷണം വിളമ്പൂ’ എന്നു പറഞ്ഞതിനു ശേഷം വിഷ്ണു പോറ്റി കാലും മുഖവും കഴുകാൻ പുറത്തേക്കു പോയി.
ഈ സമയം ലക്ഷ്മി അടുക്കളയിൽ നിന്ന് ഒരു ഉലക്ക എടുത്തു കൊണ്ടുവന്ന് ഭിത്തിയിൽ ചാരി വെച്ചു. ഒരു വിളക്കു കത്തിച്ച് അതിനു മുൻപിൽ വെച്ചു. ഏതാനും പൂക്കളം എടുത്തു പ്രാർത്ഥിക്കാൻ തുടങ്ങി. അപ്പോൾ അതിഥികൾ എന്താണ് ഉലക്കയെ പൂജിക്കുന്നതെന്ന് ലക്ഷ്മിയോട് ചോദിച്ചു. അപ്പോൾ അവൾ കണ്ണു തുറന്നു. ‘നിങ്ങൾ എന്റെ ഭർത്താവിനോട് പറയുകയില്ലെങ്കിൽ ഞാൻ പറയാം. ഭർത്താവിനെ അറിയിക്കുകയില്ലെന്ന് വാക്കു തന്നാൽ മാത്രമേ പറയുകയുള്ളൂ. അവർ പറയുകയില്ലെന്ന് ഉറപ്പു നൽകി. അപ്പോൾ ലക്ഷ്മി ‘‘ എന്റെ ഭർത്താവ് അതിഥികൾക്ക് ഭക്ഷണം നൽകി കഴിഞ്ഞാൽ ഉടനെ ഈ ഉലക്കകൊണ്ട് അവരെ കഠിനമായി അടിക്കും. അദ്ദേഹത്തിന്റെ ആ പാപകർമം പൊറുക്കണേ എന്നു ഞാൻ പ്രാർത്ഥിക്കുകയാണ്.’’ ഇതു കേട്ടതും അതിഥി കൾ ഇരുവരും വീടിന്റെ പുറം വാതിൽ വഴി പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങി ഓടി.
കാലും മുഖവും കഴുകി മടങ്ങി എത്തിയ വിഷ്ണു പോറ്റി അതിഥികൾ എവിടെ എന്ന് അന്വേഷിച്ചു. അപ്പോൾ ലക്ഷ്മി ‘പ്രഭോ അവർക്ക് നമ്മുടെ ഉലക്ക വേണം എന്ന് ആവശ്യപ്പെട്ടു. നമുക്ക് ആകെ ഒരു ഉലക്കയല്ലേ ഉള്ളൂ. അതുകൊണ്ട് ഞാൻ അവ തരാൻ കഴിയുകയില്ലെന്നു പറഞ്ഞു. ഇതു കേട്ടതും അവർ ആകെ പിണങ്ങിപ്പോയിരിക്കുകയാണ്. വിഷ്ണുപോറ്റി ‘എന്തു മോശമാണ് കാണിച്ചത് എന്നു പറഞ്ഞ് ഉലക്കയുമായി അതിഥികളുടെ പുറകെ ഓടി. ഉലക്കയുമായി ഓടി വരുന്ന പോറ്റിയെ കണ്ടതും അതിഥികൾ ജീവൻ കയ്യിലെടുത്തു കൊണ്ട് പറ പറന്നു.
ഭക്ഷണത്തിനു വരുന്ന അതിഥികളെ ഉലക്കകൊണ്ട് പോറ്റി അടിക്കും എന്ന വാർത്ത നാട്ടിൽ പരന്നു. പിന്നീട് അതിഥികളാരും അവിടേക്ക് എത്തി നോക്കിയിട്ടില്ല. ലക്ഷ്മി സന്തോഷത്തോടെ ജീവിക്കാനും തുടങ്ങി.