ഭൂമിയിൽ വളർന്നതിനേക്കാളും പോഷകഗുണമുള്ള ചെടി ഇതോ?, Why is growing plants in space important, Manorama Online

ഭൂമിയിൽ വളർന്നതിനേക്കാളും പോഷകഗുണമുള്ള ചെടി ഇതോ?

നവീന്‍

ഭൂമിയുടെ തൊട്ടടുത്ത ഗ്രഹമെന്നാണു വിശേഷണമെങ്കിലും ചൊവ്വയിലേക്ക് ബഹിരാകാശ യാത്രികർക്ക് എത്തണമെങ്കിൽ മാസങ്ങളെടുക്കും. നാസയാകട്ടെ എന്തു വില കൊടുത്തും ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലും. ഒരുപക്ഷേ ചൊവ്വയിൽ കോളനികളുണ്ടാക്കാൻ വരെയുണ്ട് ശ്രമം. പക്ഷേ ഇതിലെല്ലാം അത്യാവശ്യമായ ഒരു ഘടകമുണ്ട്, യാത്രികർക്കുള്ള ഭക്ഷണം. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കഴിയുന്ന ഗവേഷകരുടെയും പ്രധാന പ്രശ്നം ഭക്ഷണമാണ്. നിലവിൽ ശീതീകരിച്ചു ‘മരവിച്ച’ ഭക്ഷണമാണ് അവർക്കു ലഭ്യമാക്കുന്നത്. ഉണക്കിയ പഴങ്ങൾ, ചോക്കലേറ്റ്, പീനട്ട് ബട്ടർ, ചിക്കൻ, ബീഫ് ഇങ്ങനെ പലതരത്തിലുള്ള ഭക്ഷ്യവസ്തുക്കളുണ്ട്. ഇവയിലെല്ലാം ശരീരത്തിനാവശ്യമായ പോഷകവസ്തുക്കളും കൃത്യമായി അടങ്ങിയിട്ടുണ്ട്. ദീർഘകാലം ഉപയോഗിക്കേണ്ടതിനാൽ അണുവിമുക്തമാക്കിയിട്ടുമുണ്ടാകും. ഇതെല്ലാം രുചിയെ ബാധിക്കും. പക്ഷേ ബഹിരാകാശ യാത്രികർ ഭക്ഷണത്തില്‍ ‘മിസ്’ ചെയ്യുന്ന ഒരു സംഗതിയുണ്ട്– ഫ്രഷ്നസാണത്. ഉണക്കിയതും ശീതീകരിച്ചതുമല്ലാതെ എന്തെങ്കിലും കഴിക്കാൻ കിട്ടുമോയെന്ന അവരുടെ ചോദ്യത്തിനാണിപ്പോൾ ഉത്തരമായിരിക്കുന്നത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇലക്കറിയായ റൊമെയ്ന്‍ ലെറ്റിസ് വിജയകരമായി വളർത്തിയെടുത്തിരിക്കുന്നു നാസയുടെ ഗവേഷകർ. ചരിത്രത്തിലാദ്യമായാണ് ബഹിരാകാശത്ത് ഇത്തരമൊരു നേട്ടം. 2014നും 2016നും ഇടയ്ക്കായിരുന്നു പരീക്ഷണം. പൂർണവളർച്ചയെത്തിയ ലെറ്റിസ് 2-3 മാസംകൊണ്ടു വിളവെടുത്തു. ഗുരുത്വാകർഷണബലം കുറഞ്ഞ അന്തരീക്ഷമാണെന്നോർക്കണം, ഒപ്പം ഭൂമിയേക്കാളും ശക്തമായ റേഡിയേനും. ഇതെല്ലാം ഉണ്ടായിട്ടും ഇവ യാതൊരു കുഴപ്പവുമില്ലാതെ വളർന്നു. ഭൂമിയിൽ വളർത്തിയ ലെറ്റിസിനേക്കാളും പോഷകമൂല്യം ഇവയ്ക്കുണ്ടെന്നും കണ്ടെത്തി. ചൂടിനെ പ്രതിരോധിക്കാൻ ശേഷി കൂടുതലുള്ളവയാണ് റൊമെയിൻ ലെറ്റിസുകൾ. പക്ഷേ ബഹിരാകാശത്തെ റേഡിയേഷൻ ഇവ താങ്ങുമോയെന്ന സംശയമുണ്ടായിരുന്നു.

ഭൂമിയിൽ വളർന്നതിനേക്കാളും പോഷകഗുണമുള്ള ചെടി ഇതോ?, Why is growing plants in space important, Manorama Online

ഇതിനുള്ള ഉത്തരം തേടി ബഹിരാകാശ നിലയത്തിലും ഭൂമിയിൽ യുഎസിലെ കെന്നഡി സ്പെയ്സ് സെന്ററിലും ഒരുപോലെ പരീക്ഷണം നടന്നു. അണുവിമുക്തമാക്കിയ ലെറ്റിസ് വിത്തുകൾ നിലയത്തിലെ വെജിറ്റബിൾ പ്രൊഡക്‌ഷൻ സിസ്റ്റത്തിലാണു വളർത്തിയത്. ‘വെജി’ എന്നു പേരിട്ട ഈ സംവിധാനം നാസയിലെ ഗവേഷകരാണ് ഒരുക്കിയത്. താപനില, കാർബൺഡൈ ഓക്സൈഡിന്റെ സാന്നിധ്യം, ഹ്യുമിഡിറ്റി എന്നിവ അളക്കാനുള്ള സംവിധാനം, എൽഇഡി ലൈറ്റിങ്, വെള്ളമൊഴിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ‘വെജി’യിലുണ്ടായിരുന്നു. ഈ ഡേറ്റ ഭൂമിയിലെ കെന്നഡി സ്പെയ്സ് സെന്ററിലേക്ക് അയയ്ക്കും. അതേ കാലാവസ്ഥയിൽ ഭൂമിയിലും ലെറ്റിസ് ചെടികൾ വളർത്തി. 33 മുതൽ 56 ദിവസം വരെ ഇതു നിരീക്ഷിച്ചു.

ബഹിരാകാശത്ത് ലെറ്റിസ് ഫലപ്രദമായി വളർന്നെന്നു മാത്രമല്ല ഭൂമിയിലേതു പോലെത്തന്നെ ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. പരിശോധനയ്ക്കു ശേഷം മാത്രം ഉപയോഗിക്കേണ്ടതിനാൽ നിലയത്തിലെ ലെറ്റിസ് ശീതീകരിച്ച് ഭൂമിയിലേക്ക് അയയ്ക്കുകയായിരുന്നു. ഭൂമിയിലും ബഹിരാകാശത്തും വളർന്ന ലെറ്റിസുകൾ തമ്മിൽ രാസഘടനയിൽ കാര്യമായ മാറ്റവുമുണ്ടായിരുന്നില്ല. ബഹിരാകാശത്തെ ചില ചെടികളിലാകട്ടെ പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, സൾഫർ, സിങ്ക് എന്നിവ സമൃദ്ധമായും കണ്ടെത്തി. ചില ചെടികളിൽ കാൻസറിനെയും മറ്റു രോഗങ്ങളെയും പ്രതിരോധിക്കുന്ന ഫിനോലിക്സിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ആന്റി ഓക്സിഡന്റുകളും രണ്ട് തരം ലെറ്റിസിലും സമാനമായിരുന്നു. ഡിഎന്‍എയിലും മാറ്റമില്ല. കുരുമുളകും തക്കാളിയും പോലുള്ളവ വളർത്താനാണ് ഇനി ഗവേഷകരുടെ ശ്രമം. ലെറ്റിസ് വളർത്തിയതിലൂടെ ബഹിരാകാശത്ത് ഏതെല്ലാം കാലാവസ്ഥാ സാഹചര്യത്തിൽ ചെടി വളർത്താമെന്നതിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുകയാണ്. ബഹിരാകാശ യാത്രികർക്ക് ഏറെ ഉപകാരപ്പെട്ട , പോഷകസമൃദ്ധമായ ചെടികൾ ഏതെന്നു കണ്ടെത്തി വളര്‍ത്തുകയാണ് അടുത്ത ലക്ഷ്യം.