'ഡയാന സ്വർഗത്തിലിരുന്ന് നിങ്ങളെ കാണുന്നുണ്ട്'; മക്കളോട് വില്യം, Prince William, Kate, Kds, Princess Diana, Viral Post, Manorama Online

'ഡയാന സ്വർഗത്തിലിരുന്ന് നിങ്ങളെ കാണുന്നുണ്ട്'; മക്കളോട് വില്യം

ഡയാന രാജകുമാരിയുെട ഓർമകൾക്ക് ജനങ്ങളുടെ മനസില്‍ ഒരിക്കലും മരണമില്ല. 22 വർഷം മുൻപ് പാരിസിൽ വച്ച് ഒരു കാർ അപകടത്തിൽ അവർ കൊല്ലപ്പെട്ടെങ്കിലും ഇന്നും അവരുടെ ഓർമകൾ ദീപ്തമാണ്. ‘എന്റെ ആദ്യ പരിഗണന കുട്ടികളാണ്. എനിക്കു നൽകാവുന്ന പരമാവധി സ്നേഹവും കരുതലും ശ്രദ്ധയും ഞാൻ അവർക്കു കൊടുക്കും’ എന്ന ഡയാനയുടെ വാക്കുകളിൽ അവർക്ക് മക്കളോടുള്ള കരുതലും സ്നേഹവും വ്യക്തമാണ്. മക്കളായ വില്യമിനേയും ഹാരിയേയും അവർ കരുതലോടെ വളർത്തി. അവർക്ക് എല്ലാത്തിലും വലുത് വില്യമും ഹാരിയുമായിരുന്നു. മക്കളെ വളർത്തുന്നതിൽ ഡയാനയുടെ അതേ രീതികൾ തന്നെ പിൽ‌തുടരുകയാണ് വില്യമും ഭാര്യ കേറ്റ് മിഡിൽറ്റനും.

മക്കൾ എന്തെങ്കിലും വികൃതികൾ ഒപ്പിക്കുമ്പോൾ, താൻ പണ്ട് അങ്ങനെയൊക്കെ ചെയ്തപ്പോൾ അമ്മ എന്താണ് ചെയ്തതെന്ന് ചിന്തിക്കാറുണ്ടെന്ന് വില്യം പറയുന്നു. അമ്മയെന്ന നിലയിൽ ഡയാന വിസ്മയമായിരുന്നു വില്യം ഒാർമിക്കുന്നു.

പലപ്പോഴും വില്യം കുട്ടികളുമൊത്തു പോകുമ്പോൾ അവരുടെ കൈകൾ ചേർത്തു പിടിച്ച്, അവരിലൊരാളായി മാറുന്നതു കാണാം. അതുപോലെ കുട്ടികളുമായി സംസാരിക്കുമ്പോഴും കുനിഞ്ഞോ മുട്ടിൽനിന്നോ അവർക്കഭിമുഖമായി നിൽക്കും. കുട്ടികളുമായോ അസുഖ ബാധിതരുമായോ സംസാരിക്കുമ്പോൾ ഡയാനയും ഇങ്ങനെയായിരുന്നു. വലിയ പരിപാടികളിൽ പങ്കെടുക്കുമ്പോൾ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്നതായി തോന്നാതിരിക്കാനും അവരെയും പരിഗണിക്കുന്നു എന്നറിയിക്കാനുമായിരുന്നു ഡയാന ഇങ്ങനെ പെരുമാറിയിരുന്നത്. വില്യമിനെയും ഹാരിയെയും എന്നും ചേർത്തു നിർത്താനും അവർ ശ്രദ്ധിച്ചിരുന്നു. രാജകുടുംബത്തിൽ ആരും അതുവരെ അങ്ങനെയൊരു കരുതൽ കുട്ടികളോടു കാട്ടിയിരുന്നില്ല.

തങ്ങളുടെ അമ്മയുടെ പേരന്റിങ് രീതികളെക്കുറിച്ച് വില്യമും ഹാരിയും അഭിമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ. ഡയാനയുടെ ഈ രീതികളാണ് വില്യം പിൻതുടരുന്നത്. ഒരു കുടുബ ചിത്രമെടുക്കുന്നതിനിടെ മകനോടു കുനിഞ്ഞുനിന്നു സംസാരിച്ചതിന് വില്യമിന് എലിസബത്ത് രാജ്ഞിയിൽനിന്നു വഴക്കുപോലും കിട്ടിയിട്ടുണ്ട്. മറ്റു രാജകുടുബാംഗങ്ങളിൽനിന്നു വ്യത്യസ്തമായി അമ്മ ഒരു സാധാരണക്കാരിയും തമാശകളും സന്തോഷങ്ങളും ഇഷ്ടപ്പെട്ടിരുന്ന ആളുമായിരുന്നെന്ന് വില്യം പറയുന്നു. രാജകൊട്ടാരത്തിന്റെ മതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്നു തങ്ങളെ പഠിപ്പിച്ചത് അമ്മയാണെന്നും വില്യം ഓർക്കുന്നു.

രാജകുടുബത്തിലെ ചിട്ടകൾക്കു വിപരീതമായി കുട്ടികളെ യാത്രകൾക്കും പാർക്കുകളിലുമൊക്കെ കൊണ്ടുപോയിരുന്നു ഡയാന. കുട്ടികളുമൊത്ത്, അവരേക്കാൾ ചെറിയ കുട്ടിയായി പാർക്കിലെ റൈഡുകൾ ആസ്വദിക്കുന്ന ഡയാന രാജകുമാരിയുടെ ചിത്രങ്ങൾ പ്രശസ്തമാണ്. സന്നദ്ധ പ്രവർത്തനങ്ങളും ജീവകാരുണ്യ പദ്ധതികളുമായി, ആ അമ്മ പകർന്നു കൊടുത്ത നന്മകൾ ഇന്നും കെടാതെ സൂക്ഷിക്കുന്നുണ്ട് ആ രാജകുമാരൻമാർ.