സഹ്യൻ: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനവണ്ടി പ്രേമി, Youngest ksrtc fan in kerala, viral post, Social media, Kidsclub, viral, Manorama Online

സഹ്യൻ: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനവണ്ടി പ്രേമി

കാറും ജെസിബിയും വിമാനവുമൊക്കെ ഇഷ്ടപ്പടാത്ത കുട്ടികളുണ്ടാവില്ല. ഇവയൊക്ക ആരാധനയോടെ നോക്കികണ്ട ആ ബാല്യം മിക്ക ആളുകൾക്കുമുണ്ടാകും. എന്നാൽ വ്യത്യസ്തമായൊരു ആരാധനയുെട കഥ പറയുകയാണ് ഇവിടെ. കെഎസ്ആർടിസി ബസിന്റെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകനാണ് ഈ രണ്ട് വയസ്സുകാരൻ സഹ്യൻ. യദു നാരായണന്റേയും ചിഞ്ചുവിന്റേയും മകനായ സഹ്യന് കിട്ടിയിരിക്കുന്നത് വ്യത്യസ്തമായൊരു വിശേഷണമാണ്.

അച്ഛനും അമ്മയും കടുത്ത ആനവണ്ടി പ്രേമികൾ. അതുകൊണ്ടുതന്നെ വെറും ആറാം മാസത്തിൽ തന്നെ സഹ്യൻ തന്റെ ആദ്യ ആനവണ്ടി യാത്ര നടത്തി. മകന്റെ ആദ്യ യാത്ര അവിസ്മരണായമാക്കാൻ ആ അച്ഛനമ്മമാർ യാത്ര തീരുമാനിച്ചതാകട്ടെ ഗവിയിലേയ്ക്ക്. അല്പം പ്രയാസമേറിയ പാതയാണ് ഗവിയിലേയ്ക്ക്. ഏതായാലും കുഞ്ഞു സഹ്യൻ ആ യാത്ര വലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ ആസ്വദിക്കുക തന്നെ ചെയ്തു. അതുകൊണ്ടുതന്നെ പിന്നെ തുടർച്ചയായി നിരവധി യാത്രകൾ ആനവണ്ടിയിലായി. അതോടെ മകൻ ഒരു കൊച്ചു ആനവണ്ടി പ്രേമിയാണെന്ന് മാതാപിതാക്കൾ ഉറപ്പിച്ചു.


കെഎസ്ആർടിസി പ്രേമികളുെട സമൂഹമാധ്യമ ഗ്രൂപ്പായ കെഎസ്ആർടിസി ബ്ലോഗിന്റെ 2018 ൽ നടന്ന മീറ്റിൽ അച്ഛനുമ്മമ്മയ്ക്കുമൊപ്പം സഹ്യനും പങ്കെടുത്തു. കുമളിൽ വച്ചു നടന്ന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയനായത് ഈ കുഞ്ഞാണ്. കെഎസ്ആർടിസി ഡ്രൈവറായ സന്തോഷ്‌ കുട്ടന്‍ സഹ്യനെ തന്റെ മടിയിലിരുത്തി ബസ്സിന്റെ സ്റ്റീയറിംഗ് വീലിൽ പിടിപ്പിച്ചു, കക്ഷി സ്റ്റീയറിംലെ പിടിവിടാതെ മുറുകെ പിടിച്ചതോടെ ഇവന്റെ ആനവണ്ടിയോടുള്ള ഇഷ്ടം ഒന്നുകൂടെ ഉറപ്പായി. ചിത്രങ്ങളും വിഡിയോകളും ഗ്രൂപ്പിൽ ശ്രദ്ദേയമായതോടെ കുഞ്ഞു സഹ്യൻ താരമായി. 'കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനവണ്ടി പ്രേമി' എന്ന പട്ടമാണ് ഇതോടെ ഈ കുഞ്ഞാവയ്ക്ക് സമൂഹമാധ്യമം ഈ കൊടുത്തത്. പിന്നീട് കണ്ണൂരിൽ വച്ച് നടന്ന വ്ലോഗിന്റെ മീറ്റിൽ സഹ്യന് ഒരു കുഞ്ഞു കെഎസ്ആർടിസി ബസ്സാണ് അവർ സമ്മാനിച്ചത്. കുഞ്ഞു സഹ്യന്റെ ആനവണ്ടി യാത്രകൾ തുടരുകയാണ്. കെഎസ്ആർടിസി ബസ്സ് ആരാധകർക്കിടയിലെ കുഞ്ഞുതാരമാണ് ഈ മിടുക്കനിപ്പോൾ.

Summary : Youngest KSRTC fan in Kerala