ഭൂമിക്കടുത്ത് കൂറ്റൻ ഛിന്നഗ്രഹം അടുത്ത വർഷം; ഗതി മാറുമോ? ജാഗ്രതയോടെ നാസ
ഭൂമിയിലെ ഏറ്റവും വലിയ പർവതമാണ് എവറസ്റ്റ്. അതിനേക്കാളും വലുപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിച്ചാലോ? ലോകത്തിലെ ജനങ്ങളിൽ പകുതിയിലേറെയും ഇല്ലാതാകും. ഇങ്ങനെ പറയുന്നത് മറ്റാരുമല്ല, അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയിലെ ഗവേഷകരാണ്, എവറസ്റ്റിനോളം വലുപ്പമില്ലെങ്കിലും ഭൂമിയില്‍ വന്നിടിച്ചാൽ അതീവനാശം വിതയ്ക്കുന്ന ഒരു ഛിന്നഗ്രമാണ് ഇപ്പോൾ ഗവേഷകരുടെ ഉറക്കം കെടുത്തുന്നത്.
1998 ഒആർ 2 എന്നു പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം അടുത്ത ഏതാനും വർഷത്തിനിടെ എപ്പോൾ വേണമെങ്കിലും ഭൂമിക്ക് ഭീഷണിയായേക്കാമെന്നാണ് നാസയുടെ മുന്നറിയിപ്പ്. പലപ്പോഴായി ഭൂമിക്കരികിലൂടെ ഇതു കടന്നു പോകുകയും ചെയ്യും. അടുത്ത വർഷം ഏപ്രിൽ 29ന് പുലർച്ചെ 5.56നാണ് ഇത് ഭൂമിക്ക് ഏറ്റവും അടുത്തെത്തുക. അതായത് ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 39 ലക്ഷം മൈൽ അകലെ (ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ 0.04205 ആസ്ട്രണോമിക്കൽ യൂണിറ്റ്സ് അകലെ).
നിലവിലെ സാഹചര്യത്തിൽ ഛിന്നഗ്രഹത്തെ അധികം ഭയക്കാനില്ല. പക്ഷേ ബഹിരാകാശമാണ്, എന്തുവേണമെങ്കിലും സംഭവിക്കാം. അത്തരത്തിൽ ഛിന്നഗ്രഹത്തിന്റെ യാത്രാവഴിയിൽ ഏതെങ്കിലും വസ്തുക്കളുമായി ചെറിയൊരു കൂട്ടിയിടിയുണ്ടായാൽ മതി ഭൂമിയുടെ കാര്യം പ്രശ്നത്തിലാകും. അതിനാൽതന്നെ നാസയുടെ കീഴിലുള്ള സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് (സിഎൻഇഒഎസ്) ഏറെ ജാഗ്രതയോടെയാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത്. ഭൂമിക്കു ഭീഷണിയായേക്കാവുന്ന ബഹിരാകാശ വസ്തുക്കളെപ്പറ്റി പഠിക്കാൻ നാസ രൂപം കൊടുത്തതാണ് സിഎൻഇഒഎസ്.
ഇതുവരെ ലഭിച്ച വിവരങ്ങളുനസരിച്ച് ഏകദേശം 13,500 അടിയുണ്ട് ഛിന്നഗ്രഹത്തിന്റെ വ്യാസം. ഈ വലുപ്പവും ഛിന്നഗ്രഹത്തിന്റെ അസാധാരണ വേഗവുമാണ് ഇതിനെ അപകടകാരിയാക്കുന്നത്. ഒപ്പം ഛിന്നഗ്രഹത്തിന്റെ യാത്രാപഥത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താവുന്ന വിധം ബഹിരാകാശത്ത് ഒളിച്ചിരിക്കുന്ന ചില പ്രശ്നങ്ങളും. ബഹിരാകാശത്ത് ഗ്രാവിറ്റേഷനൽ കീഹോൾ എന്നറിയപ്പെടുന്ന ചില ഭാഗങ്ങളുണ്ട്. അതിനകത്തു പെട്ടു കഴിഞ്ഞാൽ ഭൂഗുരുത്വാകർഷണബലം കാരണം സമീപമുള്ള ഗ്രഹത്തിലേക്ക് വലിച്ചെടുക്കപ്പെടും. അത്തരം ഒരു കീഹോളിൽ ഛിന്നഗ്രഹം പെട്ടാൽ അതിന്റെ യാത്രാപഥത്തിൽത്തന്നെ മാറ്റം വരും, പിന്നെ ഭൂമിക്കു നേരെയായിരിക്കും എത്തുക!
യാർക്കോവ്സ്കി എഫക്ട് എന്നറിയപ്പെടുന്ന മറ്റൊരു ‘ചൂടൻ’ പ്രശ്നവും ബഹിരാകാശത്ത് കാത്തിരിക്കുന്നുണ്ട്. ഛിന്നഗ്രഹത്തിന്റെ യാത്രയ്ക്കിടെ അതിന്റെ ഉപരിതലത്തിൽ നിന്നോ അകത്തു നിന്നോ ഏതെങ്കിലും തരത്തിൽ വന്‍തോതിൽ ചൂടേറ്റാൽ സംഭവിക്കുന്നതാണിത്. ഒന്നുകിൽ ബഹിരാകാശത്തെ പലവിധ സാഹചര്യങ്ങളിൽപ്പെട്ട് ഛിന്നഗ്രഹത്തിൽ നിന്നുതന്നെ കനത്ത ചൂടുണ്ടാകാം. അല്ലെങ്കിൽ സൂര്യപ്രകാശമേറ്റ് ചൂടാകാം. അൽപാൽപമായി സൂര്യപ്രകാശമേറ്റാൽ സാധാരണ കുഴപ്പമൊന്നും സംഭവിക്കില്ല. പക്ഷേ തുടർച്ചയായി സൂര്യതാപം ഏൽക്കുന്നതോടെയാണ് പ്രശ്നമാകുക. യാത്രാപഥത്തിൽ മാറ്റം വരുന്ന ആ അവസ്ഥയെയാണ് യാർക്കോവ്സ്കി എഫക്ട് എന്നു വിളിക്കുന്നത്. ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയിൽ നിന്നു ഛിന്നഗ്രഹം വഴിമാറിപ്പോകാൻ ഈ കാരണങ്ങളൊക്കെ ധാരാളമാണെന്നും നാസ ചൂണ്ടിക്കാട്ടുന്നു.
ഇത്തരമൊരു ഛിന്നഗ്രഹം വന്നിടിച്ചതാണ് പണ്ട് ദിനോസറുകളുടെ നാശത്തിലേക്കു നയിച്ചതെന്നും ഗവേഷകരുടെ മുന്നറിയിപ്പ്. ഭൂമിയില്‍ വന്നിടിച്ചാൽ പാതി ലോകം അവസാനിക്കുന്നതിനു തുല്യമായിരിക്കുമെന്നു ഗവേഷകർ പറയുന്നതും ഇക്കാരണങ്ങളാലാണ്. ഭൂമിയിൽ നേരിട്ടുള്ള ഇടിയെത്തുടർന്ന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം എങ്ങനെ നേരിടണമെന്നു പോലും ഗവേഷകർക്ക് അറിയില്ല. ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിച്ചാൽ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി രാജ്യാന്തര ശാസ്ത്രസമൂഹം ചർച്ച ചെയ്തതും മോക്ക് ഡ്രിൽ നടത്തിയതും അടുത്തിടെയാണ്.