മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ പെൺകുട്ടിയുടെ ശവപ്പെട്ടി; 3500 വർഷത്തിനിപ്പുറം തുറന്നപ്പോൾ കണ്ടത്...!
ഈജിപ്തിലെ ലക്സർ നഗരത്തിൽ പുതിയൊരു കെട്ടിട നിർമാണത്തിന്റെ ഭാഗമായുള്ള സ്ഥലപരിശോധന നടക്കുകയായിരുന്നു. മമ്മികളും ശവകുടീരങ്ങളും വിലയേറിയ നിധിയും ഉൾപ്പെടെ ഒട്ടേറെ ചരിത്ര ശേഷിപ്പുകൾ മണ്ണിനടിയിൽ ഒളിച്ചുകിടക്കുന്നതിനാൽ ഈജിപ്തിൽ എല്ലാ നിർമാണ പ്രവൃത്തികൾക്കു മുൻപും പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നിർബന്ധമാണ്. അങ്ങനെയാണ് ഗവേഷകർ ആ ശവപ്പെട്ടികൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അവ മണ്ണിനടിയിൽ. സാധാരണ അത്തരത്തിൽ സംഭവിക്കാത്തതാണ്. എന്നാൽ വിലയേറിയ ഒന്നുമുണ്ടാകില്ലെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണു ഗവേഷകർ. അതുമല്ലെങ്കിൽ അവ മോഷ്ടിക്കുന്നതിനിടെ എന്തോ കാരണത്താൽ അവർക്കു പാതിവഴിയിൽ ഓടിപ്പോകേണ്ടി വന്നു!
എന്തായാലും 3500 വർഷം പഴക്കമുള്ള ആ ശവപ്പെട്ടി തുറന്ന ഗവേഷകരെ കാത്തിരുന്നത് ഒരു വലിയ നിധിയായിരുന്നു. അഞ്ചടി ഏഴിഞ്ചായിരുന്നു ശവപ്പെട്ടിയുടെ നീളം. 15–16 വയസ്സുള്ള പെൺകുട്ടിയുടെ മമ്മിയായിരുന്നു അകത്ത്– അഞ്ചടി ഒരിഞ്ചായിരുന്നു അവളുടെ ഉയരം. കാട്ടത്തി എന്ന ഫലവൃക്ഷത്തിന്റെ തടികൊണ്ടായിരുന്നു ശവപ്പെട്ടി നിർമിച്ചിരുന്നത്. അതിൽ ചുവന്ന നിറവും പൂശിയിരുന്നു. ശവപ്പെട്ടിയും അതിനകത്തെ പരുത്തിത്തുണിയിൽ പൊതിഞ്ഞ പെൺകുട്ടിയുടെ മമ്മിയും ഏറെക്കുറെ ദ്രവിച്ച അവസ്ഥയിലായിരുന്നു. എന്നാൽ ആഭരണങ്ങളും ചെരിപ്പുകളും ഭദ്രമായിരുന്നു.
അവൾക്ക് സ്ത്രീധനമായി നൽകിയിരുന്ന ആഭരണങ്ങളായിരുന്നു അവയെന്നാണു കരുതുന്നത്. അക്കാലത്ത് ഈജിപ്ഷ്യൻ വനിതകൾക്കിടയിൽ പ്രചാരത്തിലിരുന്ന ഒരുതരം വിനോദത്തിന് ഉപയോഗിച്ചിരുന്ന, കൂട്ടിക്കെട്ടിയനിലയിലുള്ള രണ്ടു പന്തുകളും കൂട്ടത്തിലുണ്ടായിരുന്നു. സ്പാനിഷ് ഗവേഷകരാണ് മമ്മിയുടെ ശരീരത്തിലെ ആഭരണങ്ങളുടെ ചരിത്ര പ്രാധാന്യവും മൂല്യവുമെല്ലാം തിരിച്ചറിഞ്ഞത്. ബിസി 1580നും 1550നും ഇടയ്ക്ക് ഈജിപ്തിലെ പതിനേഴാം രാജവംശത്തിന്റെ കാലത്തായിരുന്നിരിക്കണം പെൺകുട്ടി ജീവിച്ചിരുന്നത്. അക്കാലത്ത് വിവാഹം കഴിപ്പിച്ചയയ്ക്കുമ്പോൾ പെൺകുട്ടിക്ക് സ്ത്രീധനമായി ആഭരണങ്ങളും മറ്റും നല്‍കുന്ന പതിവുണ്ടായിരുന്നു. മരിക്കുമ്പോൾ അവയും ഒപ്പം മറവു ചെയ്യും.
പെൺകുട്ടി ധരിച്ചിരുന്ന രണ്ട് കമ്മലുകളും ചെമ്പു പൂശിയവയായിരുന്നു. വിരലുകളിൽ രണ്ടു മോതിരങ്ങളും കഴുത്തിൽ നാലു മാലകളുമുണ്ടായിരുന്നു. മോതിരങ്ങളിലൊന്ന് അസ്ഥികൊണ്ടുള്ളതായിരുന്നു. അതിൽ പലതരം കൊത്തുപണികളും. രണ്ടാമത്തേത് ലോഹംകൊണ്ടുള്ളതായിരുന്നു, അതിനകത്ത് നീലനിറത്തിലുള്ള ചില്ലുകൊണ്ടുള്ള മുത്തു പതിച്ചിരുന്നു.അമൂല്യവസ്തുക്കൾ കൊണ്ടായിരുന്നു മാലകൾ നിർമിച്ചിരുന്നത്. നാലു മാലകളും ഒരു സെറാമിക് ക്ലിപ്പുകൊണ്ടു പരസ്പരം ചേർത്ത നിലയിലായിരുന്നു. 60-70 സെ.മീ. നീളമുള്ളവയായിരുന്നു മാലകൾ. ഉരുണ്ട മുത്തുമണികൾകൊണ്ടായിരുന്നു ഒരു മാല– ഒന്നിടവിട്ട് കറുപ്പും ഇളംനീല മുത്തുകളും കോർത്തത്. രണ്ടാമത്തെ മാലയിൽ പച്ചനിറമുള്ളതും ചില്ലിന്റെ നിറമുള്ളതുമായ മുത്തുകളായിരുന്നു.
മൂന്നാമത്തെയായിരുന്നു ഗംഭീരം. ഏകദേശം 60 സെ.മീ നീളം. 74 മുത്തുമണികളായിരുന്നു അതിൽ. അവ നിർമിച്ചതാകട്ടെ ക്വാർട്സ്, കർണീലിയൻ, ആംബർ തുടങ്ങിയ വിശേഷപ്പെട്ട കല്ലുകൾ കൊണ്ടും. ഇതോടൊപ്പം നീല ചില്ലുകൊണ്ടുള്ള മുത്തുകളും കോർത്തിരുന്നു. വണ്ടിന്റെ രൂപത്തിലുള്ള സ്കാറബ് എന്ന അമൂല്യവസ്തുവും മാലയിൽ കോർത്തിരുന്നു. രണ്ടറ്റവും ഒരു മോതിരംകൊണ്ടു പരസ്പരം ചേർത്തതാണ് നാലാമത്തെ മാല. ശവപ്പെട്ടിയോടു ചേർന്നുതന്നെ മണ്ണുകൊണ്ടുള്ള മറ്റൊരു കുഞ്ഞൻ പെട്ടിയുമുണ്ടായിരുന്നു. അതിനകത്താകട്ടെ അഷാബ്തി എന്നറിയപ്പെടുന്ന രൂപവും. മമ്മികളുടെ മരത്തിൽ കൊത്തിയ ചെറുരൂപമാണിവ. ലിനനിൽ പൊതിഞ്ഞായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
തുകൽ ചെരുപ്പിൽ കൊത്തുപണികളുടെ ആഘോഷമായിരുന്നു. ബെസ് ദേവന്റെയും ടാവെരെറ്റ് ദേവതയും ചിത്രങ്ങൾക്കൊപ്പം പൂച്ച, താമര, കാട്ടാട് എന്നിവയുടെ ചിത്രങ്ങളും ചെരുപ്പിൽ കൊത്തിവച്ചിരുന്നു. കായിക ഇനങ്ങളിൽ പങ്കെടുക്കുകയോ നർത്തകിയോ ആയ വനിതകളാണ് ഇത്തരം ചെരിപ്പുകൾ ഉപയോഗിച്ചിരുന്നതെന്നും ഗവേഷകർ പറയുന്നു. ഇത്രയേറെ വിലയേറിയ വസ്തുക്കളുണ്ടായിട്ടും മോഷ്ടാക്കൾ എന്തുകൊണ്ടാണ് ഈ പെൺകുട്ടിയുടെ ശവകുടീരത്തെ ഉപേക്ഷിച്ചത്? ഈജിപ്ഷ്യൻ മമ്മിക്കഥകൾ പോലെ ആ ചോദ്യവും നിഗൂഢമായി അവശേഷിക്കുകയാണ്.