4000 വർഷം; കാടിനു നടുവിൽ ആരുമറിയാതെ ആ ഇടം; അവിടെ പിരമിഡിനെയും വെല്ലുന്ന ‘മഹാ അദ്ഭുതം’

നവീൻ മോഹൻ

കാടിനു നടുവിൽ ആയിരത്തിലേറെ വർഷങ്ങളായി ആരും കാണാതെ കിടക്കുന്ന ഒരു പ്രദേശം. അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന കുന്നുകൾ. ഒറ്റനോട്ടത്തിൽ കുറേ മണ്ണു കോരിയിട്ട് ആരോ കുറേ ചെറുകുന്നുകളുണ്ടാക്കിയതു പോലെ തോന്നും. ബഹിരാകാശത്തു നിന്നു പോലും ആ ഇടം കാണാനാകും! പക്ഷേ ഇതെല്ലാം ഈയടുത്താണ് ഗവേഷകർ കണ്ടെത്തിയതെന്നു മാത്രം. അതും കന്നുകാലികളെ മേയ്ക്കാൻ പോയ ചില ആൾക്കാര്‍ കണ്ടതു കൊണ്ടു മാത്രം. ഏകദേശം നാലായിരത്തോളം വർഷമായി കാടുപിടിച്ചു കിടക്കുകയായിരുന്ന ബ്രസീലിനു കിഴക്കുവശത്തുള്ള ഈ പ്രദേശം വെട്ടിത്തെളിച്ചപ്പോഴാണ് ഗവേഷകർ ശരിക്കും ഞെട്ടിപ്പോയത്. ഒന്നും രണ്ടുമല്ല, 20 കോടിയോളം ചെറുകുന്നുകളാണ് ആ പ്രദേശത്തുണ്ടായിരുന്നത്. പ്രദേശം മൊത്തം ഇന്നത്തെ യുകെയുടെ അത്രയ്ക്കും വരും.

4000 വർഷം മുൻപാണു ഈജിപ്തിൽ ലോകത്തിലെ ഏറ്റവും വലിയ പിരമിഡായ ഗിസ പിരമിഡ് നിർമിക്കുന്നത്. ഈ മൺകുന്നുകളും ഏതാണ്ട് അതേ കാലത്തു തന്നെയാണു നിർമിച്ചത്. പക്ഷേ മനുഷ്യരല്ലെന്നു മാത്രം. വെറും അരയിഞ്ച് മാത്രം വലുപ്പമുള്ള ചിതലുകളാണ് ഈ കുന്നുകൾക്കു പിന്നിൽ. കോടിക്കണക്കിനു ചിതലുകൾ ജോലിയെടുത്താണ് ഈ കുന്നുകളുണ്ടാക്കിയതെന്നു ചുരുക്കം. കുന്നുകൾക്കു ചുവടെ കിലോമീറ്ററുകളോളം നീളത്തിൽ തുരങ്കവുമുണ്ടാക്കിയിട്ടുണ്ട് ചിതലുകൾ. അങ്ങനെ ബാക്കി വന്ന മണ്ണ് കുമിഞ്ഞുകൂടിയാണ് ‘മുറുണ്ടു’ എന്നു പേരുള്ള ഈ ചെറുകുന്നുകൾ രൂപപ്പെട്ടത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചിതൽപ്പുറ്റും ഇവയായിരിക്കുമെന്നാണു കരുതുന്നത്. 11 കുന്നുകളിൽ നിന്നുള്ള മണ്ണു പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കുന്നിന് 690 വർഷമാണു പ്രായം. ഏറ്റവും ‘മൂത്ത’ കുന്നിനാകട്ടെ 3820 വർഷവും! ലോകത്ത് ഒരുകൂട്ടം ജീവിവർഗം നിർമിച്ചെടുത്ത ഏറ്റവും വലിയ ആവാസ വ്യവസ്ഥയും ഇതു തന്നെയാണെന്നാണു നിഗമനം. സംഗതി വൈകാതെ തന്നെ ഗിന്നസ് ബുക്കിൽ കയറുമെന്നു ചുരുക്കം.

ചിതൽക്കുന്നുകൾക്ക് ഇനിയും കൗതുകങ്ങൾ ഏറെയാണ്. ഓരോ കുന്നിന്റെയും അടിയിൽ 30 അടിയാണു വീതി. രണ്ടാളുടെ പൊക്കമുണ്ട് ഇവയ്ക്ക്–ഏകദേശം 13 അടി. ഒറ്റയടിക്ക് ഓരോ കുന്നും എണ്ണിയെടുക്കാൻ പറ്റില്ല. അതിനു ഗവേഷകർ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായം തേടുകയായിരുന്നു. അങ്ങനെ ബഹിരാകാശത്തു നിന്ന് എണ്ണിയെടുത്തതാണ് 20 കോടി കുന്നുകളും. കൃത്യം കൃത്യമായി ഇടവിട്ട്, ഒരു തേനീച്ചക്കൂട്ടിലെ അറകള്‍ പോലെ അടുക്കും ചിട്ടയോടെയുമായിരുന്നു ഓരോ കുന്നും. ഇവയ്ക്കടിയിലെ തുരങ്കങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. അവയുടെ ആകെ നീളവും കണക്കാക്കിക്കൊണ്ടിരിക്കുകയാണു ഗവേഷകർ. അതും ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് വരും’. ഗിസയിലെ പിരമിഡിനേക്കാളും 4000 മടങ്ങ് അധികം സ്ഥലത്താണ് കുഞ്ഞൻ ചിതലുകൾ കുന്നുകൾ പണിതുയർത്തിയിരിക്കുന്നത്. ചിതലുകൾക്ക് അധികകാലം ആയുസ്സില്ല. എങ്കിലും Syntermes dirus എന്നറിയപ്പെടുന്ന ഈ ചിതൽശിൽപികളുടെ പുതിയ തലമുറ ഇപ്പോഴും ഇവിടെയുണ്ട്. കുന്നിനു താഴെയുള്ള തുരങ്കങ്ങളിലാണു ഭക്ഷണം സൂക്ഷിക്കുക. കാട്ടിൽ നിന്നുള്ള ഇലകളാണു പ്രധാന ഭക്ഷണം. ഇവ ശേഖരിച്ചു വയ്ക്കുന്നത് മറ്റു ജീവികളൊന്നും തട്ടിയെടുക്കാതിരിക്കാനുള്ള പ്രധാന മാർഗം കൂടിയായിരുന്നു കുന്നുനിര്‍മാണം. ഓരോ കുന്നിലും 1800 ഘന അടി മണ്ണുണ്ടെന്നാണു കണ്ടെത്തൽ.

സാധാരണ ചിതലുകൾ ഇത്തരം കുന്നുകളുണ്ടാക്കി അതിനകത്താണു കുഞ്ഞു തുരങ്കങ്ങളുണ്ടാക്കുക പതിവ്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമാണ് ബ്രസീലിലെ ചിതലുകൾ. മണ്ണിൽ തുരങ്കങ്ങളുണ്ടാക്കിയപ്പോൾ ബാക്കി വന്ന മണ്ണ് ചുമ്മാ കൂട്ടിയിട്ടു എന്നതാണ് അവരുടെ രീതി. വർഷങ്ങളോളം ഇങ്ങനെ തുടർന്നപ്പോൾ ഏകദേശം 90,000 ചതുരശ്ര മൈൽ പ്രദേശത്തും കുന്നുകളെക്കൊണ്ടു നിറഞ്ഞു. സംഗതി ജന്തുലോകത്തിലെ വമ്പൻ സംഭവവുമായും മാറി!!