കാടിനു നടുവിൽ ചരിത്രഗവേഷകരുടെ ‘നിധി ഗുഹ’, അതിൽ കണ്ടെത്തിയ അദ്ഭുതങ്ങൾ!, 48000 year old, arrowheads, discovered, Fa hien cave, Sri Lanka Padhippura  Manorama Online

കാടിനു നടുവിൽ ചരിത്രഗവേഷകരുടെ ‘നിധി ഗുഹ’, അതിൽ കണ്ടെത്തിയ അദ്ഭുതങ്ങൾ!

ചരിത്രം പഠിക്കാൻ ഇഷ്ടമുള്ളവർ തീർച്ചയായും കൊതിച്ചുപോകുന്ന ഒരു സ്ഥലമുണ്ട് ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ– കാടിനു നടുവിലെ ഫാ–ഹീൻ ലെന കേവ്. പ്രാചീനകാലം മുതല്‍ പലപ്പോഴായി മനുഷ്യവാസമുണ്ടായിട്ടുള്ള ഗുഹയാണതെന്ന് ഗവേഷകർക്ക് അറിയാമായിരുന്നു. അങ്ങനെ 1968ൽ ശ്രീലങ്കൻ ആർക്കിയോളജി വകുപ്പിന്റെ സഹായത്തോടെ ചില ഗവേഷകർ ഗുഹയെപ്പറ്റി പഠിച്ചു. കണ്ടെത്തിയതാകട്ടെ പ്രാചീനകാലത്തെ മനുഷ്യരെ സംബന്ധിച്ച അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളും. മരിച്ചവരെ സംസ്കരിക്കാനുൾപ്പെടെ ഗുഹ ഉപയോഗിച്ചിട്ടുണ്ടെന്നു തെളിഞ്ഞതോടെ ഒരു കാര്യം വ്യക്തമായി–അവിടെ ഫോസിലുകളുടെ ഒരു നിധിതന്നെ കാത്തിരിപ്പുണ്ടാകും.

അങ്ങനെ 1988ൽ കൂടുതൽ സംവിധാനങ്ങളുമായി രണ്ടാം ഘട്ട ഉദ്ഖനനം ഗുഹയിൽ നടന്നു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്–ഏകദേശം 33,000 മുതൽ 4750 വർഷം മുൻപു വരെ അവിടെ ആൾതാമസമുണ്ടായിരുന്നു. അതായത് പല വിഭാഗം മനുഷ്യർ, പല കാലങ്ങളായി ഗുഹയെ വാസസ്ഥാനമാക്കിയിട്ടുണ്ട്. പ്രാചീന കാലത്തെ അസ്ഥികൾക്കൊപ്പം വിവിധ ആയുധങ്ങളും ഉപകരണങ്ങളുമൊക്കെ കണ്ടെത്തിത്തുടങ്ങിയതോടെ ചരിത്ര ഗവേഷകരുടെ നിധി ഗുഹയായി മാറി ഫാ–ഹീൻ കേവ്. തെക്കനേഷ്യയിലെ ഹോമോ സാപിയൻസ് മനുഷ്യരുടെ ഏറ്റവും പഴക്കമുള്ള ഫോസിൽ കണ്ടെത്തിയതും ഈ ഗുഹയിലായിരുന്നു.

അടുത്തിടെ പുറത്തുവന്ന ഈ റിപ്പോർട്ട് ഗുഹയുടെ മാറ്റ് പിന്നെയും കൂട്ടുന്നതായിരുന്നു. ഏകദേശം 48,000 വർഷം മുൻപുതന്നെ മനുഷ്യർ അവിടെ താമസമാക്കിയിരുന്നെന്നാണു പുതിയ കണ്ടെത്തൽ. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ സുപ്രധാന കണ്ടുപിടിത്തം പക്ഷേ മറ്റൊന്നായിരുന്നു. ആഫ്രിക്കയ്ക്കു പുറത്ത്, ഇത്രയും വർഷം മുൻപ് അമ്പും വില്ലും ഉപയോഗിച്ച ഒരു മനുഷ്യ വിഭാഗത്തെ ആദ്യമായി കണ്ടെത്തിയത് ഫാ–ഹീൻ ഗുഹയിലാണ്. അമ്പിന്റെയും വില്ലിന്റെയും അവശിഷ്ടങ്ങളും തെളിവായി ഗവേഷകർ കണ്ടെടുത്തു. ഏകദേശം 130 അമ്പുമുനകളായിരുന്നു ഗുഹയിലുണ്ടായിരുന്നത്. എല്ലാം നിർമിച്ചത് എല്ലു കൊണ്ട്; കുരങ്ങന്റെ അസ്ഥിയാണ് ഇതിനായി ഉപയോഗിച്ചതെന്നാണു നിഗമനം.

മനുഷ്യർ ഭൂഖണ്ഡങ്ങളിൽനിന്നു ഭൂഖണ്ഡങ്ങളിലേക്കു പലായനം തുടരുന്ന സമയം കൂടിയായിരുന്നു അത്. അക്കാലത്തുതന്നെ ഇത്തരത്തിൽ ഉപകരണങ്ങൾ നിർമിക്കുന്ന സംസ്കാരമുണ്ടായിരുന്നുവെന്നത് ഗവേഷകരെയും അമ്പരപ്പിക്കുന്നു. അമ്പിന്റെ മുനകളിലെല്ലാം പലയിടത്തും തറച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു. തുടക്കത്തിൽ കുരങ്ങുകളെ വേട്ടയാടാനുള്ള കുഞ്ഞൻ അമ്പുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ അതു വലിയ മൃഗങ്ങളുടെ വേട്ടയിലേക്കു മാറി. പന്നികളെയും മാനുകളെയുമെല്ലാം വേട്ടയാടാനുള്ള അമ്പുകൾ നിർമിച്ചു തുടങ്ങിയപ്പോൾ അവയ്ക്കു നീളവും കൂടി വന്നതായി ഗുഹയിൽ തെളിവുകളുണ്ട്. മുളന്തണ്ടിലും മറ്റ് വച്ച് ഊതിപ്പറപ്പിക്കുന്ന തരം അമ്പുകളും കൂട്ടത്തിലുണ്ടായിരുന്നുവെന്നാണു കരുതുന്നത്. ഇതിനു മുൻപ് ഇത്തരം അമ്പുകൾ കണ്ടെത്തിയത് ഇന്തൊനീഷ്യയിലെ ബോർണിയോയിൽനിന്നായിരുന്നു. അവയ്ക്ക് ഏകദേശം 32,000 വർഷമായിരുന്നു പഴക്കം.

ആകൃതിയിൽ രണ്ടിടത്തെയും അമ്പുകൾ ഒരുപോലെയാണെന്നും ഗവേഷകർ പറയുന്നു. പക്ഷേ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന അസ്ഥികളിൽ മാറ്റമുണ്ട്. ഇന്തൊനീഷ്യയിൽനിന്നു കണ്ടെത്തിയ അമ്പുകളുടെ അസ്ഥികൾ വലിയ സസ്തനികളിൽ നിന്നെടുത്തതായിരുന്നു. മൃഗത്തോൽ തുന്നിയെടുക്കാനുള്ള സൂചി പോലുള്ള ഉപകരണങ്ങളും കണ്ടെത്തിയവയിൽപ്പെടുന്നു. പലതരം നാരുകളും മരത്തൊലിയും ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമിക്കാനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. ചൂടേറിയ കാലാവസ്ഥയായിരുന്നു ഈ ഗുഹ നിലനിൽക്കുന്ന വനത്തിലുണ്ടായിരുന്നത്. അതിനാൽത്തന്നെ തണുപ്പില്‍നിന്നു രക്ഷ നേടുക എന്നതിനേക്കാളും പലതരം വിഷ പ്രാണികളിൽനിന്നു രക്ഷപ്പെടാനായിരിക്കാം തോലും മരവുരിയുമൊക്കെ പുതച്ചതെന്നും ഗവേഷകർ കരുതുന്നു. പലതരം മുത്തുകളും ശംഖുമെല്ലാം ഗുഹയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ഒരുപക്ഷേ പഴയകാല നാണയങ്ങളുമാകാം. കാട്ടിലുള്ളവരും സമുദ്രതീരത്തുള്ളവരും തമ്മിലുള്ള കച്ചവട ബന്ധത്തിന്റെ തെളിവു കൂടിയാണ് ഇത്.