സൗജന്യമാണ് ഈ വീട്; പക്ഷേ രാത്രികളിലെ ആ പ്രേതശബ്ദം, കരച്ചിലുകൾ...!, 5000 year old pyramid structure, found in Northern Peru, Padhippura, Manorama Online

മണ്ണിനടിയിലെ പിരമിഡിന്റെ രഹസ്യം; നരബലിയുടെ നിഗൂഢതയുമായി സെഷിൻ നാഗരികത!

2019 അവസാനമാണ് പെറുവിലെ വടക്കൻ പ്രവിശ്യയായ കാസ്മയിൽ പുരാവസ്തു ഗവേഷകർ ഒരുഗ്രന്‍ കണ്ടെത്തൽ നടത്തിയത്. ഒരു സ്റ്റെപ് പിരമിഡായിരുന്നു സംഭവം. പേരുപോലെത്തന്നെ പടികളായി കാണപ്പെടുന്നതാണ് സ്റ്റെപ് പിരമിഡ്. ഈജിപ്തിലേതു പോലെ ചെരിവുള്ളതല്ലെന്നു ചുരുക്കം. തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളോടു ചേർന്ന് ഒട്ടേറെ നാഗരികതകൾ രൂപപ്പെട്ടിട്ടുണ്ട്. പെറുവിലും അത്തരത്തിൽ രൂപപ്പെട്ടതാണ് സെഷിൻ സംസ്കാരം. ഏകദേശം 5000 വർഷം പഴക്കമുള്ളതാണിത്. അത്രതന്നെ പഴക്കമുണ്ട് ഗവേഷകര്‍ കണ്ടെത്തിയ പിരമിഡിനും. അതിനാൽത്തന്നെ സെഷിൻ വിഭാഗക്കാരെപ്പറ്റി കൂടുതലായി പഠിക്കാൻ പിരമിഡും പരിസര പ്രദേശവും സഹായിക്കുമെന്നാണു കരുതുന്നത്.

പെറുവിലെ ഏറ്റവും നിഗൂഢ സ്വഭാവമുള്ള വിഭാഗക്കാരായിരുന്നു സെഷിൻ. ആൻഡീസിലെ ആദ്യകാല സംസ്കാരങ്ങളിലൊന്നിന്റെ ഭാഗമായ ഇവരെക്കുറിച്ച് ഇന്നും ചരിത്രകാരന്മാർക്ക് കാര്യമായ അറിവൊന്നുമില്ല. പക്ഷേ പിരമിഡിൽനിന്നുള്ള വിവരം വിശദമാക്കുന്നത് നരബലി ഉൾപ്പെടെ ആചാരത്തിന്റെ ഭാഗമാക്കിയവരായിരുന്നു സെഷിൻ വിഭാഗക്കാരെന്നാണ്. സെഷിൻ ആർക്കിയോളജിക്കൽ പ്രോജക്ടിന്റെ ഭാഗമായി ഉദ്ഖനനത്തിലേർപ്പെട്ട ഗവേഷകരായിരുന്നു ഈ പിരമിഡ് കണ്ടെത്തിയത്. സെഷിൻ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു ഇവിടുമെന്നാണു കരുതപ്പെടുന്നത്. തെക്കേ അമേരിക്കൻ പ്രദേശത്തെ ആദ്യകാല സ്മാരകങ്ങളിലൊന്നാണ് ഈ പിരമിഡെന്നും കരുതുന്നു. 5000 വർഷം മുൻപ് ഇത്തരം നിർമിതികളൊന്നും മറ്റെവിടെയും കണ്ടെത്തിയിട്ടുമില്ല.


മണ്ണിനടിയിൽ പുതഞ്ഞ നിലയിലായിരുന്നു പിരമിഡ്. ഏകദേശം 18 അടി ആഴത്തിൽ മണ്ണുനീക്കിയാണ് ഇത് അനാവരണം ചെയ്തെടുത്തത്. പ്രദേശത്തെ മൂടിയിരുന്ന വമ്പൻ കല്ലുകളും എടുത്തുമാറ്റേണ്ടിവന്നു. ഇതിന്റെ ഒരു വശത്തായിരുന്നു പടിക്കെട്ടുകൾ. കല്ലുകൾകൊണ്ടായിരുന്നു നിർമാണം. പിരമിഡിനാകെ പത്തടിയായിരുന്നു ഉയരം, 15 അടി വീതിയും. മണ്ണിനടിയിലായിരുന്നെങ്കിലും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. സെഷിൻ സംസ്കാരത്തിൽ നിർണായക തീരുമാനങ്ങളെടുത്തിരുന്ന ഭരണകേന്ദ്രമായിരുന്നോ ഇതെന്നു പോലും സംശയമുണ്ട്. എന്തായാലും പിരമിഡ് ആചാരപരമായ ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നതിനു വ്യക്തമായ തെളിവുകളുണ്ട്.

പിരമിഡിനു സമീപത്തുനിന്നു ലഭിച്ചത് രണ്ടു തലയോട്ടികളാണ്. ഒന്ന് ഒരു ആൺകുട്ടിയുടെയും മറ്റൊന്ന് യുവാവിന്റെയും. നരബലി നടത്തിയതിന്റെ ബാക്കിപത്രമായിരിക്കാം ഇതെന്നാണു കരുതുന്നത്. പിരമിഡിന്റെ ഒരു വശത്തുനിന്ന് അസ്ഥികൂടവും ലഭിച്ചു. പക്ഷേ പല ശരീരഭാഗങ്ങളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. പുരാതന ആൻഡീസ് സംസ്കാരങ്ങളിൽ പലതും നരബലിക്കും ആചാരങ്ങൾക്കും വേണ്ടി സമാനമായ കെട്ടിടങ്ങൾ നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ തുടക്കം സെഷിനിൽ നിന്നായിരുന്നുവെന്നാണു ഗവേഷകരുടെ വാദം. സ്പാനിഷ് അധിനിവേശമുണ്ടാകുന്നതുവരെ പെറുവിൽ നരബലി തുടർന്നുവന്നിരുന്നതായി നേരത്തേത്തന്നെ ചരിത്രരേഖകൾ വ്യക്തമാക്കുന്നുമുണ്ട്. എന്തായാലും 5000 വർഷമായി ലോകത്തിനു പിടിതരാതെയിരിക്കുന്ന സെഷിൻ സംസ്കാരമെന്ന സമസ്യയ്ക്ക് പിരമിഡും പരിസരവും ഉത്തരം നൽകുമെന്നുതന്നെയാണു പുരാവസ്തു ഗവേഷകരുടെ പ്രതീക്ഷ.