കൊടുംവേനലിലും മഞ്ഞ്, പട്ടിണി, ഇരുട്ട്... ലോകചരിത്രത്തിലെ ഏറ്റവും ദുരിത വർഷം!

നവീൻ മോഹൻ

ഭൂമികുലുക്കം, അഗ്നിപർവത സ്ഫോടനം, മെഗാസൂനാമി, ആകാശത്തു നിന്ന് തീഗോളങ്ങൾ പെയ്യൽ... ലോകം അവസാനിക്കുന്നത് ഇങ്ങനെയൊക്കെയാണെന്നാണു സിനിമാക്കാർ പറയുന്നത്. 2012 എന്ന പേരിൽ ലോകാവസാനം വിഷയമാക്കി ഒരു സിനിമയുമുണ്ട്. അതു പ്രകാരം ലോകത്തിലെ ഏറ്റവും ഭീകരമായ വർഷം 2012 ആയിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെയൊരു വർഷമുണ്ടോ? മനുഷ്യജീവിതം ഏറ്റവും ദുസ്സഹമായ അത്തരം ഒരു വർഷവും ഉണ്ടായിരുന്നതായാണു പുതിയ കണ്ടെത്തൽ. ഹാവാർഡ് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ മൈക്കേൽ മക്‌കോർമിക് ആണ് തന്റെ ഗവേഷണത്തിലൂടെ ആ വർഷം തിരഞ്ഞെടുത്തത്. എഡി 536 ആയിരുന്നത്രേ മനുഷ്യജീവിതം ഏറ്റവും ദുസ്സഹമായ വർഷം!

അക്കാലത്തു ജീവിച്ചിരുന്നവർ കടന്നുപോയതാകട്ടെ ‘ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കല്ലേ’ എന്ന് ആരും പ്രാർ‌ഥിച്ചു പോകുന്ന നിമിഷങ്ങളിലൂടെയും. ആ വർഷമാണ് ഒരു ‘നിഗൂഢമായ’ പുകമഞ്ഞ് യൂറോപ്പിനെയും ഏഷ്യയെയും മിഡിലീസ്റ്റ് രാജ്യങ്ങളെയും മൂടിയത്. തുടർന്ന് ഒന്നര വർഷത്തോളം ഈ പ്രദേശങ്ങൾ ഇരുട്ടിലാണ്ടു പോയി. ചൈനയിൽ എല്ലായിടത്തും മഞ്ഞുവീഴാൻ തുടങ്ങി. അതോടെ വിളകളെല്ലാം നശിച്ചു. രാജ്യം ക്ഷാമത്തിന്റെ പിടിയിൽപ്പെട്ടു. പെറുവിലും ഇതു തന്നെ സ്ഥിതി. ഇതിന്റെ തിരിച്ചടി വർഷങ്ങളോളം നീണ്ടതായും ‘ആന്റിക്വിറ്റി’ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വേനൽക്കാലത്തു പോലും താപനില 1.5 മുതൽ 2.5 ഡിഗ്രി സെൽഷ്യസിലേക്കു കുറഞ്ഞു. 2300 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കാഠിന്യമേറിയ മഞ്ഞുകാലത്തിലേക്കു വിവിധ രാജ്യങ്ങൾ വീണു. ദുരന്തം എഡി 536ൽ തുടങ്ങിയെങ്കിലും അതിൽ നിന്നു കര കയറാൻ യൂറോപ്പിനു പോലും പിന്നെയും എഡി 640 വരെ കാത്തിരിക്കേണ്ടി വന്നു.

എങ്ങനെയാണ് ലോകമെമ്പാടും ഇത്തരത്തിലൊരു പുകമഞ്ഞ് പടർന്നതെന്നും മക്‌കോർമിക്കും സംഘവും അന്വേഷിച്ചു. ഐസ്‍‌ലാൻഡിലെ ഒരു അഗ്നിപർവതത്തിലാണ് ആ യാത്ര അവസാനിച്ചത്. എഡി 536ൽ പൊട്ടിത്തെറിച്ച ആ പര്‍വതത്തിൽ നിന്നുള്ള പുകയും ചാരവും ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. സ്വിറ്റ്സർലൻഡിലെ ഒരു മഞ്ഞുമല പരിശോധിച്ചതിൽ നിന്നാണ് ഇതിന്റെ തെളിവുകൾ ലഭിച്ചത്. മഞ്ഞുപാളികൾക്കിടയിൽ ഓരോ അടരിലും അക്കാലത്തെ പ്രധാന സംഭവങ്ങളുടെ സൂചന ഏതെങ്കിലും വിധത്തിൽ ഒളിച്ചിരിപ്പുണ്ടാകും. എഡി 536ൽ അന്തരീക്ഷത്തിലുണ്ടായ ‘ചാര’മലിനീകരണത്തിന്റെ സൂചനകളാണു ഗവേഷകർക്കു മഞ്ഞുകട്ടയിൽ നിന്നു ലഭിച്ചത്.

എഡി 540ലും എഡി 547ലും വീണ്ടും ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചതും സ്ഥിതിഗതികൾ വഷളാക്കി. ‘വോൾക്കാനിക് വിന്റർ’ എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. എൽ സാൽവദോറിലെ ഇലോപാൻഗോ എന്ന അഗ്നിപർവതമാണ് അന്നു പൊട്ടിത്തെറിച്ചതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഐസ്‌ലൻഡിൽ നിന്നു ലഭിച്ച അഗ്നിപർവത ചാര അവശിഷ്ടങ്ങൾ യൂറോപ്പിലെയും ഗ്രീൻലൻഡിലെയും മഞ്ഞുപാളികളിൽനിന്നു ലഭിച്ചതിനു സമാനമായിരുന്നു. അതോടെ സംഭവത്തിന്റെ തുടക്കം ഐസ്‌ലന്‍ഡെന്നു വ്യക്തമായി. എന്നാൽ അഗ്നിപർവതത്തിന്റെ സ്ഥാനം ഇതുവരെ കണ്ടെത്താനായിട്ടില്ല.