ഗീസ പിരമിഡിനോളം വലുപ്പം, 15 അണുബോംബുകളുടെ ശക്തി; പക്ഷേ പേടിക്കാനില്ല!
ഭൂമിയിൽ ഛിന്നഗ്രഹം ഇന്നു വന്നിടിക്കും, നാളെ വന്നിടിക്കും എന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ നമ്മളെ ഇടയ്ക്കിടെ പേടിപ്പിക്കാറുണ്ട്. ഈയടുത്ത കാലത്തൊന്നും പക്ഷേ അത്തരമൊരു പ്രശ്നമുണ്ടാകില്ലെന്ന് അവർ ആശ്വസിപ്പിക്കുന്നുമുണ്ട്. അത്തരമൊരു റിപ്പോർട്ട് വീണ്ടും വന്നുകഴിഞ്ഞു. ഭൂമിക്കു മേൽ വന്നിടിക്കാൻ സാധ്യതയുള്ള ജെഎഫ്1 എന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള റിപ്പോർട്ടാണു പുറത്തുവന്നിരിക്കുന്നത്. നിയർ എർത്ത് ഓബ്ജക്ട് (എൻഇഒ) വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂര്യനെ ഭ്രമണം ചെയ്യുന്നതും, ഭൂമിക്കു ഭീഷണിയുള്ളതുമായ വസ്തുക്കളെയാണ് എൻഇഒയിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഛിന്നഗ്രഹങ്ങളാണ് കൂട്ടത്തിൽ ഏറ്റവും ഭീഷണി. പേരുപോലെത്തന്നെ സൂര്യനെ ഭ്രമണം ചെയ്യുന്ന കുഞ്ഞൻ ഗ്രഹങ്ങളാണ് ഇവ. കാഠിന്യമേറിയ ലോഹം കൊണ്ടും പാറ കൊണ്ടുമെല്ലാമാണ് ഇവ നിർമിക്കപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ ഭൂമിക്കു വലിയ വെല്ലുവിളിയുമാണ്.
ഏകദേശം 130 മീറ്റർ വ്യാസമുള്ളതാണ് ജെഎഫ്1 എന്ന ഛിന്നഗ്രഹം. ലോകത്തിലെ ഏറ്റവും വലിയ പിരമിഡായ ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ അത്ര വലുപ്പവും. 2009ലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. അന്നുമുതൽ, 10 വർഷമായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബറട്ടറി ഇതിനെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. അതിനു വേണ്ടി ഒരു പ്രത്യേക നിരീക്ഷക സംവിധാനം തന്നെ തയാറാക്കിയിട്ടുമുണ്ട്– സെൻട്രി എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് അടുത്ത 100 വർഷത്തിനിടെ ഭൂമിയിലേക്കു വന്നിടിക്കാൻ സാധ്യതയുള്ള വസ്തുക്കളെ സ്വയം നിരീക്ഷിച്ചു വിവിരങ്ങൾ നൽകാനുള്ള കഴിവുണ്ട്.
ജെഎഫ്1 എന്നെങ്കിലും ഭൂമിയിൽ വന്നിടിച്ചാൽ 230 കിലോടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിനു തുല്യമാകുമെന്നാണു നാസ പറയുന്നത്. നാം കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ സ്ഫോടനങ്ങൾ ഹിരോഷിമയിലെയും നാഗസാക്കിയിലെയുമാണല്ലോ. 1945ൽ അവിടങ്ങളിൽ സ്ഫോടനമുണ്ടായമ്പോൾ 15 കിലോടൺ ടിഎൻടി പൊട്ടിത്തെറിക്കുമ്പോഴുള്ളത്ര ആഘാതമാണുണ്ടായത്. അത്തരത്തിലുള്ള 15 അണുബോംബുകൾ ഒരുമിച്ചു പൊട്ടിയാലുള്ള അവസ്ഥയായിരിക്കും ജെഎഫ്1 ഭൂമിയിൽ വന്നിടിക്കുമ്പോൾ! എൻഇഒകൾക്ക് 140 മീറ്ററിലും അധികം വലുപ്പമുണ്ടെങ്കിൽ അവയ്ക്ക് ഭൂമിയിലെ വൻകരകളെപ്പോലും തുടച്ചുമാറ്റാനുള്ള ശേഷിയുണ്ടാകുമെന്നാണു ഗവേഷകർ പറയുന്നത്. ഭൂമിയിൽ അവ വന്നിടിച്ചാൽ 60 മെഗാടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിനു സമാനമായിരിക്കും. ഭൂമിയിൽ ഇന്നേവരെയുണ്ടായ ഏറ്റവും ഭീകര അണുസ്ഫോടനത്തേക്കാൾ വലുതായിരിക്കും അത്.
പക്ഷേ വലുപ്പം കൂടുതലായതിനാൽ ഇവയെ കണ്ടെത്താനും നിരീക്ഷിക്കാനും എളുപ്പമാണ്. മാത്രവുമല്ല, ഭൂമിയിൽ നിന്നു പ്രത്യേകപേടകം അയച്ച് അവയിൽ കൊണ്ടിടിച്ചു വഴിമാറ്റിവിടാനും സാധിക്കും. അത്തരമൊരു പദ്ധതിയുടെ പേരാണ് ആസ്റ്ററോയ്ഡ് ഇംപാക്ട് ഡിഫ്ലക്‌ഷൻ അസസ്മെന്റ് അഥവാ അയ്ഡ. ജെഎഫ്1 ഭൂമിയിൽ വന്നിടിക്കുകയാണെങ്കിൽ അത് 2022 മേയ് ആറിനായിരിക്കും സംഭവിക്കുകയെന്നു പറയുന്നു നാസ. പക്ഷേ അതിനു സാധ്യത വളരെ കുറവാണ്. അതായത് 3800ൽ ഒന്ന് എന്ന കണക്കിനാണു സാധ്യത– വെറും 0.026 ശതമാനം മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. ഭൂമിക്ക് പേടിക്കാൻ അധികമൊന്നുമില്ലെന്നു ചുരുക്കം.