അണക്കെട്ടുകളെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ
ഇനി ഒരു യുദ്ധമുണ്ടാകുന്നുവെങ്കില്‍ അത് വെള്ളത്തിനുവേണ്ടിയാണെന്ന് കേട്ട് കേട്ട് എല്ലാവരും അക്കാര്യം ഉറപ്പിച്ചിരിക്കുന്നു. എന്നാലിനി ഇക്കാര്യത്തിന് യുദ്ധമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുന്നത് വലിയ നഷ്ടക്കച്ചവടമാണ്. അതിന്റെ ആവശ്യമേയില്ല. വളരെ എളുപ്പത്തിലും കാര്യക്ഷമമായും ജലം ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ത്തന്നെ ലഭ്യമാണ്. അവ നാള്‍തോറും മെച്ചപ്പെട്ടുകൊണ്ടുമിരിക്കുന്നു.
ബ്രിട്ടൻ ഒന്നാമൻ
മറ്റു പല രംഗങ്ങളിലുമെന്നപോലെ അണക്കെട്ടു നിർമാണത്തിലും മുന്നിൽ നിന്ന രാജ്യം ബ്രിട്ടൻ തന്നെയായിരുന്നു. മണ്ണുകൊണ്ടുള്ള 200 അണക്കെട്ടുകൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ അവർ നിർമിച്ചിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് പട്ടാള എൻജിനീയർമാർ അമേരിക്കയിൽ ഒട്ടനവധി ഡാമുകൾ നിർമിച്ചു. സോവിയറ്റ് യൂണിയനും ഇക്കാലത്ത് ധാരാളം അണക്കെട്ടുകൾ പണിതു. വിഖ്യാതനായ മാക്സിം ഗോർക്കിയുടെ ‘ഭ്രാന്തൻ പുഴകളെ സ്വാഭാവികങ്ങളാക്കുകയാണ് അണക്കെട്ടു നിർമാണത്തിന്റെ ലക്ഷ്യം’ എന്ന പരാമർശം .ശ്രദ്ധിക്കാം.
തരം തിരിക്കൽ
വൻകിട അണക്കെട്ടുകൾ (Large Dams) എന്നും ഭീമൻ അണക്കെട്ടുകൾ (Super Dams) എന്നും രണ്ടുതരം അണക്കെട്ടുകളുണ്ട്. 150 മീറ്ററിലധികം ഉയരമുള്ളവയാണ് ‘ഭീമൻ’ വിഭാഗത്തിൽപ്പെട്ടവ. ലോക അണക്കെട്ടു കമ്മിഷൻ (World Commission on Dams) ആണ് ഇത്തരത്തിൽ ഡാമുകളെ വർഗീകരിച്ചത്. ലോകത്ത് അര ലക്ഷത്തോളം വൻകിട അണക്കെട്ടുകളുള്ളതായി കണക്കാക്കപ്പെടുന്നു.
സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യാം?
അണക്കെട്ടുകളുടെ ഗുണഭോക്താക്കളായ നമുക്ക്, ഒരു സുപ്രഭാതത്തിൽ ഇവയെ വേണ്ടെന്നുവയ്ക്കാനാവില്ല. സുരക്ഷയ്ക്കായുള്ള ചില നിർദേശങ്ങളിതാ....
∙ അണക്കെട്ടുകളിൽ ജലനിരപ്പുയർത്തുന്നതിൽ കർശന നിയന്ത്രണം വേണം.
∙ ചോർച്ച ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണം. അഥവാ ഉണ്ടെങ്കിൽ അതിനു പരിഹാരം കണ്ടേ പറ്റൂ.
∙ അപകടമുണ്ടാകുമ്പോൾ ജനങ്ങളെ ഒഴിപ്പിക്കുന്നതിനു പകരം, അണക്കെട്ടിന്റെ പരിസരത്തു ജനവാസം നിയന്ത്രിക്കണം.
∙ അപകട മുന്നറിയിപ്പിനുള്ള സംവിധാനം കാര്യക്ഷമമാക്കണം. കൃത്യമായ ബോധവൽക്കരണത്തിലൂടെ, പ്രളയമുണ്ടാകുന്നതിനു മുമ്പുതന്നെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തുവാൻ സജ്ജരാക്കണം. അല്ലെങ്കിൽ നിർബന്ധപൂർവം എത്തിക്കണം.
∙ അണക്കെട്ടുകൾ ഇനിയും നിർമിക്കുന്നുവെങ്കിൽ ഉയരം കുറച്ചു നിർമിക്കുക.
പ്രകൃതിദുരന്തങ്ങൾ നാം നേരിടുകതന്നെ ചെയ്യണം. എന്നാൽ പ്രകൃതിയെ വേദനിപ്പിച്ചുകൊണ്ടു നാം നേടുന്ന എന്തിനും വലിയ വില നൽകേണ്ടിവരുമെന്ന പാഠമുൾക്കൊണ്ടുകൊണ്ട്, നമ്മുടെ പ്രകൃതിചൂഷണ മാർഗങ്ങളെ അടിമുടി പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അണക്കെട്ടുകളുടെ നിർമാണവും ഉപയോഗവും അവയിലൊന്നുമാത്രം.
അണക്കെട്ടുകളുടെ ഉപയോഗങ്ങൾ
നദിയുടെ ജലവിതാനമുയർത്തി ഒരു കൃത്രിമ തോടിലേക്കു തിരിച്ചുവിട്ട് വിവിധ ആവശ്യങ്ങൾക്കായി ജലം പ്രയോജനപ്പെടുത്താനാകും.
ജലപ്രവാഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിച്ച് കൃത്രിമ സംഭരണി യിൽ ജലം സംഭരിക്കുവാനാകുന്നു.
നദിയുടെയും സംഭരണിയുടെയും ജലവ്യതിയാനം വർധിപ്പിക്കുകവഴി വൈദ്യുതി ഉത്പാദനം നടക്കുന്നു.
വെള്ളപ്പൊക്ക നിയന്ത്രണം സാധ്യമാകുന്നു.
ജലഗതാഗതത്തിന് ഉപയുക്തമാക്കാനാവുന്നു.
ഉൾനാടൻ മൽസ്യബന്ധനത്തിനു സാധ്യതയുണ്ടാകുന്നു.
ജലസംഭരണിയിൽ ബോട്ടിങ് ഏർപ്പെടുത്തി വിനോദസഞ്ചാരത്തെ പ്രോൽസാഹിപ്പിക്കാനാകുന്നു.
ദോഷങ്ങളും പ്രത്യാഘാതങ്ങളും
കോടിക്കണക്കിനു രൂപ മുടക്കി അണക്കെട്ടുകൾ നിർമിക്കുമ്പോൾ മേൽപറഞ്ഞ ഗുണങ്ങളോടൊപ്പം ദോഷങ്ങളും ഉണ്ടെന്ന് വർത്തമാനകാലാനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
∙ അണക്കെട്ടു നിർമിക്കുമ്പോൾ ഒട്ടനവധിയാളുകൾക്കു ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നു.
∙ അണക്കെട്ടിൽ തുടങ്ങി നദി കടലിൽ ചേരുന്ന പ്രദേശം വരെയുള്ള നദിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ വരുമാനം ഇല്ലാതാകുന്നു.
∙ ഡാം നിർമാണവുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കൽ ചെലവ് കണക്കാക്കിയാൽ ഒരു അണക്കെട്ടും സാമ്പത്തികമായി മെച്ചമല്ലെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
∙ സ്വാഭാവിക നീരൊഴുക്കിനെ തടയുന്നത് ആവാസ വ്യവസ്ഥകളെ തകർക്കുന്നു.
∙ ഒട്ടേറെ ഭൂരൂപങ്ങളെ നിർമിക്കുന്ന ‘സ്വാഭാവിക ശിൽപി’യായ പുഴയുടെ ഭൂമിശാസ്ത്രപരമായ ധർമത്തെത്തന്നെ അണക്കെട്ട് ഇല്ലാതാക്കുന്നു.
∙ സ്വാഭാവിക വനങ്ങളും ഡാം നിർമിക്കുമ്പോൾ നാശത്തിനു വിധേയമാകുന്നു. ജൈവവൈവിധ്യത്തിന്റെ 80 ശതമാനവും നിലകൊള്ളുന്ന ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശത്തിന്റെ പ്രധാന കാരണം ഡാമുകളുടെ നിർമാണമാണ്.
∙ അണക്കെട്ടു നിർമാണം പല കാരണങ്ങളാൽ പല ജീവികളെയും വംശനാശത്തിന്റെ വക്കിലാക്കിയിട്ടുണ്ട്.
∙ നദികൾ തടയപ്പെടുമ്പോൾ അവയുടെ പതനസ്ഥാനത്തുള്ള ഇക്കോ വ്യൂഹങ്ങൾ ഇല്ലാതാവുകയും ‘സമുദ്ര മത്സ്യബന്ധന തകർച്ച’ തന്നെ സംഭവിക്കുകയും ചെയ്യുന്നു.
∙ ജലം കെട്ടിക്കിടക്കുമ്പോൾ പകൽസമയത്ത് അതിന്റെ താപനില ഉയരുകയും വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറയുകയും ചെയ്യും. ജൈവവസ്തുക്കൾ ചീഞ്ഞളിഞ്ഞുണ്ടാകുന്ന മലിനീകരണം കൂടിയാകുമ്പോൾ ജീവന്റെ നിലനിൽപ്പു തന്നെയില്ലാത്ത സ്ഥിതി സംജാതമാകുന്നു.
∙ സ്വാഭാവിക പ്രളയം നിയന്ത്രിക്കാമെങ്കിലും അണക്കെട്ടുകൾ പെട്ടെന്നു തുറക്കുമ്പോഴുണ്ടാകുന്ന പ്രളയം, എന്തെന്ന് നാം അനുഭവിച്ചുകഴിഞ്ഞു. അണക്കെട്ടുകൾ ഭൂകമ്പകാരണികൾ കൂടിയാണെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ പ്രധാന അണക്കെട്ടുകൾ
പേപ്പാറ, അരുവിക്കര,നെയ്യാർ, തെന്മല, പമ്പ, കക്കി, ആനത്തോട്, കക്കാട്, മൂഴിയാർ, മുല്ലപ്പെരിയാർ, ഇടുക്കി, ചെറുതോണി, കുളമാവ്, ആനയിറങ്കൽ, ചെങ്കുളം, കുണ്ട്ള, പൊൻമുടി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര, നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ, പീച്ചി, വാഴാനി, തുമ്പൂർമൂഴി, ഷോളയാർ, പെരിങ്ങൽക്കുത്ത്, തൂണക്കടവ്, മംഗലം, പറമ്പിക്കുളം, മലമ്പുഴ, മീൻകര, ചുള്ളിയാർ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, വാളയാർ, കക്കയം, പെരുവണ്ണാമൂഴി, കുറ്റ്യാടി, ബാണാസുരസാഗർ, കാരാപ്പുഴ, പഴശ്ശി
ഈ പ്രധാന അണക്കെട്ടുകൾ കൂടാതെ ചെക്ക് ഡാമുകൾ, ഡൈവേർഷൻ ഡാമുകൾ, മണ്ണുകൊണ്ട് നിർമിച്ച ബണ്ടുകൾ ഇവയൊക്കെ ഉൾപ്പെടെ നൂറോളം ചെറിയ ജലസംഭരണികളുമുണ്ട്.