യാത്ര പോകാം...രാക്ഷസക്കോട്ടയിലേക്ക്
നവീൻ മോഹൻ
കാടിനു നടുവിൽ കൂറ്റനൊരു കൊട്ടാരം, മാനംമുട്ടെ ഉയരം. അതിനകത്തു താമസിക്കുന്നതാകട്ടെ അതിഭീകരൻ രാക്ഷസനും– ദേഹമാകെ രോമം, തലയിൽ രണ്ടു കൊമ്പ്, കാളക്കൂറ്റനെപ്പോലെ മുഖം, തിളങ്ങുന്ന കണ്ണുകൾ... ഇങ്ങനെ ആരെയും പേടിപ്പെടുത്തുന്ന രൂപം. ബെൽ എന്ന പെൺകുട്ടിക്കു പക്ഷേ രാക്ഷസനെ ഇഷ്ടമാണ്. ‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’ എന്ന സിനിമയിലൂടെ ലോകമെമ്പാടും ഈ ‘ഭീകരൻ’ പ്രശസ്തനുമാണ്. 1991ലാണ് ആദ്യമായി ഡിസ്നി ഈ ആനിമേഷൻ സിനിമ പുറത്തിറക്കുന്നത്. ഇതേപേരിൽത്തന്നെ 2017ൽ ഇറങ്ങിയ സിനിമയും സൂപ്പർഹിറ്റായിരുന്നു. രൂപത്തിൽ ഭീകരനാണെങ്കിലും ഉള്ളുകൊണ്ടു പാവമായ ഈ രാക്ഷസനെ കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. ഈ പേടിപ്പിക്കുന്ന ഭീകരനെ കാണാൻ ഇനി കുട്ടികൾ കാശു കൊടുത്തു ടിക്കറ്റെടുത്തു ക്യൂ നിൽക്കുമെന്നതാണു സത്യം.
ജപ്പാനിലെ ടോക്കിയോവിലാണ് ‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’ തീം പാർക്ക് വരുന്നത്. അവിടത്തെ ഡിസ്നി ലാൻഡിൽ 11.5 ഏക്കർ സ്ഥലത്ത് കൂറ്റൻ രാക്ഷസക്കോട്ട സഹിതമാണ് പാർക്ക്. കോട്ടയ്ക്കു മാത്രം ഏകദേശം 118 അടി വരും ഉയരം. ‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’ കഥയെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ തീം പാർക്കുമായിരിക്കും ഇത്. 2020ൽ ഇതു തുറന്നുകൊടുക്കുമെന്നും ഡിസ്നി കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു. പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. രാക്ഷസനെ സ്നേഹിച്ച സുന്ദരിയായ പെൺകുട്ടിയുടെ കഥയാണ് ‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’. ആദം എന്ന രാജകുമാരനാണു ശാപം കിട്ടി രാക്ഷസനായി മാറിയത്. ആ ഭീകരരൂപം കണ്ട് ആരെങ്കിലും ആത്മാർഥമായി സ്നേഹിച്ചാൽ മാത്രമേ രാക്ഷസനു പഴയ രാജകുമാരന്റെ രൂപം കിട്ടുകയുള്ളൂ. ബെൽ എന്ന പെൺകുട്ടി തന്റെ കാണാതായ അച്ഛനെ തേടി രാക്ഷസന്റെ കോട്ടയിലെത്തുന്നതും അവിടെ തടവിലാക്കപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണു കഥ.
സംസാരിക്കാൻ ശേഷിയുള്ളവയാണ് കോട്ടയിലെ കപ്പും സോസറും ക്ലോക്കും പാത്രങ്ങളും വിളക്കുകളുമെല്ലാം. അതിനു കാരണവുമുണ്ട്– ആദം രാജകുമാരനൊപ്പം അദ്ദേഹത്തിന്റെ പരിചാരകർക്കും ശാപം കിട്ടിയിരുന്നു. ‘രാക്ഷസക്കോട്ടയിലെ വിവിധ ഗൃഹോപകരണങ്ങളായി മാറട്ടെ’ എന്നായിരുന്നു ശാപം. അങ്ങനെയാണ് ചിപ് എന്ന ചായക്കപ്പും മിസിസ് പോട്ടും കോഗ്സ്‌വർത്ത് എന്ന ക്ലോക്കും ലൂമിയർ എന്ന കാൻഡ്ൽസ്റ്റിക്കുമൊക്കെ സംസാരിക്കാൻ തുടങ്ങിയത്. ആദമിനെയും ബെലിനെയും രാക്ഷസനെയും മാത്രമല്ല, ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റിലെ എല്ലാ കഥാപാത്രങ്ങളെയും ആനിമട്രോണിക്സിലൂടെ തയാറാക്കിയാണ് കോട്ടയിൽ സ്ഥാപിക്കുക. ഇതിനായി ‘ഇമാജിനീയർമാർ’ കൊണ്ടുപിടിച്ച പണിയിലാണ് (ഭാവനയിൽ മാത്രം കാണാൻ സാധിക്കുന്ന കാഴ്ചകളെ സാങ്കേതികവിദ്യയുടെ സഹായത്താൽ പുനഃസൃഷ്ടിക്കുന്നവരെയാണ് ഇമാജിനീയർമാരെന്നു വിളിക്കുക)
1991ലെ സിനിമയിൽ പ്രവർത്തിച്ച ഡിസൈനർമാരും ആനിമേറ്റർമാരും ഇവരെ സഹായിക്കാനുണ്ട്. വാൾട്ട് ഡിസ്നി സ്റ്റുഡിയോസിൽ നിന്നുള്ള ഇവരിൽ ചിലർ നൽകിയ ഡിസൈൻ അനുസരിച്ചാണ് കഥാപാത്രങ്ങൾക്കു രൂപം നൽകിയത്. ഇവയെ പിന്നീട് മോട്ടോറുകളുടെയും മറ്റും സഹായത്തോടെ ചലിപ്പിക്കും. റോബട്ടിക്സ് സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുക. കോട്ടയിലെ കാഴ്ചകൾ കാണാൻ ഒരു കപ്പിൽ കയറിയാണു യാത്ര. ഒരു കപ്പിൽത്തന്നെ 10 സീറ്റുകളുണ്ടാകും. ഇളകിയും തിരിഞ്ഞും മറിഞ്ഞുമുള്ള ആ യാത്രയ്ക്കിടെ കുട്ടികൾക്ക് ഒരു റാന്തൽവിളക്കുമായി തന്റെ അച്ഛനെ തേടിനടക്കുന്ന ബെലിനെ കാണാം. രാജകുമാരനും ബെലിനുമൊപ്പം നൃത്തം ചെയ്യാം– സിനിമയിലെ അതേ പാട്ടുതന്നെയായിരിക്കും നൃത്തത്തിനും പശ്ചാത്തലമൊരുക്കുക... ഇങ്ങനെ കപ്പിലേറി കോട്ടയിലെ സകല കാഴ്ചകളും കണ്ട് തിരിച്ചിറങ്ങുമ്പോഴേക്കും രാക്ഷസനെ നമുക്ക് കൂടുതൽ ഇഷ്ടമാകും, ഉറപ്പ്... ഇതിനെല്ലാം എത്ര രൂപയായിരിക്കും ചെലവ്? അതുകേട്ടാലും അന്തംവിട്ടു പോകും–ഏകദേശം 4700 കോടി രൂപ!!!