ആഫ്രിക്കൻ ആനകളെപ്പറ്റി ഞെട്ടിക്കുന്ന റിപ്പോർട്ട് !
നവീന്‍ മോഹൻ
കരയിലെ ഏറ്റവും വലിയ മൃഗം ഏതാണ് എന്ന ചോദ്യത്തിന് ‘ആന’ എന്ന് ഉത്തരം നൽകിയാൽ അധ്യാപകർ തിരുത്തും– ആഫ്രിക്കൻ ആനയെന്ന്. നമ്മുടെ നാട്ടിൽ കാണപ്പെടുന്നത് ഏഷ്യൻ ആനകളാണ്. ആഫ്രിക്കനും ഏഷ്യനും തമ്മിൽ ഉയരത്തിലും ഭാരത്തിലുമെല്ലാം വ്യത്യാസവുമുണ്ട്. ആഫ്രിക്കൻ ആനകൾക്ക് ഏകദേശം 4500 മുതൽ 5900 കിലോ ഗ്രാം വരെ ഭാരമുണ്ടാകും. ഏഷ്യൻ ആനകൾക്കാകട്ടെ 3600–4500 കിലോയും. ആഫ്രിക്കൻ ആനകളുടെ കൊമ്പിനും നീളമേറെയാണ്. അതിനാൽത്തന്നെ ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന വമ്പൻ ജീവികളിൽ ഒന്നാം സ്ഥാനത്താണ് ഇവയുടെ സ്ഥാനം. പക്ഷേ ആനവേട്ട ഇവ്വിധം മുന്നോട്ടു പോയാൽ 20 വർഷത്തിനകം ഇവ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാകുമെന്നാണു വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ (ഡബ്ല്യുഡബ്ല്യുഎഫ്) പറയുന്നത്.
ഈ പാവം മൃഗങ്ങളുടെ കൊമ്പിനു വേണ്ടിയാണ് വേട്ടയാടലില്‍ അധികവും. 1980 മുതലുള്ള കണക്കെടുത്താൽ ലോകത്ത് ആകെയുണ്ടായിരുന്ന ആഫ്രിക്കൻ ആനകളിൽ 70 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. 2011 മുതലാണ് ആനക്കൊമ്പിന് ആവശ്യക്കാരേറിയത്. ഇക്കാലത്തു പോലും പ്രതിവർഷം 20,000 ആനകൾ കൊമ്പിനും മാംസത്തിനും വേണ്ടി ലോകത്തിനിറെ വിവിധ ഭാഗങ്ങളിൽ കൊല ചെയ്യപ്പെടുന്നുണ്ടെന്നാണു കണക്ക്. വിഷം പുരട്ടിയ അമ്പുകളും എകെ 47 തോക്കും വരെ ഉപയോഗിച്ചാണ് ഇവയെ കൊല്ലുന്നത്. ചോരവാർന്ന് വീഴുമ്പോൾ വേട്ടക്കാർ സമീപത്തെത്തും. എന്നിട്ടു കാലിലെ ഞരമ്പുകൾ മുറിക്കും. അതോടെ ഇവയ്ക്ക് അനങ്ങാൻ പറ്റാതാകും. ചോര വാർന്ന് മരിച്ചു തുടങ്ങുകയും ചെയ്യും.
അനങ്ങാൻ പറ്റാതാകുന്നതോടെ ആദ്യം തുമ്പിക്കൈ മുറിച്ചെടുക്കും, അതിനു ശേഷം കൊമ്പുകളും. കേട്ടിട്ടു കൊച്ചുകൂട്ടുകാർക്കു സങ്കടം വരുന്നില്ലേ? ഇത്രയേറെ ക്രൂരമായാണു മനുഷ്യർ ഈ മിണ്ടാപ്രാണികളോടു പെരുമാറുന്നത്. ആഫ്രിക്കൻ ആനകൾ ഇല്ലാതായാൽ അത് അവിടുത്തെ മറ്റു ജീവജാലങ്ങളെയും ബാധിക്കും. തീറ്റ തേടി പലയിടത്തും അലയുകയും അവിടെയെല്ലാം ആനപ്പിണ്ടമിടുകയും ചെയ്യുന്നതിനാൽ മണ്ണ് ഫലഭൂയിഷ്ഠമാക്കാൻ ഇവ ഏറെ സഹായിക്കുന്നുണ്ട്. ആനകൾ ചെളിയിലൂടെ നടക്കുമ്പോൾ രൂപപ്പെടുന്ന വലിയ കുഴികൾ പോലും തവളകൾക്കും തുമ്പികൾക്കും മുട്ടയിടാനുള്ള സുരക്ഷിത താവളമാകാറുണ്ട്.
ആഫ്രിക്കയിൽ രണ്ടു തരം ആനകളാണുള്ളത്. ഒന്ന് ആഫ്രിക്കൻ കാട്ടാന. ഇവ പ്രധാനമായും കാണപ്പെടുന്നത് പടിഞ്ഞാറൻ ആഫ്രിക്കയിലും കോംഗോ നദീതടത്തിലുമാണ്. രണ്ടാമത്തെയിനമാണ് ആഫ്രിക്കൻ സാവന്ന (ബുഷ്) എലഫന്റ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും വ്യാപകമായി ഇതിനെ കാണാം. രണ്ടു തരം ആനകൾക്കു നേരെയും ഒരുപോലെ വേട്ടക്കാരുടെ ഭീഷണിയുണ്ട്. ആനവേട്ടയ്ക്കു കനത്ത ശിക്ഷയാണു മിക്ക രാജ്യങ്ങളിലും. ആനക്കൊമ്പ് വ്യാപാരം ഇന്ത്യയിൽ ഉൾപ്പെടെ നിരോധിച്ചിട്ടുമുണ്ട്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിന്റെ റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി ഏറ്റവുമധികമുള്ള മൃഗങ്ങളുടെ പട്ടികയിലും ആഫ്രിക്കൻ ആനയുണ്ട്.