ആ വെളിച്ചവും സുഖപ്രദമാണ്, അത് അനുഭവിച്ചറിയണം!,  Mobile phone use, in children, Padhippura, Manorama Online

ആ വെളിച്ചവും സുഖപ്രദമാണ്, അത് അനുഭവിച്ചറിയണം!

എം കെ

അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം. ടിവി സ്ക്രീനിലെ സിനിമാദൃശ്യങ്ങൾക്കടിയിലൂടെ ഒഴുകിപ്പോകുന്ന വാർത്താശകലം വായിച്ചു മകൻ ഉറക്കെ വിളിച്ചു ചോദിച്ചു. അച്ഛന് അക്കിത്തം എന്നയാളെ അറിയുമോ. അറിയും . എന്തേ? ഒന്നുമില്ല. അയാൾക്ക് ഏതോ അവാർഡ് കിട്ടിയ വാർത്ത ടിവിയിൽ‌ എഴുതികാണിക്കുന്നുണ്ട്. കേലായിൽ നിന്നു എഴുന്നേറ്റുവന്നു വാർത്താ ചാനൽ വച്ചുനോക്കി. ശരിയാണ്. പ്രിയകവി അക്കിത്തം അച്യുതൻ നമ്പൂതിരി സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നു. ജീവചരിത്രവും അഭിമുഖവുമെല്ലാമായി മലയാളത്തിന്റെ മഹിതരൂപങ്ങൾ.അഭിമാനപൂരിതമായ മനസ്സോടെ, കവിത രസിക്കാത്ത മകനെ ഇടം കണ്ണിട്ടുനോക്കി. പക്ഷേ, അവൻ ഇരുന്നിരുന്ന കസേര ശൂന്യം. കണ്ടുകോണ്ടിരുന്ന സിനിമ പാതിവഴിയിൽ മുടങ്ങിയതിലുള്ള നീരസവുമായി മകൻ എപ്പോഴോ എഴുന്നേറ്റുപോയിരുന്നു.

ആറാം ക്ലാസ്സിൽ പഠിക്കുന്ന മകൻ അക്കിത്തത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചോ കേട്ടിട്ടുപോലുമില്ലെന്ന സത്യത്തിൽ വിഷമം തോന്നി. പഠിച്ചത് മറന്നുപോയതായിരിക്കുമോ. അവന്റെ മലയാള പാഠപുസ്തകം തപ്പിയെടുത്തു പേജുകൾ മറിച്ചുനോക്കി.ഇല്ല. അക്കിത്തത്തിന്റെ കവിതയൊന്നും പഠിക്കാനില്ല. വയലാർ രാമവർമ, വൈലോപ്പിള്ളി, കുമാരനാശാൻ, കടമ്മനിട്ട, പി.ഭാസ്കരൻ എന്നിവരുടെ കവിതകളാണ് ഉള്ളത്.അപ്പോൾ മകനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നു സമാധാനിച്ചു.

മലയാള സാഹിത്യതറവാട്ടിലേക്ക് മുൻപ് ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവന്ന എസ്.കെ.പൊറ്റെക്കാട്, തകഴി എന്നിവരുടെ രചനകൾ പാഠപുസ്തകത്തിൽ കണ്ടത് ആശ്വാസമായെങ്കിലും സ്കൂൾ കുട്ടികൾക്ക് മലയാളസാഹിത്യത്തോട് വേണ്ടത്ര താൽപര്യം ഇല്ലെന്ന സന്ദേഹം ബാക്കി. പ്രത്യേകിച്ച് കവിതകളോട്.

കവിതകൾ ഈണത്തിൽ ചൊല്ലി പഠിക്കുന്ന രീതിയെല്ലാം പഴഞ്ചനായല്ലോ. ഇപ്പോൾ ഗദ്യവും പദ്യവുമെല്ലാം മനസ്സിൽ വായിച്ചു പഠിക്കുന്നതാണ് മിക്കകുട്ടികളുടെയും സ്റ്റൈൽ. പുസ്തകത്തിലേക്കു കണ്ണുതുറന്നുവച്ച് അക്ഷരങ്ങൾ നോക്കി അങ്ങനെയിരിക്കും. അതിനിടയിൽ മനസ്സ് പല കുമാർഗങ്ങളിലൂടെയും ഓടിയിട്ടുണ്ടാകും. ക്ലാസ് മുറികളിൽ കവിതകൾ ഈണത്തിൽ‌ ചൊല്ലി പഠിപ്പിക്കാൻ അധ്യാപകർ പലരും തയാറാകാത്തതും കുട്ടികൾക്ക് കവിതകളോട് ഇഷ്ടം കൂടാനുള്ള അവസരം ഇല്ലാതാക്കുന്നുണ്ട്. ഭാഷയുടെ മഹിതരാഗമാണ് കവിതകൾ. ജി.ശങ്കരക്കുറുപ്പും ഒഎൻവിയും ജ്ഞാനപീഠം നേടിയത് വിശേഷപ്പെട്ട കവനശേഷിയിലാണ്. അവസാനമിതാ അക്കിത്തവും. ഇവരെപോലുള്ള മഹാന്മാരെയും അവരുടെ കൃതികളെയും കുട്ടികൾ പഠിക്കണം.

ഭാവനയുടെ മഹാവെളിച്ചം കൊണ്ട് നമ്മുടെ ശ്രേഷ്ഠ സംസ്കൃതിയെ പ്രകാശമാനമാക്കിയവരെ പുതുതലമുറ അറിയാതെ പോകരുത്. ആ വെളിച്ചവും സുഖപ്രദമാണ്. അത് അനുഭവിച്ചറിയണം.

Summary: Poet Akkitham Achuthan Namboothiri