അലക്സാൻഡ്രയുടെ ജ്യൂസ് കട ചരിത്രമായതിങ്ങനെ!

ശ്രീപ്രസാദ്

അലക്സാൻഡ്രയുടേത് ഒരു കുഞ്ഞുജീവിതമായിരുന്നു. 8–ാം വയസിൽ തീർന്നുപോയത്. പക്ഷേ, അവൾ തെരുവിലെ ഒരു ജ്യൂസ് കടയ്ക്കു മുന്നിൽ കൊളുത്തിവച്ച കാരുണ്യത്തിന്റെ നാളം ലോകത്തിനാകമാനം പ്രകാശമായിത്തീർന്നു. കാൻസർ എന്ന മഹാവ്യാധിക്കെതിരെ അലക്സാൻഡ്ര സ്കോട്ട് നടത്തിയ പോരാട്ടം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പത്തു ലക്ഷം ഡോളറാണ് കാൻസർ ചികിൽസാ ഗവേഷണങ്ങൾക്കും രോഗ ബാധിതരായ കുട്ടികൾക്കുമായി തന്റെ ചുരുങ്ങിയ ജീവിതകാലത്തിനിടെ അലക്സാൻഡ്ര സമാഹരിച്ചത്. കരുണാദ്രവും ധീരവും നേതൃപാടവം നിറഞ്ഞതുമായിരുന്നു അവളുടെ കുഞ്ഞുജീവിതം.

1996ൽ മാഞ്ചസ്റ്ററിലാണ് അലക്സാൻഡ്ര ജനിച്ചത്. നന്നേ ചെറുപ്പത്തിൽ അവളുടെ ശരീരത്തിൽ ഒരു ട്യൂമർ കണ്ടെത്തി. ഡോക്ടർമാർ അതു നീക്കം ചെയ്തെങ്കിലും ഒരു വയസു പൂർത്തിയാകുന്നതിനു രണ്ടു ദിവസം മുൻപ് മറ്റൊരു മാരക രോഗം ആ കുഞ്ഞുശരീരത്തിൽ കണ്ടെത്തി. തലച്ചോറിലെ നാഡിവ്യൂഹങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്ന ആ കാൻസർ പക്ഷേ, അലക്സാൻഡ്രയുടെ പോരാട്ടത്തിനു തിരികൊളുത്തുകയായിരുന്നു.

ചികിൽസയുടെ സൗകര്യത്തിനായി അലക്സാൻഡ്രയും കുടുംബവും പെനിസിൽവാനിയയിലേക്ക് കുടിയേറി. ചികി‍ൽസയുമായി കഴിയുമ്പോൾ നാലാം പിറന്നാളിന് അവൾ അമ്മയോട് ഒരു ആഗ്രഹം പറഞ്ഞു. ‘വഴിവക്കിൽ എനിക്കൊരു ജ്യൂസ് കട(ലെമണേഡ് സ്റ്റാൻഡ്) തുടങ്ങണം. അതിൽ നിന്നുള്ള വരുമാനം കാൻസർ ബാധിച്ച മറ്റു കുട്ടികളുടെ ചികിൽസയ്ക്കായി എന്നെ ചികിൽസിച്ച ഡോക്ടർമാർക്കു നൽകണം’. കുടുംബത്തിന്റെ സഹായത്തോടെ അവൾ തുടങ്ങിയ ജ്യൂസ് കട പിന്നെ ചരിത്രമായിരുന്നു. ആ കടയ്ക്കു മുന്നിൽനിന്നു കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാൻ അവൾ ഏവരെയും ക്ഷണിച്ചു.

ദിവസങ്ങൾ പോകേ ഒരു നാടുതന്നെ ആ മുന്നേറ്റം ഏറ്റെടുത്തു. ഒരുപാടുപേർ സംഭാവനയുമായി എത്തി. രാജ്യമാകെ കുട്ടികളുടെ കാൻസർ ചികിൽസയ്ക്കുള്ള ഗവേഷണങ്ങളും ചൂടുപിടിച്ചു. രോഗം തളർത്തിക്കൊണ്ടിരുന്ന കുഞ്ഞുശരീരവും താങ്ങി അവൾ എല്ലാ ദിവസവും ആ ജ്യൂസ് കടയ്ക്കു മുന്നിൽ നിന്നു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അലക്സാൻഡ്രയുടെ കഥ കാൻസറിനെതിരെയുള്ള പോരാട്ടത്തിനു പ്രചോദനമായി ലോകമാകെ പടർന്നുപിടിച്ചു. 2004ൽ അലക്സാൻഡ്ര മരിച്ചെങ്കിലും ലെമണേഡ് സ്റ്റാൻഡ് ഫൗണ്ടേഷനിലൂടെ അവളുടെ ദൗത്യം കുടുംബാംഗങ്ങൾ ഇന്നും തുടരുകയാണ്.