ബഹിരാകാശ സഞ്ചാരികളുടെ ആഹാരമായ ആൽഗ!

ശ്രീരംഗം ജയകുമാർ

ഹരിതസസ്യങ്ങളെ പ്രധാനമായി ആൽഗകൾ(Algae), ബ്രയോഫൈറ്റുകൾ (Bryophytes), റ്റെറിഡോഫൈറ്റുകൾ (Pteridophytes), ജിമ്നോസ്പേമുകൾ (Gymnosperms), ആൻജിയോസ്പേമുകൾ (Angiosperms) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. ഭൂമിയുടെ മൂന്നിലൊന്നു മാത്രമുള്ള കരയിലെ പ്രധാന സസ്യങ്ങൾ സപുഷ്പികൾ (Angiosperms) ആണെങ്കിൽ ബാക്കി മൂന്നിൽരണ്ടു വരുന്ന കടലിലെയും മറ്റ് ജലാശയങ്ങളിലെയും സസ്യലോകം പ്രധാനമായും ആൽഗകൾ അഥവാ പ്ലവഗ സസ്യങ്ങളാണ്. കരയിലെ സസ്യങ്ങളെപ്പോലെ ആൽഗകളുടെ ശരീരത്ത് സൈലം, ഫ്ലോയം തുടങ്ങിയ സംവഹന കലകൾ ഇല്ല. അവയുടെ ശരീരത്തെ വേര്, കാണ്ഡം, ഇല എന്നിങ്ങനെ വേർതിരിക്കാനാവില്ല. നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ഏകകോശ ആൽഗകൾ മുതൽ കരയിലെ ഏറ്റവും വലിയ മരങ്ങളെക്കാൾ വിസ്തൃതിയിൽ കടലിൽ വ്യാപിച്ചിരിക്കുന്ന ആൽഗകൾ വരെയുണ്ട്.

വർഗീകരണം
കരയിലെ സസ്യങ്ങളിലെപ്പോലെ പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്ന ഹരിതകം എന്ന വർണവസ്തു (Pigment) എല്ലാ ആൽഗകളിലുമുണ്ട്. ഹരിതകം കൂടാതെ മറ്റ് പല വർണകങ്ങളും ആൽഗകളിൽ കാണാം. ആ വര്‍ണകങ്ങളുടെ അടിസ്ഥാനത്തിലാണ് ആൽഗകളെ പ്രധാനമായും വർഗീകരിച്ചിരിക്കുന്നത്. ഹരിത വർണകങ്ങൾ മാത്രം കാണുന്ന വിഭാഗമാണ് പച്ച ആൽഗകൾ അഥവാ ക്ലോറോഫൈറ്റ്സ്. ബ്രൗൺ വർണകമായ ഫ്യൂകോസാന്തിൻ ഉള്ളവയെ ബ്രൗൺ ആൽഗകൾ അഥവാ ഫയോഫൈറ്റ്സ് എന്നും ചുവന്ന വർണകമായ ഫൈകോഎറിത്രിൻ കാണപ്പെടുന്നവയെ ചുവന്ന ആൽഗകൾ അഥവാ റോഡോ ഫൈറ്റ്സ് എന്നും വിളിക്കുന്നു. പ്രകാശസംശ്ലേഷണത്തിൽ ഉള്ള കഴിവ് ആൽഗകളെ കുളവും, നദികളും, സമുദ്രങ്ങളും ഉൾപ്പെടെയുള്ള ജല ആവാസവ്യവസ്ഥകളിലെ പ്രധാന ഉൽപ്പാദകരാക്കി മാറ്റിയിട്ടുണ്ട്.

ആൽഗകളുടെ പ്രാധാന്യം
കാർബൺ ഡയോക്സൈഡും ജലവും ഉപയോഗിച്ച് പ്രകാശസംശ്ലേഷണ പ്രവർത്തനം നടത്തുന്ന ആൽഗകൾ ജലജീവികളുടെ അന്നദാതാക്കളാണ്. ജലജീവികളുടെ ആഹാര ശൃംഖല പലപ്പോഴും ആൽഗകളിൽ തുടങ്ങുന്നു. ജീവജാലങ്ങൾക്ക് ശ്വസിക്കാൻ ഉതകുന്ന ഓക്സിജന്റെ 30% മുതൽ 50% വരെ ആൽഗകൾ പുറത്തുവിടുന്ന ഓക്സിജൻ ആണ്. ഇന്നു നാമുപയോഗിക്കുന്ന ക്രൂഡ് ഓയിലും പ്രകൃതിവാതകവും പ്രാചീനകാലത്ത് സമുദ്രാന്തർഭാഗത്ത് പെട്ടുപോയി ഫോസിലായി മാറിയ ആൽഗകളിൽ നിന്നുകൂടി ഉണ്ടായതാണ്. ജപ്പാനും ചൈനയും കൊറിയയും ഉൾപ്പെടെയുള്ള പലരാജ്യങ്ങളും വൻതോതിൽ ആൽഗകൾ കൃഷി ചെയ്ത് ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നു. പോർഫൈറ(Porphyra), അൾവ (Ulva), ലാമിനേറിയ(Laminaria), ഉൺഡേറിയ(Undaria), സർഗാസം (Sargassum) തുടങ്ങി എഴുപതോളം ആൽഗകൾ ഭക്ഷ്യയോഗ്യമായവയാണ്. 53 മുതൽ 65 ശതമാനം വരെ മാംസ്യം ഉള്ള ക്ലോറെല്ലാ (Chlorella ) Food Supplement ആയി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല, ബഹിരാകാശ സഞ്ചാരികളുടെവരെ ആഹാരവുമാണ്.

കാലിത്തീറ്റ
ധാന്യകങ്ങളുടെയും മാംസ്യത്തിന്റേയും ഒമേഗാ ഫാറ്റുൾപ്പെടെയുള്ള സസ്യ എണ്ണകളു ടെയും സമ്പുഷ്ട ഉറവിടമായ ആൽഗകൾ പലതരത്തിലുള്ള കാലിത്തീറ്റയായും ഉപയോഗിച്ചുവരുന്നു. ഇവയിലുള്ള ബീറ്റാകരോട്ടിനുകളും ലൂട്ടിനും ഏറെ ഗുണകരമാണ് . അക്വാകൾച്ചറുകളിലും ആൽഗകളുടെ ഉപയോഗം ഒഴിവാക്കാനാവാത്തതാണ്.

സർഗാസോ കടൽ
ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് സർഗാസോ കടൽ. കപ്പലുകളുടെ ശ്മശാനഭൂമി എന്നപേരിൽ ചരിത്രത്തിൽ ഇടം പിടിച്ച ഈ ഭാഗത്ത് സർഗാസം എന്ന ബ്രൗൺ ആൽഗകൾ പടർന്നുപന്തലിച്ചു വളരുന്നു. ഭക്ഷ്യയോഗ്യമായ ആൽഗകളുടെ ഗണത്തിൽപ്പെടുന്നതാണ് ഈ ആൽഗ.

ആൽഗ കൃഷി
സൂക്ഷ്മ ആൽഗകളെ വൻതോതിൽ കുളങ്ങളിലും പ്രകാശ ജൈവ റിയാക്ടറുകളിലും(Photobioreactor) കൃഷി ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് കാർബൺഡയോക്സൈഡ് നൽകിക്കൊണ്ടിരുന്നാൽ മതി. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴും മറ്റ് ജൈവരാസപ്രവർത്തനങ്ങളിലൂടെയും ബഹിർഗമിക്കുന്ന ഹരിതഗൃഹ വാതകമായ കാർബൺഡയോക്സൈഡ് ഇങ്ങനെ ഉപയോഗിക്കുകവഴി പരിസ്ഥിതി മലിനീകരണം കുറയ്ക്കാമെന്ന മെച്ചവുമുണ്ട്. സമുദ്രവാസികളായ ആൽഗകളെ കടൽത്തീരത്തോടടുപ്പിച്ചു വളർത്തിയെടുക്കാം. മറ്റേതൊരു സസ്യങ്ങളെക്കാളും പ്രജനനശേഷി കൂടുതലുള്ളവയാണ് ആൽഗകൾ എന്നതുകൊണ്ടുതന്നെ ആദായകരമായി ഇവ കൃഷി ചെയ്യാം.

ഭക്ഷ്യവസ്തുക്കളിൽ
കടലിലെ ആൽഗകളുടെ കോശഭിത്തിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഫൈകോ കൊളോയിഡുകൾ (Phycocolloids) ആയ ആൽജിനേറ്റുകൾ, കരാജീനുകൾ, അഗറുകൾ തുടങ്ങിയവ കേക്കുകൾ, ഡെയറി ഉത്പന്നങ്ങൾ, ഐസ്ക്രീമുകൾ, സിറപ്പുകൾ, കാൻഡി ബാറുകൾ, ടിന്നിലടച്ച ആഹാരപദാർഥങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, മരുന്നുകൾ ഇവയിലൊക്കെ ഉപയോഗിച്ചുവരുന്നുണ്ട്. ഒട്ടേറെ ധാതുലവണങ്ങൾ അടങ്ങിയ കടലിലെ ആൽഗകൾ കർഷകർ വളമായും ഉപയോഗിക്കുന്നു. ഇവ നൈട്രജൻ സമ്പുഷ്ടമാണ്.

മസ്തിഷ്കത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ശരിയായ പ്രവർത്തനത്തിനും ആവശ്യമായതും, ശരീരത്തിന് ഏറെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ തളയ്ക്കാൻ ഉതകുന്നതുമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയായി ചില ആൽഗകളുണ്ട്. ഇപ്പോൾ മത്സ്യങ്ങളെ ആണ് ഒമേഗാ ത്രീ ഫാറ്റി ആസിഡിനായി പ്രധാനമായി ആശ്രയിക്കുന്നത് എങ്കിലും, മത്സ്യസമ്പത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ്, ഒമേഗാ ഫാറ്റിനായി ആൽഗകളിലേക്ക് ശ്രദ്ധതിരിക്കാൻ ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചു കഴിഞ്ഞു. Crypthecodinium, Ulkenia, Schizochytrium എന്നിവ ഈ വിഭാഗത്തിൽപ്പെടുന്ന ആൽഗകൾക്ക് ഉദാഹരണമാണ്.

ഭക്ഷ്യ എണ്ണ
ഒലിവെണ്ണ, കപ്പലണ്ടി എണ്ണ, സൂര്യകാന്തി എണ്ണ ഇവയൊക്കെപോലെ ആൽഗകളിൽ നിന്ന് ഭക്ഷ്യഎണ്ണ സംസ്കരിച്ചെടുക്കാം. സൂക്ഷ്മ ആൽഗകളിൽ ഇത്തരം അപൂരിത എണ്ണയുടെ വൻശേഖരം ഉണ്ട്. കൃഷിക്ക് യോജ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും ഇത്തരം ആൽഗകൾ വൻതോതിൽ വളർത്താം. സസ്യ എണ്ണകൾക്കൊപ്പം മാംസ്യവും ധാന്യകവും ഇവയിൽനിന്ന് ഉത്പാദിപ്പിക്കാം. ഇത്തരം ആൽഗകളുടെ ജലരഹിത ശരീരഭാരത്തിന്റെ (Dry Weight) 35 ശതമാനത്തിലേറെ വരെ എണ്ണ ലഭ്യമായേക്കാം.

ഇന്ധനം ഉണ്ടാക്കാം
ഉറവ വറ്റുന്ന ഫോസിൽ ഇന്ധനങ്ങൾ ആയ പെട്രോളിനും ഡീസലിനും പകരക്കാരനെ തേടുന്ന ശാസ്ത്രലോകത്തിനു മുന്നിൽ മലിനീകരണം ഇല്ലാത്തതും വിഷ രഹിതവുമായ ജൈവ ഇന്ധനം പ്രദാനം ചെയ്യാനുള്ള ആൽഗകളുടെ കഴിവ് പുതിയ സാധ്യതകൾ തുറന്നിടുന്നു. ആൽഗൽ കൊഴുപ്പിൽ നിന്നും ഗ്ലിസറിൻ നീക്കംചെയ്തു ജൈവ ഡീസൽ ഉണ്ടാക്കാം. വിമാന ഇന്ധനമായ ഏവിയേഷൻ ഓയിലിന് ഒപ്പംപോലും ആൽഗകളിൽ നിന്നുണ്ടാക്കിയ ബയോജറ്റ് ഇന്ധനം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. വാഹനങ്ങളിൽ എഥനോൾ - ഗ്യാസോലിൻ മിശ്രിതം ഇന്ധനമായി ഉപയോഗിച്ചുവരുന്നു. ജനിതക രൂപാന്തരം വരുത്തിയ ആൽഗകൾ ഉപയോഗിച്ച് വൻതോതിൽ എഥനോൾ ഉത്പാദിപ്പിക്കാൻ കഴിയും.

ആൽഗൽ ബ്ലൂം
ഒരു നിശ്ചിത ഭാഗത്തുണ്ടാകുന്ന ആൽഗകളുടെ ദ്രുതവളർച്ചയാണ് ആൽഗൽ ബ്ലൂം. നീലഹരിത ആൽഗകൾ ബ്ലൂം ഉണ്ടാക്കുന്ന ഒരിനമാണ്. ജലാശയത്തിന്റെ ഉപരിതലത്തിൽ വർണവ്യത്യാസം സൃഷ്ടിക്കുന്ന ഇത്തരം ആൽഗൽ ബ്ലൂമുകളെ തുടർന്ന് ഒട്ടേറെ വിഷപദാർഥങ്ങൾ ജലത്തിൽ കലരും. ഇത് ജലജീവികൾക്ക് മാത്രമല്ല മനുഷ്യനുപോലും ഹാനികരമാണ്. നാഡീവ്യൂഹം, കരൾ, ചർമം, പേശികൾ തുടങ്ങിയ ഭാഗങ്ങളെ ബാധിക്കാം. ഹൃദ്രോഗം, തളർച്ച, ഛർദി തുടങ്ങിയവയുമുണ്ടാകാം.

ഇത്തരത്തിൽ ദ്രുതവളർച്ച കാണിക്കുന്ന ഹാനികരമായ ഒരാൽഗയാണ് മൈക്രോസിസ്റ്റിസ്(Microcystis). അപകടകരമായ ഇത്തരം ആൽഗൽ ബ്ലൂമുകൾ അടുത്തകാലത്ത് കൂടിവരുന്നു. ഡിറ്റർജന്റുകളും, രാസവളങ്ങളും, ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ജലാശയങ്ങളെ വൻതോതിൽ മലിനമാക്കിക്കൊണ്ടിരിക്കുന്നതിന്റെ അനന്തരഫലമാണ് വർധിച്ചുവരുന്ന ഈ പ്രതിഭാസം.